വിദേശ വിപണികളിൽ ചാേരപ്പുഴ; ഇന്ത്യൻ വിപണിയും താഴ്ന്നു തുടങ്ങും; വിദേശികൾ വിൽപന കൂട്ടി; നികുതിയിൽ മാറ്റം വരില്ലെന്നു സൂചന

ബുള്ളുകൾ സജീവമാകുന്നില്ല, വിപണിഗതിയെപ്പറ്റി കൂടുതൽ വ്യക്തത തേടുകയാണ് അവർ

Update:2024-07-25 08:06 IST
യുഎസ്, യൂറോപ്യൻ വിപണികൾക്കു പിന്നാലെ ഇന്നു രാവിലെ ഏഷ്യൻ വിപണികളും ചുവന്നു. ഇന്ത്യ കഴിഞ്ഞ ദിവസങ്ങളിലെ ചെറിയ താഴ്ചകൾ കൂടുതൽ ആഴത്തിലേക്കു പോകും എന്ന ആശങ്കയിലാണ്. യുഎസ് ടെക് ഭീമന്മാർ നിരാശപ്പെടുത്തിയത് ടെക് മേഖലയെ മൊത്തം ക്ഷീണത്തിലാക്കി. വാഹന കമ്പനികളും ആവേശം പകരുന്നില്ല.
എഫ് ആൻഡ് ഒ വിപണിയിലെ ചൂതാട്ടം നിയന്ത്രിക്കാൻ ഉദ്ദേശിച്ചു കാെണ്ടു വന്ന നികുതി നിർദേശങ്ങൾ പിൻവലിക്കുകയില്ല എന്നു വ്യക്തമായി. മൂലധനനേട്ട നികുതിയുടെ കാര്യത്തിലും ബജറ്റ് നിർദേശങ്ങൾ തിരുത്തുകയില്ല.
വിദേശ നിക്ഷേപകർ വീണ്ടും വലിയ വിൽപനക്കാരായത് ഈ ഘട്ടത്തിൽ വിപണി പ്രതീക്ഷിച്ചതല്ല. അതിൻ്റെയൊക്കെ ദൗർബല്യം ഇന്നു വിപണിയിൽ ഉണ്ടാകും.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 24,251 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 24,185 ലാണ്. ഇന്ത്യൻ വിപണി ഇന്നു കൂടുതൽ താഴ്ന്നു വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
വിദേശ വിപണി
യൂറോപ്യൻ വിപണികൾ ചൊവ്വാഴ്ച ഒരു ശതമാനം ഇടിഞ്ഞു. യൂറോപ്യൻ ബാങ്കുകളുടെ റിസൽട്ടുകളും യുഎസ് ടെക് ഭീമന്മാരുടെ ഫലങ്ങളും വിപണിയെ താഴ്ത്തി.
യുഎസ് വിപണിയിൽ ഇന്നലെ 2022 നു ശേഷമുള്ള ഏറ്റവും വലിയ ചോരപ്പുഴയായി. ചൊവ്വാഴ്ച വിപണിസമയത്തിനു ശേഷമുള്ള വ്യാപാരത്തിൽ ടെസ്ല വലിയ താഴ്ചയിലായിരുന്നു. ഇന്നലെ കൂടുതൽ താഴ്ന്നു നഷ്ടം 12 ശതമാനമായി. ടെസ്ല വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്നും വിൽപനയ്ക്കു തിരിച്ചടി വർധിക്കുകയാണെന്നും വിപണി വിലയിരുത്തി. ആൽഫബെറ്റ് (ഗൂഗിൾ) റിസൽട്ട് പ്രഥമദൃഷ്ട്യാ തൃപ്തികരമായിരുന്നെങ്കിലും യുട്യൂബ് വരുമാനം കുറഞ്ഞതു തിരിച്ചടിയായി. ഓഹരി ഇടിഞ്ഞു. എൻവിഡിയയും മെെക്രാേസോഫ്റ്റും കൂടെത്താഴ്ന്നു. ഇന്നലെ വിപണി സമയത്തിനു ശേഷം വന്ന ഫോർഡ് മോട്ടോഴ്സിൻ്റെ റിസൽട്ടും പ്രതീക്ഷകൾക്കു താഴെയായി.
ഇന്നലെ ഡൗ ജോൺസ് സൂചിക 504.22 പോയിൻ്റ് (1.25%) നഷ്ടത്തിൽ 39,853.90 ൽ അവസാനിച്ചു. എസ് ആൻഡ് പി 128.61 പോയിൻ്റ് (2.31%) താഴ്ന്ന് 5427.13 ൽ ക്ലോസ് ചെയ്തു. നാസ്ഡാക് 654.94 പോയിൻ്റ് (3.64%) കുറഞ്ഞ് 17,342.40 ൽ വ്യാപാരം അവസാനിപ്പിച്ചു.
യുഎസ് ഫ്യൂച്ചേഴ്സ് ആദ്യം നഷ്ടത്തിലായിട്ടു പിന്നീടു കയറ്റത്തിലായി. ഡൗ 0.22 ഉം എസ് ആൻഡ് പി 0.28 ഉം നാസ്ഡാക് 0.47ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.
ഏഷ്യൻ വിപണികൾ ഇന്നു വലിയ താഴ്ചയിലായി. ജപ്പാനിൽ നിക്കൈ 2.70 ശതമാനം ഇടിഞ്ഞു ഓസ്ട്രേലിയയിൽ ഒരു ശതമാനവും ദക്ഷിണ കൊറിയയിൽ 1.80 ശതമാനവും താഴ്ന്നാണു വ്യാപാരം. ചെെനയിലും സൂചികകൾ നഷ്ടത്തിലാണ്.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണിയിൽ വിദേശികളുടെ വിൽപനസമ്മർദം വീണ്ടും ശക്തമായി. ബജറ്റ് കഴിയുമ്പോൾ ഇടിയും എന്ന് ആശങ്കപ്പെട്ടിരുന്നവർ ഇപ്പോൾ വാങ്ങാൻ ധെെര്യപ്പെടുന്നുമില്ല. ആഗോള വിപണികളുടെ സൂചനകളും ബുള്ളുകൾക്കു കരുത്തു പകരുന്നില്ല. കലങ്ങിത്തെളിയട്ടെ എന്ന സമീപനമാണു പലർക്കും.
സെൻസെക്സ് 750 -ഉം നിഫ്റ്റി 200 ഉം പോയിൻ്റ് ചാഞ്ചാടിയിട്ടാണു മുഖ്യസൂചികകൾ ചെറിയ നഷ്ടത്തിൽ ക്ലോസ് ചെയ്തത്. ബാങ്ക്, ധനകാര്യ സേവന മേഖലകൾ വിപണിയെ താഴ്ത്തുന്നതിൽ വലിയ പങ്ക് വഹിച്ചു. അതേസമയം വിശാല വിപണി വലിയ കുതിപ്പ് നടത്തി. തലേദിവസം ഇടിഞ്ഞ റിയൽറ്റി ഇന്നലെ തിരിച്ചു കയറി. ഫാർമ, ഹെൽത്ത് കെയർ, ഓയിൽ - ഗ്യാസ്, കൺസ്യൂമർ ഡ്യൂറബിൾസ് എന്നിവയും ഉയർന്നു.
മൂലധന നേട്ട (Capital Gains) നികുതിയിലും ഓഹരി കൈമാറ്റ (Securities Transaction) നികുതിയിലും വിപണിക്കു രസിക്കാത്ത മാറ്റങ്ങൾ അത്ര അപകടകരം അല്ലെന്നാണു പുതിയ വിശകലനം. എന്നാൽ പരമ്പരാഗത സ്വത്തുക്കളുടെയും മറ്റും മൂല്യനിർണയത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാമെന്ന് ബോധ്യമായിട്ടുണ്ട്.
താഴ്ന്നു തുടങ്ങി, കൂടുതൽ താഴ്ന്നു, പിന്നെ ചാഞ്ചാടി, ഇടിഞ്ഞു, തിരിച്ചു കയറി - ഈ രീതിയിൽ നീങ്ങിയാണു മുഖ്യസൂചികകൾ വ്യാപാരം പൂർത്തിയാക്കിയത്. സെൻസെക്സ് 280.16 പാേയിൻ്റ് (0.35%) നഷ്ടത്തിൽ 80,148.88 ൽ ക്ലാേസ് ചെയ്തു. നിഫ്റ്റി 65.55 പോയിൻ്റ് (0.27%) താഴ്ന്ന് 24,413.50 ൽ വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി 0.89% (461.30 പോയിൻ്റ്) ഇടിഞ്ഞ് 51,317.00 ൽ അവസാനിച്ചു.
മിഡ് ക്യാപ് സൂചിക 1.04 ശതമാനം നേട്ടത്തിൽ 56,872.75 ലും സ്മോൾ ക്യാപ് സൂചിക 1.76% കുതിച്ച് 18,723.50 ലും ക്ലോസ് ചെയ്തു.
വിദേശനിക്ഷേപകർ ഇന്നലെയും വലിയ വിൽപന നടത്തി. ക്യാഷ് വിപണിയിൽ അവർ 5130.90 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 3137.30 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ബുള്ളുകൾ സജീവമാകുന്നില്ല
വിപണിയിൽ ബുള്ളിഷ് മാനാഭാവം നിലനിൽക്കുന്നുണ്ടെങ്കിലും ബുള്ളുകൾ സജീവമാകുന്നില്ല. വിപണിഗതിയെപ്പറ്റി കൂടുതൽ വ്യക്തത തേടുകയാണ് അവർ. ഇന്നു നിഫ്റ്റി സൂചികയ്ക്ക് 24,335 ലും 24,285 ലും പിന്തുണ ഉണ്ട്. 24,485 ലും 24,600 ലും തടസം ഉണ്ടാകാം.
ഇന്നലെ ഉയർന്ന് 204 രൂപയിൽ റെക്കോർഡ് കുറിച്ച ഫെഡറൽ ബാങ്ക് വെെകുന്നേരം മികച്ച ഒന്നാം പാദ റിസൽട്ട് പ്രസിദ്ധീകരിച്ചു. അറ്റാദായം 18.3 ശതമാനം ഉയർന്ന് 1009.53 കോടി രൂപയായി. അറ്റ പലിശ വരുമാനം 19.46 ശതമാനം കൂടി.
ആക്സിസ് ബാങ്ക് നാലു ശതമാനം വർധനയോടെ അറ്റാദായം 6035 കോടി രൂപയിൽ എത്തിച്ചു. അറ്റപലിശ വരുമാനത്തിൽ 12 ശതമാനം വർധന ഉണ്ട്.
എൽ ആൻഡ് ടിയുടെ ഒന്നാം പാദ അറ്റാദായം 12 ശതമാനം വർധിച്ച് 2786 കോടി രൂപയായി. വരുമാന വർധന 15 ശതമാനം ആയി. വരുമാനത്തിൽ 48 ശതമാനം രാജ്യാന്തര പ്രവർത്തനങ്ങളിൽ നിന്നാണ്.
വി ഗാർഡ് ഇൻഡസ്ട്രീസിൻ്റെ ഒന്നാം പാദ അറ്റാദായം 54.1
ശതമാനം വർധിച്ച് 98.97 കോടി രൂപയായി. വരുമാനത്തിൽ 21.6 ശതമാനം വർധന ഉണ്ട്.
സ്വർണം ഇടിവിൽ
സ്വർണം ദിശാബോധം നഷ്ടപ്പെട്ട നിലയിലാണ്. സ്വർണവില ഇന്നലെ ഔൺസിന് 2430 ഡോളറിൽ എത്തിയിട്ട് 2397.30 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ഔൺസിന് 2386 ഡോളറിലേക്ക് ഇടിഞ്ഞു.
കേരളത്തിൽ സ്വർണവില ഇന്നലെ മാറ്റം കൂടാതെ പവന് 51,960 രൂപയിൽ തുടർന്നു.
വെള്ളിവില ഔൺസിന് 28.80 ഡോളറിലേക്കു താഴ്ന്നു. കേരളത്തിൽ വെള്ളി കിലോഗ്രാമിനു 92,000 രൂപയിൽ തുടരുന്നു.
ഡോളർ സൂചിക ബുധനാഴ്ച താഴ്ന്ന് 104.39 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 104.35 ലാണ്.
രൂപ താഴ്ച തുടരുകയാണ്. ഡോളർ ഇന്നലെ രണ്ടു പെെസ കൂടി 83.71 രൂപ എന്ന റെക്കാേർഡിൽ എത്തി.
ക്രൂഡ് ഓയിൽ
ക്രൂഡ് ഓയിൽ വില ഇന്നലെ കയറിയിറങ്ങി. ബ്രെൻ്റ് ഇനം 81.49 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 81.18 ഡോളറിലാണ്. ഡബ്ല്യുടിഐ ഇനം 77.42 ഉം യുഎഇയുടെ മർബൻ ക്രൂഡ് 81.00 ഉം ഡോളറിലാണ്.
വ്യാവസായിക ലോഹങ്ങൾ ഇന്നലെ സമ്മിശ്രമായിരുന്നു. ചെമ്പ് 0.34 ശതമാനം താണു ടണ്ണിന് 9018.40 ഡോളറിൽ എത്തി. അലൂമിനിയം 0.1 ശതമാനം കയറി ടണ്ണിന് 2303.65 ഡോളറായി. ടിൻ 2.73 ഉം ലെഡ് 0.06 ഉം സിങ്ക് 0.57 ഉം ശതമാനം കയറി. നിക്കൽ 0.76 ശതമാനം താണു.
ക്രിപ്റ്റാേ കറൻസികൾ വീണ്ടും താഴ്ന്നു. ബിറ്റ്കോയിൻ 64,400 ഡോളറിലേക്കു താണു. ഈഥർ 3200 ഡോളറിലായി.
വിപണിസൂചനകൾ
(2024 ജൂലെെ 24, ബുധൻ)
സെൻസെക്സ് 30 80,148.88 -0.35%
നിഫ്റ്റി50 24,413.50 -0.27%
ബാങ്ക് നിഫ്റ്റി 51,317.00 -0.89%
മിഡ് ക്യാപ് 100 56,872.75 +1.04%
സ്മോൾ ക്യാപ് 100 18,723.50 +1.76%
ഡൗ ജോൺസ് 30 39,853.90 -1.25%
എസ് ആൻഡ് പി 500 5427.13 -2.31%
നാസ്ഡാക് 17,342.40 -3.64%
ഡോളർ($) ₹83.71 +₹0.02
ഡോളർ സൂചിക 104.39 -0.06
സ്വർണം (ഔൺസ്) $2397.30 -$12.70
സ്വർണം (പവൻ) ₹51,960 -₹2200
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $81.01 -$01.39
Tags:    

Similar News