ആദ്യ ദിനത്തില്‍ 18% സബ്‌സ്‌ക്രിപ്ഷന്‍, ഹ്യുണ്ടായ് ഐ.പി.ഒയ്ക്ക് നിക്ഷേപകരുടെ പ്രതികരണം ഇങ്ങനെ
ധനം അഭിപ്രായ സര്‍വേയില്‍ സമ്മിശ്ര പ്രതികരണമാണ് ഹ്യുണ്ടായ് ഐ.പി.ഒയ്ക്ക് ലഭിച്ചത്
രാജ്യം കണ്ട ഏറ്റവും വലിയ ഐ.പി.ഒയുമായാണ് കൊറിയന്‍ കാര്‍നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ ഇന്ത്യന്‍ വിഭാഗമായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ എത്തിയത്. 27,870 കോടി രൂപയുടെ സമാഹരണം ലക്ഷ്യമിട്ടുള്ള ഹ്യുണ്ടായ് ഐ.പി.ഒയ്ക്ക് ആദ്യ ദിനത്തില്‍ 18 മടങ്ങ് സബ്‌സ്‌ക്രിപ്ഷനാണ് ലഭിച്ചത്.
ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്കായി നീക്കി വച്ചതിന് 5 ശതമാനവും റീറ്റെയ്ല്‍ നിക്ഷേപകര്‍ക്കുള്ളതിന് 26 ശതമാനവും നോണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്കുള്ളതിന് 13 ശതമാനവും അപേക്ഷകള്‍ ലഭിച്ചു.
റീറ്റെയില്‍ നിക്ഷേപകര്‍ക്കായി 4.94 കോടി ഓഹരികള്‍ മാറ്റിവച്ചതില്‍ 1.3 കോടി ഓഹരികള്‍ക്ക് അപേക്ഷ ലഭിച്ചു. നോണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്കായി 2.12 കോടി ഓഹരികള്‍ നീക്കിവച്ചതില്‍ 27.66 ലക്ഷം ഓഹരികള്‍ക്കാണ് അപേക്ഷ ലഭിച്ചത്.
ജീവനക്കാര്‍ക്കുള്ള 7.78 ലക്ഷം ഓഹരികളില്‍ 6.19 ലക്ഷം ഓഹരികള്‍ക്ക് (അതായ്ത് 80 ശതമാനം) അപേക്ഷ ലഭിച്ചു. യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങള്‍ക്കായി നീക്കിവച്ചതില്‍ അഞ്ച് ശതമാനത്തിനാണ് ഇന്ന് അപേക്ഷ ലഭിച്ചത്.
ഐ.പി.ഒയ്ക്ക് മുന്നോടിയായി 225 ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് ഇന്നലെ 8,315.3 കോടി രൂപ ഹ്യുണ്ടായ് സമാഹരിച്ചിരുന്നു. ഒരു മാസത്തെ കാത്തിരിപ്പിനൊടുവിലാണ് ഹ്യുണ്ടായ് ഐ.പി.ഒയുമായി എത്തിയത്. 17ന് ഓഹരി വില്‍പ്പന അവസാനിക്കും. 18നാണ് ഓഹരികള്‍ അലോട്ട് ചെയ്യുക. 22ന് ബി.എസ്.ഇയിലും എന്‍.എസ്.ഇയിലും ലിസ്റ്റ് ചെയ്യും.
ധനം അഭിപ്രായ സര്‍വേയ്ക്ക് സമ്മിശ്രപ്രതികരണം
ഹ്യുണ്ടായ് ഇന്ത്യയുടെ ഐ.പി.ഒ നിക്ഷേപവുമായി ബന്ധപ്പെട്ട് ധനം ബിസിനസ് മീഡിയ നടത്തിയ അഭിപ്രായ സര്‍വേയ്ക്ക് വായനക്കാരില്‍ നിന്ന് സമ്മിശ്രപ്രതികരണമാണ് ലഭിച്ചത്. ഹ്യുണ്ടായ് ഇന്ത്യയുടെ ഐ.പി.ഒ നിക്ഷേപം ഗുണകരമാകുമെന്ന് കരുതുന്നുണ്ടോ? എന്നതായിരുന്നു ചോദ്യം.പങ്കെടുത്ത 43 ശതമാനം പേര്‍ ഗുണകരമാകുമെന്ന മറുപടി തിരഞ്ഞെടുത്തപ്പോള്‍ 45 ശതമാനം പേര്‍ ഗുണകരമാകില്ല എന്നാണ് രേഖപ്പെടുത്തിയത്. 12 ശതമാനം പേര്‍ അഭിപ്രായമില്ലെന്നും രേഖപ്പെടുത്തി.