ഓഹരികള്‍ വിറ്റഴിച്ച് വിദേശ നിക്ഷേപകര്‍; കൂടുതല്‍ ആഘാതം ഐടി കമ്പനികള്‍ക്ക്, ഇനിയും തുടരുമോ?
കഴിഞ്ഞമാസം മാത്രം വിദേശ നിക്ഷേപകര്‍ 5.15 ബില്യണ്‍ ഡോളറിന്റെ ഓഹരികളാണ് വിറ്റഴിച്ചത്
ഓഹരി വിപണിയെ മുന്നോട്ടുനയിക്കുന്നതില്‍ പ്രധാനികളാണ് വിദേശ നിക്ഷേപകര്‍. കോവിഡിന്റെ തുടക്കത്തില്‍ ഓഹരി വിപണി താഴേക്ക് പതിച്ചപ്പോള്‍ പിന്നീടുള്ള തിരിച്ചുവരവിന് വേഗം കൂട്ടിയതും വിദേശ ഫണ്ടുകളുടെ ഒഴുക്കാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചുനാളുകളായി ഇന്ത്യന്‍ ഓഹരി വിപണിയില്‍നിന്ന് മുഖം തിരിഞ്ഞുനില്‍ക്കുകയാണ് വിദേശ നിക്ഷേപകര്‍. കഴിഞ്ഞമാസം മാത്രം ഈ വിഭാഗം 5.15 ബില്യണ്‍ ഡോളറിന്റെ ഓഹരികളാണ് വിറ്റഴിച്ചത്. ഇവയില്‍ ഏറ്റവും കൂടുതല്‍ ആഘാതം നേരിട്ടത് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐടി) കമ്പനികളാണ്. ഐഐഎഫ്എല്‍ സെക്യൂരിറ്റീസിന്റെ കണക്കുകള്‍ പ്രകാരം 2 ബില്യണ്‍ ഡോളറിന്റെ ഐടി ഓഹരികളാണ് മെയ് മാസത്തില്‍ വിദേശ നിക്ഷേപകര്‍ വിറ്റഴിച്ചത്.
ഐടി മേഖലയ്ക്ക് പിന്നാലെ വിദേശ നിക്ഷേപകരില്‍നിന്ന് ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടത് ബാങ്കിംഗ് & ഫിനാന്‍സ്, എഫ്എംസിജി മേഖലയാണ്. യഥാക്രമം ഈ കമ്പനികളുടെ 1.55 ബില്യണ്‍ ഡോളര്‍, 660 മില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓഹരികളാണ് വിദേശ നിക്ഷേപകര്‍ കഴിഞ്ഞമാസം വിറ്റത്. ഓയ്ല്‍, ഗ്യാസ് വിഭാഗത്തില്‍ 460 മില്യണ്‍ ഡോളറിന്റെ ഓഹരികളും വിറ്റഴിച്ചു.
ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസ്, ടെക്‌നോളജി മേഖലകളില്‍ കുറച്ചുകാലമായി കനത്ത വില്‍പ്പനയാണ് നടക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ 10.34 ബില്യണ്‍ ഡോളറിന്റെ വില്‍പ്പനയാണ് ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനികളുടെ ഓഹരികളില്‍ കണ്ടത്. ടെക്‌നോളജിയില്‍ 7.13 ബില്യണ്‍ ഡോളറിന്റെ വില്‍പ്പനയും കണ്ടു. ഐടി മേഖലയിലെ വിദേശ നിക്ഷേപം കഴിഞ്ഞ വര്‍ഷം ഡിസംബറിലെ 15.4 ശതമാനത്തില്‍ നിന്ന് മെയ് മാസം 12.7 ശതമാനമായാണ് കുറഞ്ഞത്. ജൂണ്‍-2020 ന് ശേഷമുള്ള രണ്ടാമത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്. യുഎസ് ടെക് പ്രമുഖരുടെ ഓഹരി വിലയിടിവിന്റെ അലയൊലിയായാണ് ഇന്ത്യന്‍ ഐടി ഓഹരികളിലെ വില്‍പ്പനയെ ബാധിച്ചതെന്നാണ് വിലയിരുത്തല്‍.
2020 മാര്‍ച്ചിന് ശേഷം ഇന്ത്യന്‍ ഓഹരി വിപണി കണ്ട വിദേശ നിക്ഷേപകരുടെ ഏറ്റവും മോശം വില്‍പ്പനയാണിത്. പണപ്പെരുപ്പത്തെ സംബന്ധിച്ച ആശങ്കകളാണ് വിദേശ നിക്ഷേപകര്‍ പിന്നോട്ടടിക്കാന്‍ പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ആഗോളതലത്തിലുണ്ടായ വിലക്കയറ്റവും പണപ്പെരുപ്പവും നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇതിന്റെ ഫലമായി ഈ വര്‍ഷം മാര്‍ച്ചില്‍ 36,989 കോടി രൂപയും ഫെബ്രുവരിയില്‍ 37389 കോടിയും ജനുവരിയില്‍ 35975 കോടിയുമാണ് വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍നിന്നും പിന്‍വലിച്ചത്.
വിദേശ നിക്ഷേപകര്‍ക്കൊപ്പം കഴിഞ്ഞ മാസങ്ങളില്‍ ശക്തമായ പിന്‍ബലം നല്‍കിയ റീട്ടെയില്‍ നിക്ഷേപകരും ഓഹരി വിപണി നിക്ഷേപത്തില്‍നിന്ന് പിന്‍വലിയുകയാണ്. വിദേശികള്‍ വില്‍പന തുടരുകയും ചില്ലറ നിക്ഷേപകര്‍ വിട്ടു നില്‍ക്കുകയും ചെയ്താല്‍ വിപണിക്കു വരും ദിവസങ്ങളിലും ക്ഷീണമാകും. വിദേശ വിപണികള്‍ കാണിക്കുന്ന ഉണര്‍വ് സ്ഥായിയല്ലെന്ന വിശകലനങ്ങളും വിപണിയെ ഉലയ്ക്കുന്നു. ഇന്ത്യന്‍ വിപണി 10 ശതമാനം കൂട്ടി ഇടിയാനുണ്ടെന്നാണ് ചില സര്‍വേകള്‍ അഭിപ്രായപ്പെടുന്നത്.