നിക്ഷേപം നിമിഷങ്ങള്‍ക്കകം മൂന്നിരട്ടിയായി, പരസ് ഡിഫന്‍സ് സബ്‌സ്‌ക്രൈബേഴ്‌സിന് സുവര്‍ണനേട്ടം

കമ്പനിയുടെ മൂല്യം 1,945.13 കോടി രൂപയായും ഉയര്‍ന്നു

Update: 2021-10-01 09:54 GMT

പരസ് ഡിഫന്‍സ് ആന്റ് സ്‌പേസ് ടെക്‌നോളജീസിന്റെ ഐപിഒയില്‍ ഓഹരികള്‍ ലഭിച്ച സബ്‌സ്‌ക്രൈബേഴ്‌സിന് സുവര്‍ണനേട്ടം. ഇഷ്യു വിലയില്‍ നിന്ന് 171.42 ശതമാനം വര്‍ധനവോടെയാണ് പാരസ് ഡിഫന്‍സ് സ്‌പേസ് ടെക്‌നോളജീസിന്റെ ഓഹരികള്‍ ലിസ്റ്റ് ചെയ്തത്. പ്രതിരോധ ഉപകരണ നിര്‍മ്മാതാക്കളുടെ ഓഹരികള്‍ അതിന്റെ ഇഷ്യു വിലയായ 175 രൂപയില്‍ നിന്നാണ് 171 ശതമാനത്തോളം കുതിച്ചുചാട്ടം നടത്തിയത്.

ബിഎസ്ഇയില്‍ പരസ് ഡിഫന്‍സ് സ്റ്റോക്ക് 475 രൂപയിലാണ് ലിസ്റ്റ് ചെയ്തത്. വ്യാപാരം ആരംഭിച്ച് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍, സ്റ്റോക്ക് 185 ശതമാനം വര്‍ധിച്ച് 498.75 രൂപയിലെത്തി. നിക്ഷേപകര്‍ക്ക് ഏകദേശം മൂന്നു മടങ്ങ് നേട്ടമാണ് ലഭിച്ചത്. അതേസമയം, എന്‍എസ്ഇയില്‍ 469 രൂപയില്‍ ലിസ്റ്റുചെയ്ത ഓഹരികള്‍ മിനുട്ടുകള്‍ കൊണ്ട് 492.45 രൂപയിലെത്തി. 181 ശതമാനത്തിന്റെ വര്‍ധന. അതേസമയം, ഓഹരി വില ഉയര്‍ന്നതോടെ കമ്പനിയുടെ മൂല്യം 1,945.13 കോടി രൂപയായും ഉയര്‍ന്നു.
പരസ് ഡിഫന്‍സ് ആന്റ് സ്‌പേസ് ടെക്‌നോളജീസ് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യുന്നതിന് മുമ്പേ ശ്രദ്ധേമായിരുന്നു. 304.26 തവണയാണ് ഈ കമ്പനിയുടെ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്തത്. ഇന്ത്യന്‍ ഓഹരി വിപണിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ സബ്‌സ്‌ക്രൈബ് ചെയ്ത കമ്പനിയും ഇതാണ്. 273.05 തവണ സബ്സ്‌ക്രൈബ് ചെയ്ത സലാസര്‍ ടെക്നോളജീസിന്റെ ഐപിഒയായിരുന്നു നേരത്തെ മുന്നിലുണ്ടായിരുന്നു. 248.5 തവണ സബ്‌സ്‌ക്രൈബ് ചെയ്ത അപ്പോളോ മൈക്രോ സിസ്റ്റംസാണ് ഐപിഒയില്‍ ശ്രദ്ധേയമായ മറ്റൊരു കമ്പനി.
സബ്സ്‌ക്രിപ്ഷന്റെ ആദ്യ ദിവസം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പരസ് ഡിഫന്‍സ് ആന്റ് സ്‌പേസ് ടെക്‌നോളജീസിന്റെ ഐപിഒ പൂര്‍ണമായും സബ്സ്‌ക്രൈബ് ചെയ്തിരുന്നു. പ്രതിരോധ, ബഹിരാകാശ എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിലും വികസിപ്പിക്കുന്നതിലും നിര്‍മിക്കുന്നതിലുമാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.



Tags:    

Similar News