ഐടി മേഖല: ജോലി തേടുന്നവർക്ക് നല്ല കാലം; ഓഹരി വിപണിയിൽ കമ്പനികൾക്ക് ക്ഷീണം; എന്തുകൊണ്ട്?

ഐ റ്റി കമ്പനികളിൽ കൊഴിഞ്ഞുപോക്ക് റിക്കാർഡ് നിലവാരത്തിലാകാൻ കാരണമെന്ത്? ഐ റ്റി ഓഹരി വിലകൾക്ക് എന്തു സംഭവിക്കും? ഉദ്യോഗാർത്ഥികൾക്ക് സന്തോഷിക്കാൻ വകയുണ്ടോ?

Update:2021-10-16 10:10 IST

ഓഹരി വിപണിയിൽ ബുള്ളുകൾ നിർത്തില്ലാത്ത കുതിപ്പിലാണ്. വിപണിയിലേക്കു പണവും ഒഴുകിയെത്തുന്നു. വരുന്ന ആഴ്ചകളിൽ മുഖ്യസൂചികകളെ നയിക്കുന്ന ഓഹരികളുടെ കമ്പനികൾ ഗണ്യമായ ലാഭ വർധനയോടെ രണ്ടാം പാദ റിസൽട്ടുകൾ പുറത്തുവിടും. അതു സൂചികകളെ വീണ്ടും ഉയരങ്ങളിലേക്കുയർത്തും.

വ്യാഴാഴ്ച സെൻസെക്സ് 568.9 പോയിൻ്റ് (0.94%) കയറി 61,305.95 ലും നിഫ്റ്റി 176.8 പോയിൻ്റ് (0.97%) കയറി 18,338.55 ലും ക്ലോസ് ചെയ്തു. സെൻസെക്സിൻ്റെ ആഴ്ചയിലെ നേട്ടം 1246.89 പോയിൻ്റ് (2.08%). നിഫ്റ്റി കയറിയത് 443.35 പോയിൻ്റ് (2.48%).
വ്യാഴാഴ്ച വിദേശ ഫണ്ടുകൾ 1681.6 കോടി രൂപ ക്യാഷ് വിപണിയിൽ ഓഹരികൾ വാങ്ങാൻ ഉപയോഗിച്ചു. സ്വദേശി ഫണ്ടുകൾ 1750.59 കോടിയുടെ വിൽപനക്കാരുമായി. വിദേശികൾ ഫ്യൂച്ചേഴ്സിലും ഓപ്ഷൻസിലും വലിയ അളവിൽ വാങ്ങൽ തുടർന്നു.
യൂറോപ്യൻ ഓഹരികൾ വ്യാഴാഴ്ച ഒരു ശതമാനത്തിലേറെ ഉയർന്നാണു ക്ലോസ് ചെയ്തത്. യുഎസ് സൂചികകൾ 1.7 ശതമാനം ഉയർന്നു. മോർഗൻ സ്റ്റാൻലിയുടെയും സിറ്റി ബാങ്കിൻ്റെയും റിസൽട്ട് മികച്ചതായതും ആപ്പിൾ, മൈക്രോസോഫ്റ്റ് ഓഹരികളിൽ ഡിമാൻഡ് വർധിച്ചതും വളർച്ച പ്രതീക്ഷ കൂടിയതുമാണു കാരണങ്ങൾ. വെള്ളിയാഴ്ച്ച വീണ്ടും ഏഷ്യയിലും യൂറോപ്പിലും അമേരിക്കയിലും സൂചികകൾ ശരാശരി ഒന്നര ശതമാനത്തിലധികം ഉയർന്നു. യുഎസ് ഫ്യൂച്ചേഴ്‌സ് ശനിയാഴ്ചയും ഉയരത്തിലാണ്.

ഐടി റിസൽട്ട് മെച്ചം; പക്ഷേ വിപണിക്ക് ആവേശമില്ല

ഐടി കമ്പനികൾ മികച്ച റിസൽട്ട് പുറത്തിറക്കിയിട്ടും വിപണി വ്യാഴാഴ്ച അമിത ആവേശം കാണിച്ചില്ല. രാവിലെ അഞ്ചു ശതമാനം ഉയർന്ന ഇൻഫോസിസ് ഒടുവിൽ 0.38 ശതമാനം നേട്ടത്തിലാണു ക്ലോസ് ചെയ്തത്. വിപ്രാേ അഞ്ചു ശതമാനത്തിലധികവും മൈൻഡ് ട്രീ ഏഴര ശതമാനവും ഉയർന്നു. ടിസിഎസ്, എച്ച്സിഎൽ തുടങ്ങിയവ താണു.
കഴിഞ്ഞ മൂന്ന് ആഴ്ചകളിൽ രണ്ടിലും ഐടി സൂചിക താഴോട്ടായിരുന്നു. ഒരു മാസം മുമ്പുവരെ ഐടി കമ്പനികളെപ്പറ്റി വിപണിക്കുണ്ടായിരുന്ന ആവേശം ഇന്നില്ല.
പ്രമുഖ ഐടി കമ്പനികളിൽ ലാഭമെടുക്കൽ കൂടിയതു മാത്രമല്ല ഇതിനു കാരണം. കമ്പനികൾക്കു ജീവനക്കാരെ പിടിച്ചു നിർത്താൻ പറ്റുന്നില്ല എന്നതു നിക്ഷേപകരെ വല്ലാതെ അലട്ടുന്നുണ്ട്. മുമ്പ് 10-15 ശതമാനമായിരുന്നു കമ്പനികളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക്. ഇപ്പോൾ അത് 20 ശതമാനത്തിനു മുകളിലാണ്.

കൊഴിഞ്ഞുപോക്ക് ഇങ്ങനെ

വിവിധ കമ്പനികളിൽ ഒന്നാം പാദത്തിലെയും രണ്ടാം പാദത്തിലെയും കൊഴിഞ്ഞുപോക്ക് ശതമാനം ചുവടെ:
  • ടി സിഎസ് 8.6/11.9
  • ഇൻഫോസിസ് 13.9/20.1
  • വിപ്രോ 15.5/20.5
  • എച്ച്സിഎൽ. 11.8/15.7
  • കോഗ്നിസൻ്റ് 21.0/31.0
കൂടുതൽ ശമ്പളം തേടി പോകുന്നു എന്ന സാധാരണ വിശദീകരണം കൊണ്ട് തൃപ്തിപ്പെടാവുന്നതല്ല വിഷയം. തുടക്കക്കാരേക്കാൾ കൊഴിഞ്ഞു പോകുന്നത് സർവീസ് കൂടുതലുള്ളവരാണ്.

പരിചയസമ്പന്നർ വിട്ടു പോകുന്നു

മൂന്നു മുതൽ പതിനഞ്ചുവരെ വർഷം സർവീസ് ഉള്ളവരാണു വിട്ടു പോകുന്നവരിലേറെ. മിഡിൽ, സീനിയർ മിഡിൽ തസ്തികകളിൽ കൊഴിച്ചിൽ 30-40 ശതമാനം വരും. പല കാരണങ്ങൾ ഉണ്ട് കൊഴിഞ്ഞുപോക്ക് വർധിച്ചതിന്.
പരിചയസമ്പത്തുള്ള ജീവനക്കാർ ഉദ്ദേശിക്കുന്ന സാമ്പത്തിക നേട്ടം ഐടി കമ്പനികൾ നൽകുന്നില്ല എന്നത് ഒരു വിഷയമാണ്. കമ്പനിയിൽ തുടർന്നാൽ ലഭിക്കുന്ന വർധനയേക്കാൾ വളരെക്കൂടുതൽ നേട്ടം കമ്പനി മാറിയാൽ കിട്ടും.
സ്റ്റാർട്ടപ്പുകളുടെ ഓഫറുകൾ അത്യാകർഷകമാണെന്നതു മറ്റൊരു കാരണം. അവ സ്റ്റോക്ക് ഓപ്ഷനുകളും ഉയർന്ന പദവികളും നൽകുന്നു. വലിയ കമ്പനികളിൽ ആ നിലവാരത്തിലെത്താൻ ഏറെ കാലമെടുക്കും.

തുടക്കവേതനം കൂട്ടാത്തതു തിരിച്ചടിയായി

ഇതിനു മറ്റാെരു പശ്ചാത്തലവുമുണ്ട്. ഒരു കാലത്ത് ഏറ്റവും മികച്ച തുടക്കശമ്പളം ഓഫർ ചെയ്തിരുന്ന വലിയ ഐടി കമ്പനികൾ പിന്നീട് ആ നിലവാരം നില നിർത്തിയില്ല. തുടക്കവേതനം കുറഞ്ഞു നിന്നാൽ ഭാവിയിലെ ശമ്പളവും കുറഞ്ഞു നിൽക്കുമല്ലോ എന്നു കണക്കു കൂട്ടി.

ഇതു രണ്ടു പ്രശ്നങ്ങൾ സൃഷ്ടിച്ചു.

ഒന്ന്: മികച്ച സ്ഥാപനങ്ങളിൽ നിന്നുള്ള മികച്ച പ്രതിഭകൾ വലിയ ഐടി സ്ഥാപനങ്ങളെ ഉപേക്ഷിച്ചു. അഥവാ അത്തരക്കാർ ചേർന്നാൽ തന്നെ സാധ്യമായ ആദ്യ അവസരത്തിൽ കമ്പനി വിട്ടു. ഫിൻടെക് കമ്പനികളും മറ്റും അത്യാകർഷകമായ ഓഫറുകൾ നൽകുകയും ചെയ്യുന്നു.

സേവനം മോശമായി

രണ്ട്: യോഗ്യതയുള്ളവർ കുറഞ്ഞപ്പോൾ സേവനം മോശമായി. പല ഇടപാടുകാരും ഇതിൽ അസന്തുഷ്ടി പ്രകടിപ്പിക്കുന്നതായി ടെക്നോളജി മേഖലയിലെ പ്രവണതകൾ നിരീക്ഷിക്കുന്ന ഗാർട്നർ ഇൻകോർപറേറ്റഡ് പറയുന്നു. ഇൻകം ടാക്സ് പോർട്ടലിൻ്റെയും ജിഎസ്ടി നെറ്റ് വർക്കിൻ്റെയും പ്രശ്നങ്ങൾ എല്ലാവർക്കും അറിയാവുന്നതാണല്ലോ.
ഈ രണ്ടു പ്രശ്നങ്ങളും ഇന്ത്യൻ ഐടി കമ്പനികളുടെ ബിസിനസ് വളർച്ചയ്ക്ക് തടസമാകും. ഐടി കമ്പനികളിലെ താൽപര്യം പല വിദേശ ഫണ്ടുകളും ഉപക്ഷിക്കുന്നതിനു കാരണമിതാണ്.

സ്റ്റാർട്ടപ്പുകൾക്കു പെരുമഴക്കാലം

ഈ വർഷം ഇന്ത്യയിൽ സ്റ്റാർട്ടപ്പുകളുടെ പെരുമഴക്കാലമാണ്. 4900 കോടി ഡോളറാണ് വെഞ്ചർ കാപ്പിറ്റലുകാരും പ്രൈവറ്റ് ഇക്വിറ്റികളും കൂടി ജനുവരി- സെപ്റ്റംബറിൽ ഇന്ത്യയിൽ നിക്ഷേപിച്ചത്. 2020ലെ മൊത്തം നിക്ഷേപത്തേക്കാൾ 59 ശതമാനം അധികം. ഇതിൽ സിംഹഭാഗവും സ്റ്റാർട്ടപ്പുകളിൽ എത്തി. അവർ വലിയ തോതിൽ ആൾക്കാരെ റിക്രൂട്ട് ചെയ്ത് കമ്പനികളെ വികസിപ്പിച്ചു.
ഐടി കമ്പനികളിൽ നിന്നു സ്റ്റാർട്ടപ്പുകളിലേക്കു മാറാൻ ആയിരക്കണക്കിനു പേർ തയാറായി. ഇതോടെ ആൾശേഷി കുറഞ്ഞ ഐടി കമ്പനികൾ മറ്റു കമ്പനികളിൽ നിന്ന് പരിചയസമ്പന്നരെ എടുക്കുന്നതും വർധിപ്പിച്ചു. ഈ ലാറ്ററൽ റിക്രൂട്ട്മെൻ്റ് വീണ്ടും ഐടി കമ്പനികളിൽ മികവുറ്റവരുടെ ക്ഷാമം വരുത്തി.

റിക്രൂട്ട്മെൻ്റ് മേള

ഐടി കമ്പനികൾ നേരിടുന്ന ഈ പ്രതിസന്ധി മറികടക്കാൻ വലിയ തോതിലുള്ള റിക്രൂട്ട്മെൻ്റാണ് ഈ വർഷം നടത്തുന്നത്. സമീപകാലത്തെ ഏറ്റവും വലിയ റിക്രൂട്ട്മെൻ്റ് മേള ഇക്കൊല്ലം നടന്നു വരുന്നു എന്നു ചുരുക്കം. ഒപ്പം തുടക്കവേതനം ഉയർത്താനും കമ്പനികൾ തയാറായി. ഇക്കഴിഞ്ഞ രണ്ടാം പാദത്തിൽ (ജൂലൈ - സെപ്‌റ്റംബർ) മാത്രം പ്രമുഖ നാലു കമ്പനികളുടെ റിക്രൂട്ട്മെൻ്റ് 50,000-ൽ പരമായിരുന്നു. ടിസിഎസ് 19,690, ഇൻഫോസിസ് 11,664, വിപ്രോ 11,475, എച്ച്സിഎൽ 11,135 എന്ന തോതിൽ ജീവനക്കാരുടെ എണ്ണം വർധിപ്പിച്ചു.
ടിസിഎസ് ഈ വർഷം 78,000 പുതിയ ബിരുദധാരികളെ റിക്രൂട്ട് ചെയ്യുമെന്നു പ്രഖ്യാപിച്ചു. ഇൻഫോസിസ് റിക്രൂട്മെൻ്റ് ലക്ഷ്യം 35,000-ൽ നിന്ന് 40,000 ആക്കി. ഇടത്തരം കമ്പനികളും പുതിയ ബിരുദധാരികളെ എടുക്കുന്നതു വർധിപ്പിക്കുകയാണ്.

യുവാക്കൾക്കു നല്ല സമയം

ഓഹരി വിപണിയിൽ ഐടി കമ്പനികൾക്കു ക്ഷീണം നേരിടുമ്പോഴും കേരളത്തിലേതടക്കം യുവാക്കൾക്ക് ഐടി മേഖല ഇക്കൊല്ലം ആശ്വാസ മേഖലയാണ്. കോവിഡ് ദുരിതത്തിനൊടുവിൽ തൊഴിലവസരങ്ങൾ പെട്ടെന്നു വർധിക്കുന്നു. ഈ നൂറ്റാണ്ടിൻ്റെ പ്രഥമ ദശകത്തിലേതുപോലെ കുറേ വർഷം ഇതു നിലനിൽക്കുമോ എന്നേ അറിയാനുള്ളു.
ഡിജിറ്റൽ - ക്ലൗഡ് പ്രോജക്റ്റുകൾ കൈകാര്യം ചെയ്യുന്നതു മുതൽ നിർമിത ബുദ്ധിയും ഡാറ്റാ അനലിറ്റിക്സും ഫിൻ ടെക്കും വരെയുള്ള മേഖലകൾ വലിയ അവസരങ്ങളാണ് ഒരുക്കുന്നത്. കുറേ വർഷമായി അപേക്ഷകൾ അയച്ചു കാത്തിരിക്കുന്ന അവസ്ഥ ആയിരുന്നതു മാറുന്നു. കോഴ്സ് കഴിയുമ്പോഴേക്കു നിയമന ഉത്തരവ് കൈപ്പറ്റാവുന്ന അവസരമായി.
ടെക്നിക്കൽ വിദ്യാഭ്യാസം നേടുന്നവർക്ക് ഇങ്ങനെ അവസരം വർധിച്ചപ്പോൾ മറ്റു വിഷയങ്ങൾ പഠിക്കുന്നവർക്കും ആശ്വാസമുണ്ട്. ടെക്നിക്കൽ സ് ട്രീമുകാർ അവരുടെ അവസരങ്ങൾ കവർന്നെടുക്കാൻ ചെല്ലില്ല. ബാങ്കിംഗിലും ഇൻഷ്വറൻസിലും മാർക്കറ്റിംഗിലും മറ്റു സ്ട്രീമുകളിലുള്ളവർക്ക് മത്സരം കുറയും.

Tags:    

Similar News