ഹോങ്കോങ്ങിനെ മറികടന്ന് വീണ്ടും ഇന്ത്യന്‍ വിപണി, കത്തിക്കയറി മസഗോണ്‍ ഡോക്ക്, പോപ്പുലര്‍ വെഹിക്കിള്‍സും കുതിപ്പില്‍

ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ടാറ്റയും മഹീന്ദ്രയും, വില്‍പ്പന സമ്മര്‍ദ്ദത്തില്‍ ഐ.ടി ഓഹരികള്‍

Update:2024-06-14 19:00 IST

ഇന്ത്യന്‍ ഓഹരി സൂചികകള്‍ തുടര്‍ച്ചയായ രണ്ടാം ദിനത്തിലും പുതിയ ഉയരത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 181.87 പോയിന്റ് ഉയര്‍ന്ന് 76,992.77ലും നിഫ്റ്റി 66 പോയിന്റുയര്‍ന്ന് 23,465ലുമാണുള്ളത്.

വിപണി മൂല്യത്തില്‍ ഹോങ്കോങ്ങിനെ മറികടന്ന് ആഗോള വിപണികളില്‍ ഇന്ത്യന്‍ ഓഹരി സൂചികയിന്ന് നാലാം സ്ഥാനത്തെത്തി. ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം ഇന്ന് 5.20 ലക്ഷം കോടി ഡോളറായി. ഹോങ്കോങ്ങിന്റേത് 5.17 ലക്ഷം കോടി ഡോളറാണ്. 56.49 ലക്ഷം കോടി ഡോളര്‍ വിപണി മൂല്യവുമായി അമേരിക്കയാണ് ആഗോള വിപണികളില്‍ ഒന്നാമന്‍. 
ചൈന
 8.84 ലക്ഷം കോടി ഡോളറുമായി  മൂന്നാം സ്ഥാനത്തും 6.30 ലക്ഷം കോടി ഡോളറുമായി ജപ്പാന്‍ നാലാമതുമാണ്. ഇതിനു മുമ്പ് ഇക്കഴിഞ്ഞ ജനുവരി 23നാണ് ഇന്ത്യന്‍ വിപണി ഹോങ്കോങ്ങിനെ വിപണി മൂല്യത്തില്‍ പിന്നിലാക്കിയത്. എന്നാല്‍ പിന്നീട് ഹോങ്കോങ്ങ് നാലാം സ്ഥാനത്തേക്ക് തിരിച്ചു കയറുകയായിരുന്നു.

വിവിധ സൂചികകളുടെ പ്രകടനം

വാഹന, ഉപയോക്തൃ ഉത്പന്ന മേഖലകളാണ് ഇന്ന് വിപണിയെ നയിച്ചത്. വില്‍പ്പന സമ്മര്‍ദ്ദം ഇന്ന് ഐ.ടി ഓഹരികളില്‍ ശക്തമായതിനെ തുടര്‍ന്ന് സൂചിക ഒരു ശതമാനത്തിലധികം താഴ്ന്നു. യു.എസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയില്‍ ഇന്നലെ ഐ.ടി സൂചിക ഒരു ശതമാനത്തിലധികം ഉയര്‍ന്നിരുന്നു. നിഫ്റ്റിയും സെന്‍സെക്‌സും ഈ ആഴ്ചയില്‍ യഥാക്രമം 0.75 ശതമാനം, 0.39 ശതമാനം നേട്ടമാണ് രേഖപ്പെടുത്തിയത്. നിഫ്റ്റി ഇന്ന് വ്യാപാരത്തിന്റെ അവസാന 30 മിനിറ്റില്‍ 23,481 പോയിന്റെന്ന റെക്കോഡ് തൊട്ടു. തിങ്കളാഴ്ച ബക്രീദ് പ്രമാണിച്ച് വിപണിക്ക് അവധിയാണ്.

രൂപയിന്ന് ഡോളറിനെതിരെ രണ്ട് പൈസ ഇടിഞ്ഞ് 83.56ലെത്തി.

നിഫ്റ്റി മിഡ്ക്യാപ് സൂചിക ഇന്ന് 1.05 ശതമാനം ഉയര്‍ന്നു. സ്‌മോള്‍ ക്യാപ് സൂചികയും 0.76 ശതമാനം നേട്ടത്തിലാണ്. 1.30 ശതമാനം നേട്ടവുമായി നിഫ്റ്റി ഓട്ടോയാണ് ഇന്ന് നിഫ്റ്റിയില്‍ മുന്നേ നടന്ന മേഖല. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് 1.20 ശതമാനം നേട്ടത്തിലായിരുന്നു. ഐ.ടി കൂടാതെ മീഡയ മാത്രമാണ് ഇന്ന് സൂചികകളില്‍ നിരാശപ്പെടുത്തിയത്.

വിവിധ സൂചികകളുടെ ഇന്നത്തെ പ്രകടനം

ബി.എസ്.ഇയില്‍ ഇന്ന് 3,980 ഓഹരികള്‍ വ്യാപാരം നടത്തിയതിൽ  2,245 ഓഹരികളും മുന്നേറ്റം കാഴ്ചവച്ചു. 1,622 ഓഹരികള്‍ നഷ്ടത്തിലായി. 319 ഓഹരികളാണ് ഇന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന ഉയരം താണ്ടിയത്. 12 ഓഹരികള്‍ താഴ്ന്ന വിലയിലുമെത്തി.
ആറ് ഓഹരികള്‍ ഇന്ന് അപ്പര്‍സര്‍ക്യൂട്ടിലുണ്ട്. മൂന്ന് ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലും.
ബി.എസ്.ഇയിലെ നിക്ഷേപകരുടെ നേട്ടം ഇന്ന് 3.19 ലക്ഷം കോടി രൂപയാണ്.
ഓഹരികളുടെ കുതിപ്പും കിതപ്പും
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടൈറ്റന്‍, എച്ച്.ഡി.എഫ്.സി ബാങ്ക്, റിലയന്‍സ്, ബജാജ് ഫിനാന്‍സ് എന്നിവയാണ് ഇന്ന് സെന്‍സെക്‌സിലെ മുഖ്യ നേട്ടക്കാര്‍. മാരുതി, ഐ.സി.ഐ.സി.ഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ബജാജ് ഫിന്‍സെര്‍വ്, കൊട്ടക് ബാങ്ക് എന്നിവയാണ് കൂടുതല്‍ നഷ്ടം കുറിച്ചത്.
ഓട്ടോ ഓഹരികളിലെ മുന്നേറ്റം മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയ്ക്കും ഗുണമായി. ഓഹരി ഇന്ന് മൂന്ന് ശതമാനം ഉയര്‍ച്ച കാഴ്ചവച്ചതോടെ വിപണി മൂല്യത്തില്‍ രാജ്യത്തെ വമ്പൻ വാഹന ഓഹരികളിൽ  ഒരുവേള ടാറ്റ മോട്ടോഴ്‌സിനെ പിന്തള്ളി മഹീന്ദ്ര രണ്ടാം സ്ഥാനത്തെത്തി. 52 ആഴ്ചയിലെ ഉയര്‍ന്ന വിലയിലുമെത്തി ഓഹരി ഇന്ന്. 
വ്യാപാരാന്ത്യത്തില്‍ പക്ഷെ ടാറ്റ സ്ഥാനം തിരിച്ചു പിടിച്ചു.
 നിലവിലെ  വിലയനുസരിച്ച് 3.43 ലക്ഷം കോടി രൂപയാണ് മഹീന്ദ്രയുടെ വിപണി മൂല്യം. ടാറ്റ മോട്ടോഴ്‌സിന്റെത് 3.62 ലക്ഷം കോടിയും. ഒന്നാം സ്ഥാനത്ത് മാരുതിയാണ്.

പ്രമുഖ സ്വകാര്യ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയെ ഏറ്റെടുക്കാന്‍ നീക്കം നടക്കുന്നുവെന്ന വാര്‍ത്തകള്‍ ഇന്ന് എല്‍.ഐ.സി ഓഹരികളെ ആറ് ശതമാനത്തിലധികം ഉയര്‍ത്തി.

പെന്ന സിമന്റിനെ ഏറ്റെടുത്ത ഗൗതം അദാനിയുടെ അംബുജ സിമന്റ്‌സ് ഓഹരി വില ഇന്ന് നാല് ശതമാനം ഉയര്‍ന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന വില തൊട്ടു. സിമന്റ് ഉത്പാദന വിപണിയില്‍ സാന്നിധ്യം വര്‍ധിപ്പിക്കാനാണ് പുതിയ ഏറ്റെടുക്കല്‍.

Also Read: സിമന്റ് ബിസിനസിലും രാജാവാകാന്‍ അദാനി: പ്രമുഖ ബ്രാന്‍ഡിനെ സ്വന്തമാക്കിയത് 10,000 കോടിക്ക്

അദാനി ഗ്രൂപ്പിലെ മുഖ്യ കമ്പനിയായ അദാനി എന്റര്‍പ്രൈസസിലെ ഓഹരി വിഹിതം ഇന്ന് ഗൗതം അദാനി വര്‍ധിപ്പിച്ചിട്ടുണ്ട്. ഓഹരി വിപണി വ്യാപാരം അവസാനിപ്പിച്ച ശേഷമാണ് കമ്പനി ഇത് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചത്. അദാനി എന്റര്‍പ്രൈസസ് ഓഹരി ഇന്ന് 1.23 ശതമാനം ഉയര്‍ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. അദാനി പവറും എന്‍.ഡി.ടി.വിയും ഒഴികെയുള്ള ഗ്രൂപ്പിലെ മറ്റ് ഓഹരികളെല്ലാം ഇന്ന് നേട്ടത്തിലാണ്.

ബ്രോക്കറേജ് സ്ഥാപനമായ ഇന്‍വെസ്റ്റ്‌കോ വേദാന്തയ്ക്ക 'ഹോള്‍ഡ്' (കൈവശം വയ്ക്കുക) സ്റ്റാറ്റസ് നല്‍കിയതോടെ ഓഹരി വില ഒരു ശതമാനത്തിലധികം ഉയര്‍ന്നു.

മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ്, എ.ബി.ബി ഇന്ത്യ, എല്‍.ഐ.സി, ഭാരത് ഡൈനാമിക്‌സ്, സീമെന്‍സ് എന്നിവയാണ് ഇന്ന് നിഫ്റ്റി 200നെ മുന്നില്‍ നിന്ന് നയിച്ചത്.

റൈറ്റ്‌സ് ഓഹരി ഇന്ന് നാല് ശതമാനം ഉയര്‍ന്നു. ഡി.എം.ആര്‍.സിയുമായി കരാറിലേര്‍പ്പെട്ടതാണ് കാരണം.

ജെഫറീസില്‍ നിന്ന് ഹോള്‍ഡ് സ്റ്റാറ്റസ് ലഭിച്ച എച്ച്.സി.എല്‍ ടെക് ഇന്ന് ഇടിവിലാണ്.

ഇന്ന് നഷ്ടത്തിലായവര്‍

എംഫസിസ്, ഒബ്‌റോയി റിയല്‍റ്റി, ഇപ്ക ലബോറട്ടറീസ്, ഒറാക്കിള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, കൊഫോര്‍ജ് എന്നിവയാണ് ഇന്ന് നിഫ്റ്റി 200ലെ മുഖ്യ നഷ്ടക്കാര്‍.

ഡീലില്‍ ഉയര്‍ന്ന് വോഡഫോണ്‍

മൊബൈല്‍ ടവര്‍ ഓപ്പറേറ്റര്‍മാരായ ഇന്‍ഡസ് ടവേഴ്‌സിന്റെ മുഴുവന്‍ ഓഹരികളും വില്‍ക്കാന്‍ വോഡഫോണ്‍ തീരുമാനിച്ചു. വോഡഫോണ്‍ ഗ്രൂപ്പിലെ വിവിധ സ്ഥാപനങ്ങള്‍ വഴി 230 കോടി ഡോളറിന്റ ഓഹരിയാണ് സ്വന്തമാക്കിയിട്ടുള്ളത്. ബ്ലോക്ക് ഡീല്‍ വഴി അടുത്തയാഴ്ച മുഴുവന്‍ ഓഹരികളും വില്‍ക്കുമെന്നാണ് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട്.
റിപ്പോര്‍ട്ടിനു പിന്നാലെ വോഡഫോണ്‍ ഓഹരികള്‍ ഇന്ന് അഞ്ച് ശതമാനത്തോളം കുതിച്ചു കയറി. അതേ സമയം ഇന്‍ഡസ് ടവേഴ്‌സ് ഓഹരികള്‍ ഉയര്‍ച്ചയില്‍ നിന്ന് താഴേക്ക് നീങ്ങി. ഡീല്‍ നടപ്പാക്കാനായി വോഡഫോണ്‍ ബാങ്ക് ഓഫ് അമേരിക്ക, മോര്‍ഗന്‍ സ്റ്റാന്‍ലി, ബി.എന്‍.പി പരിബാസ് എന്നിവയെ ഏല്‍പ്പിച്ചിട്ടുണ്ട്.
വോഡഫോണ്‍ ഗ്രൂപ്പിന് ഇന്‍ഡസ് ടവേഴ്‌സിലുള്ള 21.05 ശതമാനം ഓഹരികള്‍ ഭാരതി എയര്‍ടെല്‍ വാങ്ങാന്‍ നീക്കം നടക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഭാരതി എയര്‍ടെല്‍ ആ വാര്‍ത്തകള്‍ നിഷേധിക്കുകയുണ്ടായി. സുനില്‍ മിത്തലിന്റെ ഭാരതി എയര്‍ടെല്ലാണ് 47.95 ശതമാനം ഓഹരിയുമായി ഇന്‍ഡസ് ടവേഴ്‌സിന്റെ മുഖ്യ ഓഹരിയുടമകള്‍.
പ്രതിരോധ ഓഹരികള്‍ക്ക് മുന്നേറ്റം
ഷിപ്പ് നിര്‍മാണ, പ്രതിരോധ ഓഹരികള്‍ ഗംഭീര തിരിച്ചു വരവിലാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ജൂണ്‍ നാലിന് നഷ്ടപ്പെടുത്തിയ നേട്ടമെല്ലാം തിരിച്ചു പിടിക്കുകയാണ് ഈ ഓഹരികള്‍. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ്, പരാസ് ഡിഫന്‍സ് ആന്‍ഡ് സ്‌പേസ് ടെക്‌നോളജീസ്, ഭാരത് ഇലക്ട്രോണിക്‌സ്, ഭാരത് ഫോര്‍ജ് എന്നിവ ജൂണ്‍ മൂന്നിലെ ക്ലോസിംഗ് നിലയില്‍ നിന്ന് 25 ശതമാനത്തോളം തിരിച്ചു കയറി. മസഗോണ്‍ ഡോക്ക് ഇന്ന് 14 ശതമാനം ഉയര്‍ച്ചയുമായാണ് നിഫ്റ്റി 200നെ നയിക്കുന്നത്. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരി 5.39 ശതമാനം ഉയര്‍ന്നു.
തിളക്കമായി പോപ്പുലര്‍
കേരള കമ്പനികളില്‍ ഇന്ന് കൂടുതല്‍ മുന്നേറ്റം കാഴ്ചവച്ചത് പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസാണ്. 11.37 ശതമാനം നേട്ടത്തോടെ 256.50 രൂപയിലാണ് ഓഹരിയുള്ളത്. ഓട്ടോ ഓഹരികളിലുണ്ടായ മുന്നേറ്റമാണ് പോപ്പുലറിനും നേട്ടമായത്.
പ്രൈമ ഇന്‍ഡസ്ട്രീസ് (6.78 ശതമാനം), കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് (5.39 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.95ശതമാനം), മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് (3 ശതമാനം) എന്നിവയാണ് നേട്ടത്തില്‍ ആദ്യമെത്തിയ മറ്റ് കേരള കമ്പനി ഓഹരികള്‍.

കേരള കമ്പനി ഓഹരികളുടെ ഇന്നത്തെ പ്രകടനം

വെസ്‌റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്‌സ് (5.11 ശതമാനം), യൂണിറോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്‌സ് (5 ശതമാനം), വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (2.65 ശതമാനം), ആസ്പിന്‍വാള്‍ ആന്‍ഡ് കമ്പനി (2.16 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (1.96 ശതമാനം) എന്നിവയാണ് ഇന്ന് കൂടുതല്‍ നഷ്ടം രുചിച്ച കേരള ഓഹരികള്‍.
ധനകാര്യ മേഖലയിലുള്ള കേരളത്തില്‍ നിന്നുള്ള ബാങ്കുകളുടെ ഓഹരികളും ഇന്ന് നഷ്ടത്തിലായിരുന്നു.
Tags:    

Similar News