ഐറ്റി ഓഹരികളുടെ കരുത്തില്‍ നേട്ടമുണ്ടാക്കി ഓഹരി വിപണി

എഫ്എസിടി വീണ്ടും മുകളിലേക്ക്. 11 കേരള കമ്പനികള്‍ നേട്ടമുണ്ടാക്കി

Update: 2021-01-11 12:09 GMT

കമ്പനികളുടെ മൂന്നാം പാദഫലങ്ങള്‍ അനുകൂല സൂചനകള്‍ ഇന്ത്യന്‍ ഓഹരി വിപണിക്ക് നേട്ടമായി. വിദേശ ഫണ്ടിന്റെ ഒഴുക്കും 2021 ബഡ്ജറ്റിനെ കുറിച്ചുള്ള ശുഭാപ്തി വിശ്വാസവും വിപണിയെ മുന്നോട്ട് നയിച്ചു. ഐറ്റി ഓഹരികളാണ് ഇന്ന് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. സെന്‍സെക്‌സ് 486.81 പോയ്ന്റ് ഉയര്‍ന്ന് 49,269.32 പോയ്ന്റിലും നിഫ്റ്റി 137.50 പോയ്ന്റ് ഉയര്‍ന്ന് 14484.80 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 1423 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1672 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 137 ഓഹരികളുടെ വിലയില്‍ മാറ്റമൊന്നുമുണ്ടായില്ല.

ടാറ്റ മോട്ടോഴ്‌സ്, എച്ച് സി എല്‍ ടെക്, ഇന്‍ഫോസിസ്, എച്ച് ഡി എഫ് സി, വിപ്രോ തുടങ്ങിയവ നേട്ടമുണ്ടാക്കി.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കിയില്ലെങ്കിലും പൊതുമേഖലാ സ്ഥാപനമായ ഫെര്‍ട്ടിലൈസേഴ്‌സ് & കെമിക്കല്‍സ് ട്രാവന്‍കൂറി (എഫ്എസിടി)ന്റെ മികവാര്‍ന്ന പ്രകടനം ശ്രദ്ധേയമായി. ജനുവരി എട്ടിന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്നനിലയിലെത്തിയ ഓഹരി വില തുടര്‍ച്ചയായ രണ്ടാം ദിവസവും 20 ശതമാനത്തോളം വര്‍ധന രേഖപ്പെടുത്തി. 14.80 രൂപയാണ് ഇന്ന് എഫ്എസിടിയുടെ ഓഹരി വില ഉയര്‍ന്നത്. 19.46 ശതമാനം. ഇതോടെ വില 90.85 രൂപയിലെത്തി. വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സിന്റെ ഓഹരി വില 9,75 രൂപ ഉയര്‍ന്ന് (9.97 ശതമാനം) 107.50 രൂപയിലും കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സിന്റേത് 1 രൂപ ഉയര്‍ന്ന് (3.42 ശതമാനം) 30.25 രൂപയിലുമെത്തി. നിറ്റ ജലാറ്റിന്‍ (2.87 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ (2.09 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (2.05 ശതമാനം) ഉള്‍പ്പടെ 11 കേരള ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.
എവിറ്റി (5.96 ശതമാനം), ഇന്‍ഡിട്രേഡ് (ജെആര്‍ജി) (5.47 ശതമാനം), ഹാരിസണ്‍സ് മലയാളം (3.42 ശതമാനം), ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (2.18 ശതമാനം) തുടങ്ങി 16 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി. അപ്പോളോ ടയേഴ്‌സിന്റെ വിലയില്‍ മാറ്റമൊന്നുമുണ്ടായില്ല.




 


Tags:    

Similar News