റോബിന്‍ഹുഡ്' നിക്ഷേപകര്‍ വര്‍ധിക്കുന്നു; അച്ചടക്കം പാലിച്ചില്ലെങ്കില്‍ കൈപൊള്ളും!

ഓഹരികളുടെ തിരഞ്ഞെടുപ്പിലും മറ്റും യുവ നിക്ഷേപകര്‍ സൂക്ഷ്മത കാണിക്കുന്നുണ്ടെങ്കിലും മൂലധന വിനിയോഗത്തില്‍ അച്ചടക്കം പുലര്‍ത്തിയില്ലെങ്കില്‍ കനത്ത തിരിച്ചടി നേരിടേണ്ടി വന്നേക്കാം.'' ഹെഡ്ജ് ഇക്വിറ്റീസ് മാനേജിംഗ് ഡയറക്ടര്‍ അലക്‌സ് കെ ബാബു എഴുതുന്നു

Update: 2020-11-02 07:57 GMT

മഹാമാരി കാലത്ത് 'റോബിന്‍ഹുഡ്' നിക്ഷേപകരുടെ തള്ളികയറ്റമാണ് ഓഹരി വിപണിയിലുണ്ടായത്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്വന്തം നിലയില്‍ ചെറിയ തോതിലെങ്കിലും ഗവേഷണ, നിരീക്ഷണങ്ങള്‍ നടത്തിയാണ് ഈ നിക്ഷേപകര്‍ വിപണിയിലേക്ക് കടന്നുവന്നത് എന്നതാണ് പ്രത്യേകത. അതേ സമയം മൂലധന വിനിയോഗം സംബന്ധിച്ച അച്ചടക്കം ഇത്തരം നിക്ഷേപകരില്‍ നല്ലൊരു വിഭാഗത്തിനും ഇപ്പോഴും അന്യമാണ്.

ലോക്ഡൗണ്‍ കാലത്ത് വീട്ടില്‍ അടച്ചുപൂട്ടിയിരുന്ന ഒട്ടേറെ പേരാണ് പുതുതായി ഡീമാറ്റ് അക്കൗണ്ടുകള്‍ തുറന്ന് ഓഹരി വ്യാപാരം തുടങ്ങിയത്. ഇത് റീറ്റൈയ്ല്‍ നിക്ഷേപകരുടെ വിപണിയിലെ സാന്നിധ്യം വിപുലമാകുന്നതിന് വഴിയൊരുക്കി. കഴിഞ്ഞ ആറ് മാസം കൊണ്ടു മാത്രം ഏകദേശം 50 ലക്ഷം പുതിയ ഡീമാറ്റ് അക്കൗണ്ടുകളാണ് തുറക്കപ്പെട്ടത്. അതുവരെയുള്ള മൊത്തം ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ വര്‍ധന എത്രത്തോളം ഗണ്യമാണെന്ന് മനസിലാവുക.

2020 മാര്‍ച്ചില്‍ മാര്‍ക്കറ്റ് മോജോ റിസര്‍ച്ച് എന്ന സ്ഥാപനം നടത്തിയ പഠനം അനുസരിച്ച് ഇന്ത്യയില്‍ ഏകദേശം നാല് കോടി ഡീമാറ്റ് അക്കൗണ്ടുകളാണുള്ളത്. രാജ്യത്തെ രണ്ട് ഡിപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റുകളായ സിഡിഎസ്എല്ലിന് കീഴില്‍ 1.97 കോടിയും എന്‍എസ്ഡിഎസ്എല്ലിന് കീഴില്‍ 1.96 കോടിയും അക്കൗണ്ടുകള്‍. അതേ സമയം സെബിയുടെ മാര്‍ഗനിര്‍ദേശം അനുസരിച്ച് ഒരു വര്‍ഷത്തിലേറെയായി പ്രവര്‍ത്തനം നടക്കാത്ത അക്കൗണ്ടുകള്‍ നിര്‍ജീവമായി കണക്കാക്കണം. ഈ മാര്‍ഗനിര്‍ദേശം അനുസരിച്ച് നോക്കിയാല്‍ സജീവമായ അക്കൗണ്ടുകള്‍ ഏകദേശം ഒരു കോടി മാത്രമാണെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. ചില മുന്‍നിര ഓണ്‍ലൈന്‍ ബ്രോക്കിംഗ് കമ്പനികളുടെ അക്കൗണ്ടുകളില്‍ 70 ശതമാനവും നിര്‍ജീവമാണ്.

ഏകദേശം ഒരു കോടി അക്കൗണ്ടുകള്‍ മാത്രം സജീവമായിരിക്കുന്ന വിപണിയിലേക്കാണ് അര കോടി പുതിയ അക്കൗണ്ടുകളെത്തിയത്. സജീവമായ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തില്‍ ആറ്-ഒന്‍പത് മാസം കൊണ്ട് 50 ശതമാനത്തോളം വര്‍ധനയുണ്ടായത് വിപണിയിലെ റീറ്റെയ്ല്‍ നിക്ഷേപകരുടെ ഇടപെടല്‍ ശക്തിപ്പെടുത്തി. ഓഹരി വിപണിയിലുണ്ടായ ഇടിവ് നിക്ഷേപാവസരം നല്‍കിയപ്പോള്‍ ലോക്ഡൗണ്‍ കാലത്ത് വീടുകളില്‍ അടച്ചിട്ടിരുന്ന ഒട്ടേറെ പേര്‍ ഈ മേഖലയിലേക്ക് കടന്നു വന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

സിഡിഎസ്എല്ലിന് ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പുതിയ അക്കൗണ്ടുകളുടെ എണ്ണം 90,000 മാത്രമായിരുന്നു. എന്നാല്‍ പിന്നീട് അക്കൗണ്ടുകളുടെ എണ്ണത്തില്‍ ഒരു കുതിച്ചു ചാട്ടം തന്നെയുണ്ടായി. ഏപ്രില്‍ മുതല്‍ ജൂലായ് വരെയുള്ള നാല് മാസം കൊണ്ടു മാത്രം 29 ലക്ഷം പുതിയ ഡീമാറ്റ് അക്കൗണ്ടുകളാണ് സിഡിഎസ്എല്ലിനു കീഴിലായി തുറക്കപ്പെട്ടത്. ജൂലൈയില്‍ മാത്രം 10 ലക്ഷം പുതിയ അക്കൗണ്ടുകള്‍ തുറന്നു.

ഓണ്‍ലൈന്‍ വഴി ഓഹരി വ്യാപാരത്തില്‍ ഏര്‍പ്പെടുന്ന ഉപഭോക്താക്കള്‍ക്ക് ലോക്ക് ഡൗണ്‍ കാലത്ത് അത് പതിവു പോലെ മുന്നോട്ടു കൊണ്ടുപേകാന്‍ സാധിച്ചു. സെബിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെ ലോക്ക് ഡൗണില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഈ സമയത്ത് പുതിയ നിക്ഷേപകര്‍ ധാരാളമായി ഓഹരി വ്യാപാര രംഗത്തേക്ക് കടന്നുവന്നു.

ഗതി നിര്‍ണയിക്കുക ഇവരാകും

യുഎസിലെ 'റോബിന്‍ഹുഡ്' എന്ന ഓണ്‍ലൈന്‍ ബ്രോക്കിങ് പ്ലാറ്റ്ഫോമിനു കീഴിലായി ചെറുകിട നിക്ഷേപകരുടെ ഓഹരി വിപണിയിലെ പങ്കാളിത്തം വര്‍ധിച്ചതിന് സമാനമായ തള്ളിക്കയറ്റമാണ് മഹാമാരി കാലത്ത് ഇന്ത്യയിലും കണ്ടത്. ചെറുകിട നിക്ഷേപകരെ ആകര്‍ഷിക്കാനായി നാമമാത്രമായ ചാര്‍ജുകള്‍ മാത്രം ഈടാക്കിയാണ് 'റോബിന്‍ഹുഡ്' പുതിയ ബിസിനസ് മാതൃക പരീക്ഷിച്ചത്. ഈ മാതൃക വന്‍വിജയമായതോടെ മറ്റ് കമ്പനികളും ഈ രീതി പരീക്ഷിക്കുകയും ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം വര്‍ധിക്കുകയും ചെയ്തു. ഈ രീതിയില്‍ ഓഹരി വിപണിയിലേക്ക് കടന്നുവന്നവരെ 'റോബിന്‍ഹുഡ്' നിക്ഷേപകര്‍ എന്നാ ണ് വിശേഷിപ്പിക്കുന്നത്.

ഇന്ത്യയിലെ 'റോബിന്‍ഹുഡ്' നിക്ഷേപകരുടെ വര്‍ധന ഇതുപോലെ തുടര്‍ന്നാല്‍ അത് ചെറുകിട നിക്ഷേപകരുടെ വിപണിയിലെ സാന്നിധ്യം വിപണിയുടെ ഗതിയുടെ കാര്യത്തില്‍ പോലും നിര്‍ണായകമാകുന്നതിന് വഴിയൊരുക്കും. ലോക്ഡൗണ്‍ വരുമാനത്തെ ബാധിക്കാത്ത മേഖലകളിലെ ജീവനക്കാരാണ് പുതുസാധ്യത എന്ന നിലയില്‍ ഓഹരി വിപണിയില്‍ പരീക്ഷണത്തിന് മുതിര്‍ന്നത്. കൈവശം മിച്ചധനമുള്ള ഐടി പോലുള്ള മേഖലകളിലെ ജീവനക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ആണ് 'റോബിന്‍ഹുഡ്' നിക്ഷേപകരില്‍ ഏറിയ പങ്കും. വിദ്യാസമ്പന്നരായതിനാല്‍ ഇവര്‍ മുന്‍കാലങ്ങളിലെ ചെറുകിട നിക്ഷേപകരില്‍ നിന്ന് വ്യത്യസ്തമായി ബ്രോക്കിങ് കമ്പനികളെ അമിതമായി ആശ്രയിക്കാതെ സ്വന്തമായി ഗവേഷണവും പഠനവും നടത്താന്‍ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. ഓഹരികളുടെ തിരഞ്ഞെടുപ്പിലും മറ്റും സൂക്ഷ്മത പുലര്‍ത്താന്‍ ഇവര്‍ ശ്രമിക്കുന്നു. അതേ സമയം മൂലധന വിനിയോഗത്തിലെ അച്ചടക്കം ഇത്തരക്കാര്‍ കാര്യമായി പുലര്‍ത്തുന്നില്ല. മൂലധന വിനിയോഗത്തില്‍ അച്ചടക്കം പുലര്‍ത്തിയില്ലെങ്കില്‍ കനത്ത തിരിച്ചടി നേരിടേണ്ടി വന്നേക്കാം. തിരിച്ചടി നേരിടുന്നവര്‍ കൊഴിഞ്ഞുപോകാനും സാധ്യതയുണ്ട്. മൂലധന വിനിയോഗത്തില്‍ അച്ചടക്കം കൂടി ഇത്തരം നിക്ഷേപകര്‍ക്ക് കൈവന്നാല്‍ അവര്‍ വിപണിയില്‍ സജീവമായി തുടരും.

Tags:    

Similar News