വരുന്നൂ 50 പുത്തന്‍ അമൃത് ഭാരത് തീവണ്ടികള്‍; കണ്ണുംനട്ട് കേരളവും

2023 ഡിസംബര്‍ 30നാണ് രണ്ട് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ എത്തിയത്

Update: 2024-02-20 09:24 GMT

Image courtesy: canva

ദര്‍ഭംഗ-അയോധ്യ-ആനന്ദ് വിഹാര്‍ ടെര്‍മിനല്‍, മാള്‍ഡ ടൗണ്‍-സര്‍ എം. വിശ്വേശ്വരയ്യ ടെര്‍മിനസ് (ബംഗളൂരു) എന്നിവയെ ബന്ധിപ്പിക്കുന്ന രണ്ട് അമൃത് ഭാരത് ട്രെയിനുകള്‍ (അമൃത് ഭാരത് എക്സ്പ്രസ്) അവതരിപ്പിച്ചതിന് പിന്നാലെ ഇത്തരം 50 പുതിയ ട്രെയിനുകള്‍ക്ക് കൂടി അനുമതി പ്രഖ്യാപിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.

2023 ഡിസംബര്‍ 30നാണ് രണ്ട് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ എത്തിയത്. മികച്ച പ്രതികരണമാണ് ഇതിന് ലഭിച്ചതെന്നും ഇതേ തുടര്‍ന്നാണ് 50 പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ അനുവദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലും തിരക്കേറെയുള്ള റൂട്ടുകളില്‍ അമൃത് ഭാരത് ട്രെയിന്‍ റെയില്‍വേ എത്തിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമൊന്നും ആയിട്ടില്ല.

സൗകര്യങ്ങളേറെ

എയര്‍കണ്ടീഷന്‍ ചെയ്യാത്ത കോച്ചുകള്‍ ഉള്ള ലിങ്ക് ഹോഫ്മാന്‍ ബുഷ് (എല്‍.എച്ച്.ബി) പുഷ്-പുള്‍ ഡിസൈനുള്ള അതിവേഗ പാസഞ്ചര്‍ ട്രെയിനുകളാണ് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍.  മുന്നിലും പിന്നിലും എന്‍ജിനുകളുണ്ട്. ട്രെയിന്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോഴും നിറുത്തുമ്പോഴും സാധാരണയായി അനുഭവപ്പെടുന്ന ജെര്‍ക്കിംഗ് ഇഫക്റ്റ് വളരെ കുറവാണ്. ഇത് സുഗമമായ യാത്ര വാഗ്ദാനം ചെയ്യുമെന്ന് റെയില്‍വേ പറയുന്നു.

കൂടാതെ സ്ലൈഡിംഗ് വിന്‍ഡോകള്‍, ഡസ്റ്റ് സീല്‍ ചെയ്ത വിശാലമായ ഗാംഗ്‌വേകള്‍, ടോയ്ലറ്റുകളിലും ഇലക്ട്രിക്കല്‍ ക്യൂബിക്കിളുകളിലും എയറോസോള്‍ അടിസ്ഥാനമാക്കിയുള്ള അഗ്‌നിശമന സംവിധാനം, എമര്‍ജന്‍സി ഡിസാസ്റ്റര്‍ മാനേജ്മെന്റ് ലൈറ്റ്, ഫ്‌ലോര്‍ ഗൈഡ് ഫ്‌ലൂറസെന്റ് സ്ട്രിപ്പുകള്‍, എല്‍.ഡബ്ല്യു.എസ് കോച്ചുകള്‍ക്കുള്ള ബെഞ്ച്-ടൈപ്പ് ഡിസൈന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇവയെല്ലാം യാത്രക്കാര്‍ക്ക് മെച്ചപ്പെടുത്തിയതും സുരക്ഷിതവുമായ യാത്രാനുഭവം ഉറപ്പാക്കുന്നു.

Tags:    

Similar News