സീ എന്റര്‍ടെയ്ന്‍മെന്റ്-സോണി ലയനം പൊളിഞ്ഞു; തര്‍ക്കം ഇനി കോടതിയിലേക്ക്
ലയനം വേണ്ടെന്ന് കാട്ടി കത്തയച്ച് സോണി; നിയമനടപടി ആലോചിക്കുമെന്ന് സീ, എല്ലാ കണ്ണുകളും സീ ഓഹരികളിലേക്ക്
ഇന്ത്യന്‍ മാധ്യമലോകത്തെ ഏറ്റവും വലിയ ലയനനീക്കത്തിന് പിറക്കുംമുമ്പേ അകാല ചരമം. ഇന്ത്യന്‍ കമ്പനിയായ സീ എന്റര്‍ടെയ്ന്‍മെന്റും ജാപ്പനീസ് കമ്പനിയായ സോണിയും തമ്മില്‍ നടക്കേണ്ടിയിരുന്ന 1,000 കോടി ഡോളറിന്റെ (ഏകദേശം 834,000 കോടി രൂപ) ലയനനീക്കമാണ് പൊളിഞ്ഞത്.
ലയന നടപടികള്‍ ഉപേക്ഷിക്കുന്നതായി സോണി ഗ്രൂപ്പില്‍ (കള്‍വര്‍ മാക്‌സ് എന്റര്‍ടെയ്ന്‍മെന്റ്) നിന്ന് അറിയിപ്പ് ലഭിച്ചതായി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സീ എന്റര്‍ടെയ്ന്‍മെന്റ് വ്യക്തമാക്കി. ലയന ഉടമ്പടികളും ലയനത്തിനുള്ള സമയക്രമവും പാലിക്കാന്‍ സീ എന്റര്‍ടെയ്ന്‍മെന്റിന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സോണിയുടെ പിന്മാറ്റം. ഇന്നലെ അര്‍ദ്ധരാത്രി വരെയായിരുന്നു കരാര്‍ പ്രകാരം ലയനത്തിന് അനുവദിച്ചിരുന്ന സമയം.
പൊളിഞ്ഞത് രണ്ടുവര്‍ഷത്തെ നീക്കം
2021 ഡിസംബര്‍ 21നാണ് സോണിയും സീയും തമ്മില്‍ ലയന നീക്കങ്ങള്‍ക്ക് തുടക്കമിട്ട് കരാറൊപ്പിട്ടത്. സീയും കള്‍വര്‍ മാക്‌സും തമ്മിലായിരുന്നു കരാര്‍. ഇതിന് പിന്നീട് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ (NCLT) മുംബൈ ബെഞ്ചിന്റെ അംഗീകാരവും ലഭിച്ചു.
ഇതിനിടെ ലയിച്ചുണ്ടാകുന്ന പുതിയ കമ്പനിയുടെ മേധാവിയാകാന്‍ സീയുടെ എം.ഡിയും സി.ഇ.ഒയുമായ പുനീത് ഗോയങ്ക താത്പര്യമറിയിച്ചിരുന്നു. എന്നാല്‍, സോണി ഇതിനെ ശക്തമായി എതിര്‍ത്തു. സോണി ഇന്ത്യയുടെ എം.ഡിയും സി.ഇ.ഒയുമായ എന്‍.പി. സിംഗിനെ ലയിച്ചുണ്ടായേക്കുന്ന പുതിയ കമ്പനിയുടെ മേധാവിയാക്കണമെന്നായിരുന്നു സോണിയുടെ ആവശ്യം. ഇതേച്ചൊല്ലി തര്‍ക്കമായതോടെ, ലയന നടപടികള്‍ നീളുകയായിരുന്നു.
ഇതിനിടെ ലയനത്തിന് ആറുമാസത്തെ സാവകാശം കൂടി വേണമെന്നാവശ്യപ്പെട്ട് സോണിക്ക് സീ കത്തയക്കുകയും ചെയ്തു. എന്നാല്‍, ഇതിനോട് പ്രതികരിക്കാതിരുന്ന സോണി പിന്നീട് ലയനം തന്നെ ഉപേക്ഷിക്കുന്നതായി മറുപടിക്കത്ത് നല്‍കുകയായിരുന്നു.
വിഷയത്തില്‍ തുടര്‍ നടപടികള്‍ ആലോചിക്കുന്നതായും സീയുടെ ഓഹരി ഉടമകളുടെ താത്പര്യം സംരക്ഷിക്കുമെന്നും സീ എന്റര്‍ടെയ്ന്‍മെന്റ് ചെയര്‍മാന്‍ ആര്‍. ഗോപാലന്‍ പറഞ്ഞു. സോണിക്കെതിരെ നിയമനടപടികള്‍ ഉള്‍പ്പെടെ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ലയനത്തിനുള്ള അംഗീകാരങ്ങളൊക്കെ കിട്ടിയശേഷമാണ് സോണിയുടെ പിന്മാറ്റമെന്നതും നിയമപ്പോര് മുറുകാന്‍ കളമൊരുക്കും.
കാത്തിരിക്കുന്നത് വന്‍ പ്രതിസന്ധിയോ?
ആമസോണ്‍, നെറ്റ്ഫ്‌ളിക്‌സ് തുടങ്ങിയ മീഡിയ ഭീമന്മാരെ നേരിടുന്നത് ലക്ഷ്യമിട്ടാണ് സീയും സോണിയും ലയിക്കാന്‍ തീരുമാനിച്ചിരുന്നത്. ശതകോടീശ്വരന്‍ മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മീഡിയ വിഭാഗമായ ജിയോ സിനിമയും ഡിസ്‌നി സ്റ്റാറും തമ്മില്‍ ലയിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനുമിടെയാണ് സീ-സോണി ലയനം പൊളിഞ്ഞത്.
ഈ സാഹചര്യത്തില്‍ ലയനത്തില്‍ നിന്ന് പിന്മാറിയ സോണിയുടെ നടപടി സോണിക്കും സീക്കും വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ വലിയ വെല്ലുവിളി തന്നെ സൃഷ്ടിക്കും. റിലയന്‍സും ആമസോണും നെറ്റ്ഫ്‌ളിക്‌സും ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ വലിയ തന്ത്രങ്ങള്‍ തന്നെ പയറ്റേണ്ട സ്ഥിതിയിലാണ് ഇപ്പോള്‍ സോണിയും സീയും.
എല്ലാ കണ്ണുകളും സീ ഓഹരികളിലേക്ക്
സോണിയുമായുള്ള ലയനനീക്കം പാളിയത് സീ എന്റര്‍ടെയ്ന്‍മെന്റ് ഓഹരികളെ ബാധിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞ ഒരുവര്‍ഷത്തെ കണക്കെടുത്താല്‍ വെറും മൂന്ന് ശതമാനമേ സീയുടെ ഓഹരി വില കയറിയിട്ടുള്ളൂ. കഴിഞ്ഞ ഒരുമാസത്തെ കണക്കെടുത്താല്‍ ഓഹരി വില 13 ശതമാനം ഇടിയുകയും ചെയ്തു. ഏതാനും വര്‍ഷം മുമ്പുവരെ 480 രൂപയ്ക്ക് മുകളിലായിരുന്ന സീ എന്റര്‍ടെയ്ന്‍മെന്റ് ഓഹരി വില ഇപ്പോഴുള്ളത് 231 രൂപയിലാണ്.
സോണിയുമായുള്ള ലയനനീക്കം പ്രഖ്യാപിച്ചശേഷം സീയുടെ ലാഭവും താഴേക്കാണ്. 2021-22ല്‍ 956 കോടി രൂപ ലാഭം നേടിയിരുന്നത് 2022-23ല്‍ 48 കോടി രൂപയിലേക്കാണ് കൂപ്പുകുത്തിയത്.