റിസര്‍വ് ബാങ്ക് പണനയം തുണച്ചു, നേട്ടം നിലനിര്‍ത്തി ഓഹരികള്‍
സെന്‍സെക്‌സ് 143 പോയിന്റ് ഉയര്‍ന്നു, സമ്മിശ്ര പ്രകടനവുമായി കേരള കമ്പനികള്‍
ഇന്ത്യന്‍ ഓഹരി സൂചികകള്‍ തുടര്‍ച്ചയായ അഞ്ചാം ദിനവും നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് ഇന്ന് 143.66 പോയിന്റ് ഉയര്‍ന്ന് 59,832.97ലും നിഫ്റ്റി 42.10 പോയിന്റ് നേട്ടവുമായി 17,599.15ലുമാണ് വ്യാപാരാന്ത്യമുള്ളത്.
അവധിദിനങ്ങളുടെ ആലസ്യത്തില്‍ വീണ ഓഹരി വിപണിയെ ഇന്ന് സജീവമായി നിര്‍ത്തിയത്, അപ്രതീക്ഷിതമായി റിസര്‍വ് ബാങ്ക് മുഖ്യ പലിശ നിരക്കുകള്‍ നിലനിര്‍ത്തിയതാണ്. റിപ്പോ നിരക്ക് കാല്‍ ശതമാനം (0.25 ശതമാനം) കൂട്ടുമെന്നാണ് പൊതുവേ വിലയിരുത്തിയിരുന്നത്. എന്നാല്‍, ഏവരെയും അമ്പരിപ്പിച്ച് റിസര്‍വ് ബാങ്ക് പലിശനിരക്കുകള്‍ നിലനിര്‍ത്തുകയായിരുന്നു. ഇത് ബാങ്കിംഗ്, ധനകാര്യം, റിയല്‍ എസ്റ്റേറ്റ്, വാഹന ഓഹരികള്‍ക്ക് നേട്ടമായി.
മുന്നേറിയവരും തളര്‍ന്നവരും
അദാനി എന്റര്‍പ്രൈസസ്, ബജാജ് ഫിനാന്‍സ്, ടാറ്റാ മോട്ടോഴ്‌സ്, ബജാജ് ഫിന്‍സെര്‍വ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് എന്നിവയാണ് നേട്ടമുണ്ടാക്കിയ പ്രധാന ഓഹരികള്‍. എച്ച്.സി.എല്‍ ടെക്‌നോളജീസ്, ഒ.എന്‍.ജി.സി., ടൈറ്റന്‍, ആക്‌സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവ നഷ്ടം നേരിട്ടു.
സെന്‍സെക്‌സില്‍ 2,393 കമ്പനികളുടെ ഓഹരി വില ഇന്ന് ഉയര്‍ന്നു. 1,133 കമ്പനികള്‍ നഷ്ടം രേഖപ്പെടുത്തി. 110 കമ്പനികളുടെ ഓഹരി വിലയില്‍ മാറ്റമില്ല. 102 കമ്പനികളുടെ ഓഹരിവില 52-ആഴ്ചയിലെ ഉയരത്തിലെത്തി. 36 കമ്പനികളുടെ ഓഹരിവില 52-ആഴ്ചയിലെ താഴ്ചയിലുമെത്തി. 5 കമ്പനികളുടെ ഓഹരി വില അപ്പര്‍ സര്‍ക്യൂട്ടിലും രണ്ട് കന്രനികളുടേത് ലോവര്‍ സര്‍ക്യൂട്ടിലുമെത്തി.
സമ്മിശ്രം കേരള കമ്പനികള്‍
കേരളം ആസ്ഥാനമായ കമ്പനികള്‍ ഇന്ന് സമ്മിശ്ര പ്രകടനമാണ് നടത്തിയത്. ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍, ധനലക്ഷ്മി ബാങ്ക്, ഈസ്‌റ്റേണ്‍ ട്രെഡ്‌സ്, മുത്തൂറ്റ് ഫിനാന്‍സ്, നീറ്റ ജെലാറ്റിന്‍ തുടങ്ങി 18 കമ്പനികള്‍ നേട്ടം കുറിച്ചു. അപ്പോളോ ടയേഴ്‌സ്, ഫാക്ട്, കല്യാണ്‍ ജുവലേഴ്‌സ്, കിറ്റെക്‌സ് തുടങ്ങിയവ നഷ്ടം നേരിട്ടു.