വിപണിയില്‍ നാലാം ദിവസവും ഇടിവ്

Update: 2020-08-03 12:13 GMT

വിപണിയുടെ മുന്നേറ്റത്തിന് കാരണമായ അതേ ഓഹരികള്‍ തന്നെ ഇന്ത്യന്‍ ഓഹരി വിപണിയുടെ താഴ്ചയ്ക്കും കാരണമാകുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മുന്നേറ്റത്തില്‍ പുതിയ ഉയരങ്ങളിലേക്ക് പോയ വിപണി, ഇന്ന് റിലയന്‍സ് ഓഹരികളുടെ വില താഴേയ്ക്ക് പോയപ്പോള്‍ താഴ്ന്നു. റിലയന്‍സ്, ബാങ്കിംഗ് ഓഹരികള്‍ മങ്ങിയ പ്രകടനം കാഴ്ചവെച്ചപ്പോള്‍ സെന്‍സെക്‌സിന് ഇന്ന് നഷ്ടമായത് 667 പോയ്ന്റ്. അതായത് 1.77 ശതമാനം ഇടിഞ്ഞ് 36.940 ല്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സിലെ 30 കമ്പനികളില്‍ 24 എണ്ണവും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച് ഡി എഫ് സി ബാങ്ക്, എച്ച് ഡി എഫ് സി, ഇന്‍ഫോസിസ് എന്നിവയാണ് മോശം പ്രകടനം കാഴ്ചവെച്ച കമ്പനികള്‍. അതോടെ സൂചികകളും ഇടിഞ്ഞു.

നിഫ്റ്റി 11,000 പോയ്ന്റില്‍ നിന്ന് താഴേയ്ക്ക് പോയി. 174 പോയ്ന്റ് അഥവാ 1.57 ശതമാനം ഇടിഞ്ഞ് 10,900 ല്‍ ക്ലോസ് ചെയ്തു.

നാളെ മുതല്‍ ആരംഭിക്കുന്ന റിസര്‍വ് ബാങ്കിന്റെ പണനയ യോഗത്തിന്റെ മുന്നോടിയായി നിക്ഷേപകര്‍ ശ്രദ്ധയോടെ നീങ്ങിയതാണ് ബാങ്കിംഗ് ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദ്ദം സൃഷ്ടിച്ചത്.

ചൈനീസ് മാനുഫാക്ചറിംഗ് ഡാറ്റയുടെ മെച്ചപ്പെട്ട പ്രകടനം ആഗോളവിപണികളില്‍ പോസിറ്റീവ് ചലനം ഉണ്ടാക്കുന്നുണ്ടെങ്കിലും യൂറോപ്പിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ എച്ച്എസ്ബിസിയുടെ ബാഡ് ലോണ്‍ കണക്കുകള്‍ ബാങ്കിംഗ് ഓഹരികളുടെ വിലയിടിവിന് കാരണമായി.

സ്വര്‍ണവില പിന്നെയും റെക്കോര്‍ഡുകള്‍ ഭേദിക്കുന്ന പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. അതിനിടെ എണ്ണ വില താഴേയ്ക്ക് പോയി.

കേരള കമ്പനികളുടെ പ്രകടനം

പതിനാലോളം കേരള കമ്പനികള്‍ ഇന്ന് നിറം മങ്ങിയ പ്രകടനമാണ് കാഴ്ചവെച്ചത്. ബാങ്കിംഗ് ഓഹരികളില്‍ സിഎസ്ബി ബാങ്കും ധനലക്ഷ്മിയും നില മെച്ചപ്പെടുത്തിയപ്പോള്‍ ഫെഡറല്‍ ബാങ്കിന്റെയും സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെയും വിലകള്‍ താഴ്ന്നു.

എന്‍ബിഎഫ്‌സികളില്‍ മണപ്പുറവും മുത്തൂറ്റ് ഫിനാന്‍സും മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസും കഴിഞ്ഞ ദിവസത്തേക്കാള്‍ വില മെച്ചപ്പെടുത്തി. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ വിലയിലും ഇന്ന് മുന്നേറ്റം പ്രകടമായി. കേരള ആയുര്‍വേദയാണ് ഇന്ന് മികച്ച പ്രകടനം കാഴ്ചവെച്ച മറ്റൊരു കേരള കമ്പനി. വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സിന്റെ വിലയിലും കാര്യമായ മുന്നേറ്റമുണ്ടായി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News