അറിഞ്ഞോ? പുതിയ മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ ഉടന്‍ പ്രഖ്യാപിക്കരുതെന്ന് സെബി
ജൂലൈ ഒന്നുവരെയാണ് വിലക്കിയിട്ടുള്ളത്
പുതിയ മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ ആരംഭിക്കുന്നത്തിന് സെബിയുടെ വിലക്ക്. ജൂലൈ ഒന്ന് വരെയാണ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൂള്‍ അക്കൗണ്ടുകളുടെ ഉപയോഗം നിര്‍ത്തുന്നത് വരെ പുതിയ മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ വിലക്കുകയാണെന്നാണ് സെബി വ്യക്തമാക്കിയത്.
അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഓഫ് ഇന്ത്യയ്ക്ക് സെബി അറിയിപ്പ് നല്‍കിയിട്ടുണ്ട്. പുതിയ സ്‌കീമിലേക്ക് നിക്ഷേപകരുടെ പണം വിതരണക്കാരോ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളോ ബ്രോക്കര്‍മാരോ ഇന്‍വെസ്റ്റ്മെന്റ് അഡൈ്വസറോ സ്വീകരിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും സെബി മ്യൂച്വല്‍ ഫണ്ട് ഹൗസുകളോട് നിര്‍ദേശം നല്‍കി.
പൂള്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കുന്നത് വരെ പുതിയ സ്‌കീമുകള്‍ പ്രഖ്യാപിക്കരുത് എന്നാണ് സെബി നിര്‍ദേശം. നിക്ഷേപകരുടെ പണം നഷ്ടപ്പെടുന്നില്ലെന്നു ഉറപ്പുവരുത്താന്‍ വേണ്ടിയാണു സെബി ഇത്തരത്തിലൊരു നയം സ്വീകരിച്ചത്. 2022 ഏപ്രില്‍ 1 മുതല്‍ ഇത് നടപ്പിലാക്കിയിട്ടുമുണ്ട്.