തിളക്കമില്ലാതെ മുത്തൂറ്റ് മൈക്രോഫിന്‍ ലിസ്റ്റിംഗ്; മിന്നിത്തിളങ്ങി മോത്തിസണ്‍സ്

ഐ.പി.ഒ വിലയേക്കാള്‍ 5.5 ശതമാനത്തോളം താഴ്ന്ന് മുത്തൂറ്റ് മൈക്രോഫിന്‍ ലിസ്റ്റിംഗ്

Update:2023-12-26 11:16 IST

Image by Canva

കൊച്ചി ആസ്ഥാനമായ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിനുകീഴിലെ മൈക്രോഫിനാന്‍സ് കമ്പനിയായ മുത്തൂറ്റ് മൈക്രോഫിന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തു. ഐ.പി.ഒയിലെ ഉയര്‍ന്ന വിലയേക്കാള്‍ 5.5 ശതമാനം താഴ്ന്ന് ഓഹരിയൊന്നിന് 275.30 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്.

277-291 രൂപയായിരുന്നു ഐ.പി.ഒയില്‍ ഓഹരിയുടെ വില. ഗ്രേ മാര്‍ക്കറ്റില്‍ ഐ.പി.ഒ വിലയേക്കാള്‍ 34 രൂപ ഉയര്‍ന്നാണ് ഓഹരി വ്യാപാരം നടത്തിയിരുന്നത്. ഇത് പ്രകാരം ലിസ്റ്റിംഗില്‍ 9-10 ശതമാനം ഉയര്‍ന്ന് 321-326 രൂപയില്‍ ലിസ്റ്റ് ചെയ്യുമെന്നാണ് നീരീക്ഷകര്‍ പ്രതീക്ഷിച്ചിരുന്നത്.

ഐ.പി.ഒയ്ക്ക് മോശമല്ലാത്ത പ്രതികരണം നിക്ഷേപകരില്‍ നിന്ന് ലഭിച്ചിരുന്നു. മൊത്തം 11.52 മടങ്ങ് അപേക്ഷയാണ് ലഭിച്ചത്. യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങളില്‍ നിന്ന് 11.52 മടങ്ങും റീറ്റെയ്ല്‍ നിക്ഷേപകരില്‍ നിന്ന് 7.61 മടങ്ങും ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികളില്‍ നിന്ന് 13.2 മടങ്ങും അപേക്ഷ ലഭിച്ചു. ഡിസംബര്‍ 18 മുതല്‍ 20 വരെ നടന്ന ഐ.പി.ഒ വഴി 960 കോടി രൂപയാണ് മുത്തൂറ്റ് മൈക്രോഫിന്‍ സമാഹരിച്ചത്. ഇതില്‍ 760 കോടി രൂപയുടെ പുതു ഓഹരികളും 200 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒ.എഫ്.എസ്) ആയിരുന്നു.
ഇന്ത്യയിലെ ഗ്രാമീണ മേഖലകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ട് മൈക്രോ വായ്പകള്‍ നല്‍കുന്ന മുന്‍നിര മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളിലൊന്നാണ് മുത്തൂറ്റ് മൈക്രോഫിന്‍. കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തിയുടെ അടിസ്ഥാനത്തില്‍ (AUM) ഇന്ത്യയിലെ എന്‍.ബി.എഫ്.സി-എം.എഫ്.ഐ കമ്പനികളില്‍ അഞ്ചാം സ്ഥാനത്താണ് മുത്തൂറ്റ് മൈക്രോഫിന്‍. ദക്ഷിണേന്ത്യയില്‍ മൂന്നാം സ്ഥാനത്തും. 2024 സെപ്റ്റംബര്‍ പാദം വരെയുള്ള കണക്കനുസരിച്ച് 10,870.67 കോടി രൂപയാണ് മുത്തൂറ്റ് മൈക്രോഫിന്‍ കൈകാര്യം ചെയ്യുന്നത്. മൊത്തം 32 ലക്ഷത്തോളം സജീവ ഇടപാടുകാരും കമ്പനിക്കുണ്ട്.

മിന്നിത്തിളങ്ങി മോത്തിസണ്‍സ് ജുവലേഴ്‌സ്

ജുവലറി റീറ്റെയ്ല്‍ ചെയിനായ മോത്തിസണ്‍സ് ജുവലേഴ്‌സ് ഇന്ന് 98 ശതമാനം നേട്ടത്തോടെ ലിസ്റ്റ് ചെയ്തു. 55 രൂപ ഇഷ്യു വിലയുണ്ടായിരുന്ന മോത്തിസണ്‍ ജുവലേഴ്‌സ് ഇന്ന് എന്‍.എസ്.ഇ.യില്‍ വ്യാപാരം ആരംഭിച്ചത് 109 രൂപയിലാണ്. ബി.എസ്.ഇയില്‍ 103.9 രൂപയിലും. പുതു ഓഹരികളിറക്കി 151 കോടി രൂപയാണ് മോത്തിസണ്‍സ് ഐ.പി.ഒ വഴി സമാഹരിച്ചത്.

ഗ്രേ മാര്‍ക്കറ്റിലെ വിലയനുസരിച്ച് ലിസ്റ്റിംഗില്‍ ഓഹരി വില 125-130 ശതമാനം വരെ ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നു. മോത്തിസണ്‍സ് ഐ.പി.ഒയ്ക്ക് നിക്ഷേപകരില്‍ നിന്ന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. മൊത്തം 159.61 മടങ്ങ് അപേക്ഷ ലഭിച്ചിരുന്നു.

നിരാശപ്പെടുത്തി സുരജ് എസ്‌റ്റേറ്റ് 

ഐ.പി.ഒയുമായെത്തിയ മറ്റൊരു കമ്പനിയായ സുരജ് എസ്റ്റേറ്റ് ഡവലപ്പേഴ്‌സും ലിസ്റ്റിംഗില്‍ താഴേക്കു പോയി. ഐ.പി.ഒ വിലയേക്കാള്‍ 4.5 ശതമാനം താഴ്ന്ന് 343.80 രൂപയിലാണ് ഓഹരി ലിസ്റ്റ് ചെയ്തത്. പിന്നീട് ഏഴ് ശതമാനത്തോളം വില താഴുകയും ചെയ്തു.

400 കോടി രൂപയാണ് ഐ.പി.ഒ വഴി കമ്പനി സമാഹരിച്ചത്. മൊത്തം 15.65 മടങ്ങ് അപേക്ഷയും ലഭിച്ചിരുന്നു.

Tags:    

Similar News