മുത്തൂറ്റ് മൈക്രോഫിന്‍: ലക്ഷ്യം വന്‍ വിപുലീകരണം; ഐ.പി.ഒ വഴി സമാഹരിക്കുക ₹960 കോടി

ഡിസംബർ 18 മുതൽ 20 വരെയാണ് ഐ.പി.ഒ, 26ന് ലിസ്റ്റ് ചെയ്യും

Update:2023-12-16 10:05 IST

മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ്‌ ഡയറക്ടർ തോമസ് ജോർജ് മുത്തൂറ്റ്, മുത്തൂറ്റ് മൈക്രോഫിൻ മാനേജിംഗ് ഡയറക്ടർ തോമസ് മുത്തൂറ്റ്, മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ്‌ ചെയർമാൻ തോമസ് ജോൺ മുത്തൂറ്റ്, മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഉദീഷ് ഉല്ലാസ് എന്നിവർ 

കൊച്ചി ആസ്ഥാനമായ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിനു കീഴിലെ മുത്തൂറ്റ് മൈക്രോഫിന്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക്‌ പ്രവര്‍ത്തനം വിപുലീകരിക്കും. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കൂടുതല്‍ ശാഖകള്‍ തുറക്കുന്നതിന് പുറമെ ഏറ്റെടുക്കലുകളിലൂടെയും സാന്നിധ്യം ശക്തമാക്കാന്‍ ശ്രമമുണ്ടാകും.

 മികച്ച പ്രവര്‍ത്തന പാരമ്പര്യമുള്ളതും  സാംസ്‌കാരികമായി ഒത്തുപോകുന്നതുമായ കമ്പനികളെ കണ്ടെത്തിയാല്‍ ഏറ്റെടുക്കലുകള്‍ക്ക് സാധ്യതയുണ്ട്. സ്വാഭാവികമായ വളര്‍ച്ചയ്ക്കാണ് കമ്പനി ഊന്നല്‍ നല്‍കുന്നതെന്ന് മുത്തൂറ്റ് മൈക്രോഫിന്‍ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ തോമസ് ജോണ്‍ മുത്തൂറ്റ് പറഞ്ഞു. ഡിസംബര്‍ 18ന് ആരംഭിക്കുന്ന മുത്തൂറ്റ് മൈക്രോഫിന്‍ പ്രാരംഭ ഓഹരി വില്‍പ്പനയുമായി (ഐ. പി.ഒ) ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂലധന ആവശ്യങ്ങൾക്ക് 
960 കോടി രൂപയാണ്‌ ഐ.പി.ഒ വഴി സമാഹരിക്കുന്നത്‌. 760 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 200 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒ.എഫ്‌.എസ്‌) ഉള്‍പ്പെട്ടതാണ്‌ ഐ.പി.ഒ. ഒ.എഫ്‌.എസ്‌ വഴി ഓഹരിയുടമകളുടെയും പ്രൊമോട്ടര്‍മാരുടെയും കൈവശമുള്ള ഓഹരികളാണ്‌ വിറ്റഴിക്കുന്നത്‌.
ഐ.പി.ഒ വഴി സമാഹരിക്കുന്ന തുക തുടര്‍ന്നുള്ള മൂലധന ആവശ്യങ്ങള്‍ക്ക്‌ വിനിയോഗിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ തോമസ് മുത്തൂറ്റ് പറഞ്ഞു. ഡിസംബർ 20 ആണ് ഐ.പി.ഒയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി. 10 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 277-291 രൂപ നിരക്കിലായിരിക്കും വില്‍പ്പന.
ഐ.പി.ഒയുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും സംവരണം ചെയ്‌തിരിക്കുന്നു.  കമ്പനിയുടെ ജീവനക്കാര്‍ക്കായി 10 കോടി രൂപയുടെ ഓഹരികള്‍ മാറ്റിവെച്ചിട്ടുണ്ട്‌.  14 രൂപ ജീവനക്കാര്‍ക്ക്‌ കിഴിവ്‌ ലഭിക്കും.
ലിസ്റ്റിംഗ് 26ന് 
ഐ.പി.ഒയ്ക്ക്‌ അപേക്ഷിച്ചവരില്‍ അര്‍ഹരായവര്‍ക്ക്‌ ഓഹരികള്‍ അനുവദിക്കുന്നത്‌ ഡിസംബര്‍ 21ന്‌ ആയിരിക്കും. ഡിസംബര്‍ 22ന്‌ ഇത്‌ നിക്ഷേപകരുടെ അക്കൗണ്ടുകളില്‍ ക്രെഡിറ്റ്‌ ചെയ്യുകയും ഓഹരികള്‍ ലഭിക്കാത്തവര്‍ക്ക്‌ പണം തിരികെ നല്‍കുകയും ചെയ്യും. ഡിസംബര്‍ 26ന്‌ ഓഹരികള്‍ ബി.എസ്‌.ഇയിലും എന്‍.എസ്‌.ഇയിലും ലിസ്റ്റ്‌ ചെയ്യും.
മുത്തൂറ്റ് മൈക്രോഫിൻ 
ഇന്ത്യയിലെ ഗ്രാമീണ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് മൈക്രോ വായ്പകൾ നല്‍കുന്ന മുന്‍നിര മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളിലൊന്നാണ് മുത്തൂറ്റ് മൈക്രോഫിന്‍.
2023 മാർച്ച്‌ വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ ഏറ്റവും വലിയ അഞ്ചാമത്തെ എന്‍.ബി.എഫ്.സി-എം.എഫ്.ഐ കമ്പനിയാണിത്. 32 ലക്ഷത്തിലധികം ഇടപാടുകാരുമുണ്ട്. നിലവിൽ 10,867 കോടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്നു.
18 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 1,340 ശാഖകൾ കമ്പനിക്കുണ്ട്. കഴിഞ്ഞ വര്‍ഷം 260 ശാഖകള്‍ തുറന്നു. ഈ വര്‍ഷം ഇതുവരെ 160 ശാഖകളും. ടെക്‌നോളയില്‍ അധിഷ്ഠിതമായ വളര്‍ച്ചയാണ് കമ്പനി ലക്ഷ്യമിടുന്നത്. വായ്പകള്‍ ലഭ്യമാക്കുന്നതു മുതല്‍ തിരിച്ചടയ്ക്കുന്നതു വരെ എല്ലാം ഡിജിറ്റലായാണ് നടപ്പാക്കുന്നത്. മുത്തൂറ്റ് മൈക്രോഫിൻ അവതരിപ്പിച്ചിട്ടുള്ള മഹിള മിത്ര ആപ്പ് 15 ലക്ഷത്തിലധികം പേരാണ് ഉപയോഗിക്കുന്നത്. വായ്പാ തിരിച്ചടവില്‍ 25 ശതമാനത്തിലധികവും ഡിജിറ്റലായാണ് നടക്കുന്നതെന്നും തോമസ് മുത്തൂറ്റ് പറഞ്ഞു.
കഴിഞ്ഞ മൂന്ന്‌ സാമ്പത്തിക വർഷങ്ങളായി മികച്ച വരുമാന വളര്‍ച്ച കൈവരിക്കാൻ കമ്പനിക്ക് സാധിച്ചു . 2020-2ല്‍ 622.78 കോടി രൂപയായിരുന്ന വരുമാനം 2022-23ല്‍ 1290.56 കോടി രൂപയായി ഉയർന്നു. ലാഭം 7 കോടിയിൽ നിന്ന് 163 കോടിയായും വളർന്നു.
Tags:    

Similar News