ഗൂഗിളിലും ആപ്പിളിലും ഇവിടെയിരുന്നു നിക്ഷേപം നടത്താം; മാര്‍ഗമുണ്ട്, അവസരങ്ങളും

ആഗോളതലത്തിലുള്ള കമ്പനികളില്‍ നിക്ഷേപിച്ച് നേട്ടമുണ്ടാക്കാന്‍ മലയാളികള്‍ക്കും അവസരമുണ്ട്. അറിയാം.

Update:2021-07-21 14:41 IST

ഗൂഗിളിലും ആപ്പിളിലും ഇവിടെയിരുന്നു നിക്ഷേപം നടത്താം; മാര്‍ഗമുണ്ട്, അവസരങ്ങളും

ആഗോളതലത്തിലുള്ള കമ്പനികളില്‍ നിക്ഷേപിച്ച് നേട്ടമുണ്ടാക്കാന്‍ മലയാളികള്‍ക്കും അവസരമുണ്ട്. അറിയാം.
യുഎസ് സ്റ്റോക്ക് മാര്‍ക്കറ്റുകള്‍, പ്രത്യേകിച്ചും വന്‍കിട ഭീമന്‍ കമ്പനികളില്‍ നിക്ഷേപം നടത്തുന്നതെങ്ങനെയെന്ന് പലരും ചിന്തിച്ചിട്ടുണ്ടാകും. FAANG ഓഹരികള്‍, അതായത്, ഫെയ്‌സ്ബുക്ക്, ആമസോണ്‍, ആപ്പിള്‍, നെറ്റ്ഫ്‌ലിക്‌സ്, ഗൂഗിള്‍ എന്നിവ ആഭ്യന്തര വിപണികള്‍ക്കപ്പുറത്ത് നിക്ഷേപ അവസരങ്ങള്‍ കൈക്കലാക്കുമ്പോള്‍ ഇന്ത്യന്‍ നിക്ഷേപകരുടെ താല്‍പര്യം വര്‍ധിപ്പിച്ചു വരുന്നതായി ദേശീയ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഇടക്കാലത്ത് ഇത്തരത്തിലുള്ള ട്രെന്‍ഡ് നിക്ഷേപ ലോകത്ത് ചര്‍ച്ചയായിട്ടുമുണ്ട്.
തെക്കേ ഇന്ത്യക്കാര്‍ക്കിടയില്‍ പോലും ആഗോള ഓഹരികളില്‍ താല്‍പര്യമേറെയാണ്. വര്‍ധിച്ച താല്‍പര്യം കണക്കിലെടുത്ത്, നിരവധി ഓണ്‍ലൈന്‍ നിക്ഷേപ പ്ലാറ്റ്‌ഫോമുകള്‍ ആഭ്യന്തര, ആഗോള ഓഹരികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയ്ക്കായി സംയോജിത പ്ലാറ്റ്‌ഫോമുകള്‍ വാഗ്ദാനം ചെയ്യാന്‍ തുടങ്ങി. ഇത് സ്റ്റോക്കുകളില്‍ വ്യാപാരം നടത്താന്‍ അവസരമൊരുക്കുകയും മുന്‍നിര യുഎസ് സ്റ്റോക്ക് മാര്‍ക്കറ്റുകളില്‍ ലിസ്റ്റുചെയ്ത ഇടിഎഫുകള്‍ വഴി എളുപ്പത്തില്‍ നിക്ഷേപിക്കാമെന്ന തലത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയും ചെയ്തിട്ടുണ്ട്.
അവസരങ്ങള്‍ ഏറെ
ഈ നൂറ്റാണ്ടിന്റെ ആദ്യമുണ്ടായ പ്രതിസന്ധിയെക്കാള്‍ എത്രയോ രൂക്ഷമാണ് ഇന്ന് ആഗോള സമ്പദ്ഘടന നേരിടുന്ന വെല്ലുവിളി. എന്നാല്‍, ആമസോണുള്‍പ്പെടുന്ന നിരവധി കമ്പനികള്‍ അതിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിപണി മൂല്യത്തിലെത്തിയത് ഈ വെല്ലുവിളിയുടെ കാലത്താണ്.
ആപ്പിള്‍, ഗൂഗിള്‍, ഫെയ്സ്ബുക്ക്, മൈക്രോസോഫ്റ്റ് തുടങ്ങിയ ടെക്നോളജി കമ്പനികളുടെ വിപണി മൂല്യവും മഹാമാരി സൃഷ്ടിച്ച അസാധാരണമായ പ്രതിസന്ധിയുടെ കാലത്ത് എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തി. ആപ്പിള്‍ രണ്ട് ലക്ഷം കോടി ഡോളര്‍ വിപണി മൂല്യത്തിലേറെ കൈവരിക്കുന്ന ആദ്യത്തെ യു.എസ്. കമ്പനി എന്ന റെക്കോഡ് സൃഷ്ടിച്ചു. കോവിഡ് കാലത്ത് സമസ്ത മേഖലകളിലെയും ഡിജിറ്റല്‍വത്കരണത്തിന് വേഗം കൂടിയത് ഈ കമ്പനികള്‍ അവിശ്വസനീയ വളര്‍ച്ച കൈവരിക്കുന്നതിനാണ് വഴിവെച്ചത്. തങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് എത്താനുള്ള ഈ കമ്പനികളുടെ പ്രയാണത്തിന് കോവിഡ് കാലം വേഗം കൂട്ടി.
യു.എസിലെ ടെക്നോളജി ഓഹരികളിലുണ്ടായ കുതിപ്പില്‍നിന്ന് നേട്ടമുണ്ടാക്കാന്‍ വിഖ്യാതരായ നിക്ഷേപകര്‍ക്ക് എത്രത്തോളം കഴിഞ്ഞിട്ടുണ്ട്? ടെക്നോളജി അതിവേഗം മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന മേഖലയാണെന്നിരിക്കെ യാഥാസ്ഥിതിക സ്വഭാവമുള്ള നിക്ഷേപകര്‍ ഈ മേഖലയെ അല്പം സംശയത്തോടെയാണ് നേരത്തെ നോക്കിക്കണ്ടിരുന്നത്. ലോകപ്രസിദ്ധ നിക്ഷേപകനും ലോകത്തിലെ അതിസമ്പന്നരില്‍ ഒരാളുമായ വാരന്‍ ബഫെറ്റ് തന്നെ ഉദാഹരണം. ആദ്യകാലത്തൊന്നും ടെക്നോളജി കമ്പനികളുടെ ഓഹരികള്‍ വാരന്‍ ബഫെറ്റ് വാങ്ങിയിരുന്നില്ല. അത് ഈ ഓഹരികള്‍ക്ക് വലിയ നേട്ടം നല്‍കാന്‍ സാധിക്കുമോയെന്ന സംശയം മൂലമായിരുന്നില്ല. ടെക്നോളജി കമ്പനികളുടെ ബിസിനസിനെ കുറിച്ച് മനസ്സിലാക്കുക എളുപ്പമല്ല എന്നതായിരുന്നു കാരണം.
തങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കാത്ത ബിസിനസുകളില്‍ നിക്ഷേപിക്കാന്‍ പോകരുത് എന്നതാണ് വാരന്‍ ബഫെറ്റിന്റെ പ്രശസ്തമായ നിക്ഷേപ മന്ത്രം. എന്നാല്‍, പിന്നീട് ടെക്നോളജി കമ്പനികളോടുള്ള നിലപാട് അദ്ദേഹം മാറ്റി. ആപ്പിളിലും ഐ.ബി.എമ്മിലും വലിയൊരു നിക്ഷേപം നടത്തിയത് അതിന്റെ ഭാഗമാണ്. അഞ്ച് വര്‍ഷം മുമ്പ് വരെയെങ്കിലും ടെക്‌നോളജി അധിഷ്ഠിത കമ്പനികളുടെ വളര്‍ച്ചയെക്കുറിച്ച് അത്ര വ്യക്തതയുണ്ടായിരുന്നില്ല ഇന്നതല്ല സ്ഥിതി.
റിസര്‍വ് ബാങ്ക് ഓഫ് ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം (എല്‍ആര്‍എസ്) പ്രകാരം, ഇന്ത്യക്കാര്‍ക്ക് ഒരു വര്‍ഷത്തില്‍ ആഗോള ഓഹരികളിലും ബോണ്ടുകളിലും 250,000 ഡോളര്‍ വരെ നിക്ഷേപിക്കാന്‍ കഴിയും. പല ഇന്ത്യന്‍ അസറ്റ് മാനേജുമെന്റ് കമ്പനികളും (എഎംസി) ഇന്ത്യയ്ക്ക് പുറത്ത് ലിസ്റ്റുചെയ്തിരിക്കുന്ന സ്ഥാപനങ്ങളുടെ ഇക്വിറ്റി, ഇക്വിറ്റി അനുബന്ധ ഉപകരണങ്ങള്‍, ഡെറ്റ് സെക്യൂരിറ്റികള്‍ എന്നിവയില്‍ നിക്ഷേപം നടത്തുന്നു. അതിനാല്‍ തന്നെ നിക്ഷേപകര്‍ക്ക് വിദേശ കമ്പനികളുമായും സമ്പദ്വ്യവസ്ഥകളുമായും ഇടപെടാനുള്ള വാതിലുകളാണ് അന്താരാഷ്ട്ര / ആഗോള മ്യൂച്വല്‍ ഫണ്ടുകള്‍ തുറന്നിടുന്നത്.
നിക്ഷേപ മാര്‍ഗങ്ങള്‍
നിരവധി പ്ലാറ്റ്‌ഫോമുകള്‍ ഇന്ന് ആഗോള കമ്പനികളില്‍ നിക്ഷേപ സാധ്യതയൊരുക്കുന്നു. ചില ഉദാഹരണങ്ങള്‍ പറയാം.
സ്റ്റോക്കല്‍
ഇന്ത്യയില്‍ നിന്നും മിഡില്‍ ഈസ്റ്റില്‍ നിന്നുമുള്ള നിക്ഷേപകരെ യുഎസ് ലിസ്റ്റുചെയ്ത കമ്പനികളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്ന സര്‍വീസ് പോര്‍ട്ടലാണ് സ്‌റ്റോക്കല്‍. നിരവധി ഇന്ത്യന്‍ ഡിജിറ്റല്‍ സ്റ്റോക്ക് ബ്രോക്കിംഗ്, മ്യൂച്വല്‍ ഫണ്ട് പ്ലാറ്റ്ഫോമുകളുമായി ടൈ അപ് ഉള്ള ആഗോള നിക്ഷേപ പ്ലാറ്റ്ഫോമാണിത്.
സ്‌ക്രിപ്‌ബോക്‌സ്
സ്‌റ്റോക്കലുമായി സഹകരിച്ച് യുഎസ് ഇക്വിറ്റി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകള്‍ ഇതിനകം തന്നെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ വാഗ്ദാനം ചെയ്യുന്ന ഡിജിറ്റല്‍ വെല്‍ത്ത് മാനേജ്മെന്റ് സേവനമാണ് സ്‌ക്രിപ്ബോക്സ്. അടുത്തിടെ ഇവര്‍ ഇന്ത്യയില്‍ ഓഫീസ് സ്‌പേസ് തുടങ്ങുന്നതിനെക്കുറിച്ച് സൂചനകളും നല്‍കിയിരുന്നു. യുഎസ് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റുചെയ്തിട്ടുള്ള പ്രമുഖ ആഗോള കമ്പനികളുടെ ഓഹരികളിലും ഇന്‍ഡെക്‌സ് എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിലും (ഇടിഎഫ്) നിക്ഷേപിക്കാനും ഇവര്‍ ഉപയോക്താക്കളെ പ്രാപ്തരാക്കുന്നു.
എംകെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്
കഴിഞ്ഞ വര്‍ഷം, സെക്യൂരിറ്റീസ് കമ്പനിയായ എംകെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസും സ്റ്റോക്കലുമായി സഖ്യമുണ്ടാക്കി യുഎസ് ലിസ്റ്റുചെയ്ത സ്റ്റോക്കുകളിലും സെക്യൂരിറ്റികളിലും നിക്ഷേപം നടത്താന്‍ ക്ലയന്റുകളെ സഹായിക്കുന്നു.
ക്യൂബ് വെല്‍ത്ത് ആന്‍ഡ് സ്റ്റോക്കല്‍
ഫിന്‍ടെക് കമ്പനിയായ ക്യൂബ് വെല്‍ത്ത് ആന്‍ഡ് സ്റ്റോക്കല്‍ സ്റ്റോക്കലുമായുള്ള പങ്കാളിത്തം 2019 നവംബറില്‍ രൂപീകരിച്ചതാണ്. കൂടാതെ, യുഎസ് മ്യൂച്വല്‍ ഫണ്ട്, സ്റ്റോക്ക് ബ്രോക്കിംഗ് പ്ലാറ്റ്‌ഫോം കുവേര എന്നിവയുമായി യുഎസ് എസ്ഇസി രജിസ്റ്റര്‍ ചെയ്ത സാമ്പത്തിക ഉപദേഷ്ടാവ് കൂടിയാണ് ഇവര്‍.

(ഇവ ചില ഉദാഹരണം മാത്രമാണ്, മികച്ച ഓഹരി ഉപദേശകരുമായി ചര്‍ച്ച ചെയ്ത് മാത്രം നിക്ഷേപിക്കുക)


Tags:    

Similar News