ഓഹരി വിപണിയില്‍ പുതിയ റെക്കോര്‍ഡ് പിറന്നു

ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്ന് സര്‍വകാല റെക്കോര്‍ഡിട്ടു

Update: 2021-09-15 12:27 GMT

ഇന്ത്യന്‍ ഓഹരി വിപണിയുടെ ദിശ ഇന്ന് വശങ്ങളിലേക്കായിരുന്നില്ല. മറിച്ച് നേരെ മുന്നോട്ടായിരുന്നു. ചരിത്രത്തില്‍ ആദ്യമായി നിഫ്റ്റി 17,500 എന്ന തലം കടന്ന് 17,519ല്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 476 പോയ്ന്റ് ഉയര്‍ന്ന് 58,723ലും ക്ലോസ് ചെയ്തു.

കേന്ദ്ര സര്‍ക്കാര്‍ ഓട്ടോ, ടെലികോം മേഖലയ്ക്കായി പ്രഖ്യാപിച്ച പദ്ധതികളും ഫെഡ് പലിശ കൂട്ടലും മറ്റും സാവധാനമേ വരൂവെന്ന ശക്തമായ സൂചനയും വിപണിയില്‍ ഇന്ന് നിക്ഷേപകരെ ഉത്തേജിപ്പിച്ചു. ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപക താല്‍പ്പര്യം പ്രകടമായിരുന്നു.

വിശാല വിപണിയും ഇന്ന് റെക്കോര്‍ഡ് പ്രകടനമാണ് പുറത്തെടുത്തത്. ബിഎസ്ഇ മിഡ് കാപും സ്‌മോള്‍കാപും സര്‍വകാല റെക്കോര്‍ഡ് കുറിച്ചു. മിഡ്കാപ് സൂചിക 0.65 ശതമാനം ഉയര്‍ന്നപ്പോള്‍ സ്‌മോള്‍കാപ് സൂചിക 0.86 ശതമാനം മുന്നേറി.

നിക്ഷേപകര്‍ ലാഭമെടുക്കാന്‍ തിടുക്കം കാട്ടിയതിനാല്‍ നിഫ്റ്റി മീഡിയ മാത്രമാണ് ഇന്ന് താഴേക്ക് പോയത്.

ടെലികോം മേഖലയിലേക്കുള്ള കേന്ദ്രത്തിന്റെ ആശ്വാസ പാക്കേജ് വോഡഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍ ഓഹരികള്‍ക്ക് മെച്ചമായി. ഏതാണ്ട് അഞ്ചു ശതമാനത്തോളം ഇവയുടെ ഓഹരി വിലകള്‍ ഉയര്‍ന്നു.
കേരള കമ്പനികളുടെ പ്രകടനം

ഇന്ന് 20 കേരള കമ്പനികളുടെ ഓഹരി വിലകള്‍ ഉയര്‍ന്നു. എട്ട് ശതമാനത്തിലേറെ ഓഹരി വില ഉയര്‍ന്ന കല്യാണ്‍ ജൂവല്ലേഴ്‌സാണ് ഇന്ന് മിന്നിതിളങ്ങിയത്. ഹാരിസണ്‍ മലയാളത്തിന്റെയും എവിറ്റി നാച്വറല്‍സിന്റെയും ഓഹരി വിലകള്‍ ആറ് ശതമാനത്തിലേറെ ഉയര്‍ന്നു.

ധനലക്ഷ്മി ബാങ്ക് ഓഹരി വില 5.49 ശതമാനം ഉയര്‍ന്നപ്പോള്‍ സി എസ് ബി ബാങ്ക് (0.08 ശതമാനം), ഫെഡറല്‍ ബാങ്ക് (1.64 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (3.01 ശതമാനം) എന്നിങ്ങനെ കേരളം ആസ്ഥാനമായുള്ള എല്ലാ ബാങ്കുകളുടെയും ഓഹരി വിലകള്‍ നേട്ടമുണ്ടാക്കി.




 


Tags:    

Similar News