എല്‍ഐസി ഐപിഒ; ചൈനീസ് നിക്ഷേപകരെ വിലക്കാന്‍ സാധ്യത
നിലവിലെ നിയമപ്രകാരം എല്‍ഐസിയില്‍ വിദേശികള്‍ക്ക് നിക്ഷേപം അനുവദനീയമല്ലെങ്കിലും ചൈനയൊഴികെയുള്ള രാജ്യങ്ങള്‍ക്ക് ഇളവ് നല്‍കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണ്.
രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ (എല്‍ഐസി) ഓഹരികള്‍ വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ ചൈനീസ് നിക്ഷേപകരെ അനുവദിക്കില്ലെന്ന് സൂചന. ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായില്ലെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കെ സര്‍ക്കാരിന്റെ മനസ്സിലിരുപ്പ് അതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
സര്‍ക്കാരിന് കീഴിലുള്ള എല്‍ഐസി രാജ്യത്തിന്റെ തന്ത്രപരമായ ആസ്തിയില്‍ ഉള്‍പ്പെടുന്നു എന്നതും ചൈനീസ് നിക്ഷേപകരെ വിലക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. രാജ്യത്തെ ലൈഫ് ഇന്‍ഷുറന്‍സ് വിപണിയില്‍ 60 ശതമാനം വിപണി പങ്കാളിത്തമുള്ള എല്‍ഐസിക്ക് 500 ശതകോടി ഡോളറിലേറെ ആസ്തിയുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്.
ഏകദേശം 12.2 ശതകോടി ഡോളര്‍ സമാഹരിക്കാനൊരുങ്ങുന്ന എല്‍ഐസി ഐപിഒയില്‍ വിദേശ നിക്ഷേപകര്‍ക്കും അവസരം നല്‍കുന്നുണ്ടെങ്കിലും ചൈനീസ് ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്കും വ്യക്തികള്‍ക്കും നിക്ഷേപിക്കാന്‍ അനുമതി നല്‍കില്ല.
നിലവിലെ നിയമപ്രകാരം എല്‍ഐസിയില്‍ നിക്ഷേപിക്കാന്‍ വിദേശികള്‍ക്ക് കഴിയില്ല. എന്നാല്‍ വിദേശ സ്ഥാപന നിക്ഷേപകര്‍ക്ക് 20 ശതമാനം വരെ ഓഹരി വാങ്ങാമെന്ന തരത്തില്‍ ഇളവ് നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചു വരികയാണ്. എന്നാല്‍ ചൈനീസ് നിക്ഷേപകര്‍ക്ക് ഇളവ് നല്‍കാനിടയില്ലെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.
കഴിഞ്ഞ വര്‍ഷം ഗല്‍വാന്‍ വാലിയില്‍ ചൈന കടന്നു കയറ്റത്തിന് ശ്രമിച്ചതിനു പിന്നാലെ തന്ത്രപ്രധന മേഖലകളിലും സ്ഥാപനങ്ങളിലുമുള്ള ചൈനീസ് നിക്ഷേപം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തി വരികയാണ്. ഇതിനു പിന്നാലെ നിരവധി ചൈനീസ് ആപ്പുകള്‍ നിരോധിക്കുകയും ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി സസൂക്ഷ്മം നിരീക്ഷിക്കാന്‍ തുടങ്ങുകയും ചെയ്തിരുന്നു.
എല്‍ഐസി ഐപിഒയിലൂടെ 90000 കോടി രൂപ സമാഹരിക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
എല്‍ഐസി ഐപിഒയുടെ മുന്നോടിയായി ഏജന്റുകള്‍ വഴി സാധാരണക്കാരിലേക്ക് സ്‌റ്റോക്ക് മാര്‍ക്കറ്റിനെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ എടുത്തു വരികയാണ്.
മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തെ കുറിച്ച് നടത്തിയ മ്യൂച്വല്‍ ഫണ്ട് സഹി ഹേ എന്ന കാംപയ്‌ന് സമാനമായി സ്റ്റോക്ക് മാര്‍ക്കറ്റ് സഹീ ഹേ എന്ന നിലയിലുള്ള പ്രചരണമാണ് ഉണ്ടാവുക. റീറ്റെയ്ല്‍ നിക്ഷേപകരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുക എന്നതാണ് ഇതിനു പിന്നിലെ ലക്ഷ്യം.