ഓഹരികളില്‍ മുന്നേറ്റം; സെന്‍സെക്‌സ് വീണ്ടും 63,000ല്‍; നിഫ്റ്റി 18,700 കടന്നു

റിസര്‍വ് ബാങ്ക് പണനയം അനുകൂലമാകുമെന്ന് വിലയിരുത്തല്‍; ഐ.ടി ഓഹരികള്‍ തിരിച്ചുകയറി, 5% മുന്നേറി ആസ്റ്റര്‍

Update:2023-06-07 17:28 IST

ഗോള, ആഭ്യന്തരതലങ്ങളില്‍ നിന്നുള്ള അനുകൂല വാര്‍ത്തകളുടെ കരുത്തില്‍ ഇന്ന് ഇന്ത്യന്‍ ഓഹരി സൂചികകള്‍ കുറിച്ചിട്ടത് മികച്ച നേട്ടം. സെന്‍സെക്‌സ് 2023ല്‍ ആദ്യമായി 63,000 ഭേദിച്ച് വ്യാപാരം പൂര്‍ത്തിയാക്കി. നിഫ്റ്റി 18,700 ഭേദിച്ചു. ഇന്നലെ വന്‍തിരിച്ചടി നേരിട്ട ഐ.ടി ഓഹരികള്‍ ഇന്ന് നേട്ടത്തിലേറി.

വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം 


 350.08 പോയിന്റ് (0.56 ശതമാനം) മുന്നേറി 63,142.96ലാണ് വ്യാപാരാന്ത്യം സെന്‍സെക്‌സുള്ളത്. നിഫ്റ്റി 127.40 പോയിന്റ് (0.68 ശതമാനം) ഉയര്‍ന്ന് 18,726ലും. ഇന്ന് നിഫ്റ്റി ഒരുവേള 18,636 വരെ താഴുകയും 18,738 വരെ ഉയരുകയും ചെയ്തിരുന്നു. 63,196 വരെ ഉയര്‍ന്ന ശേഷമാണ് സെന്‍സെക്‌സ് നേട്ടം നിജപ്പെടുത്തിയത്.

സെന്‍സെക്‌സില്‍ ഇന്ന് 2,295 കമ്പനികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1,267 കമ്പനികള്‍ നഷ്ടം നേരിട്ടു. 136 കമ്പനികളുടെ ഓഹരിവിലയില്‍ മാറ്റമുണ്ടായില്ല.
നടപ്പുവര്‍ഷത്തെ (2023-24) രണ്ടാമത്തെ ദ്വൈമാസ പണനയം റിസര്‍വ് ബാങ്ക് നാളെ പ്രഖ്യാപിക്കും. പലിശനിരക്കുകള്‍ നിലനിറുത്തിയേക്കുമെന്ന പ്രതീക്ഷകള്‍ ശക്തമാണ്. മാത്രമല്ല, പണപ്പെരുപ്പ അനുമാനനിരക്ക് റിസര്‍വ് ബാങ്ക് കുറയ്ക്കുമെന്ന വിലയിരുത്തലുകളുമുണ്ട്.  ആഗോളതലത്തില്‍ പ്രമുഖ കേന്ദ്രബാങ്കുകളെല്ലാം പലിശകൂട്ടുന്ന ട്രെന്‍ഡിന് വിരാമമിടുകയാണെന്ന വാര്‍ത്തകളും നേട്ടമായി.
നേട്ടത്തിലേറിയവര്‍
സെന്‍സെക്‌സില്‍ 257 കമ്പനികള്‍ ഇന്ന് 52-ആഴ്ചത്തെ ഉയരത്തിലും 30 കമ്പനികള്‍ 52-ആഴ്ചത്തെ താഴ്ചയിലുമെത്തി. 8 കമ്പനികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും 5 കമ്പനികള്‍ ലോവര്‍ സര്‍ക്യൂട്ടിലുമാണ് വ്യാപാരം ചെയ്യപ്പെട്ടത്. അപ്പര്‍ സര്‍ക്യൂട്ട് ലിമിറ്റ് 5 ശതമാനത്തില്‍ നിന്ന് 10 ശതമാനത്തിലേക്ക് ഉയര്‍ത്തിയതോടെ അദാനി പവര്‍ 5 ശതമാനത്തിലേറെ മുന്നേറി.
അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്‌സ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്മിഷന്‍, അദാനി വില്‍മാര്‍, എന്‍.ഡി.ടിവി എന്നിവയും നേട്ടത്തിലേറി. അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്മിഷന്‍ എന്നിവയുടെയും അപ്പര്‍ സര്‍ക്യൂട്ട് ലിമിറ്റ് 5 ശതമാനമാക്കിയിട്ടുണ്ട്.
ഇന്ന് ഏറ്റവുമധികം നേട്ടം കുറിച്ചവർ 

 

മഹാരാഷ്ട്ര സര്‍ക്കാരില്‍ നിന്ന് 27,000 കോടി രൂപയുടെ ഹൈഡ്രോ പ്രോജക്ട് കരാര്‍ ലഭിച്ചതിന്റെ കരുത്തില്‍ ടോറന്റ് പവര്‍ ഓഹരികള്‍ ഇന്ന് 16 ശതമാനം കുതിച്ചുയര്‍ന്നു. വൊഡാഫോണ്‍ ഐഡിയ (വി) 8.51 ശതമാനം നേട്ടമുണ്ടാക്കി. ടാറ്റാ ടെലി മഹാരാഷ്ട്ര, മാക്‌സ് ഹെല്‍ത്ത്‌കെയര്‍, എച്ച്.പി.സി.എല്‍ എന്നിവയാണ് ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍.
ഇന്നലെ ഒരു ശതമാനത്തിലധികം ഇടിഞ്ഞ നിഫ്റ്റി ഐ.ടി സൂചിക ഇന്ന് 0.78 ശതമാനം നേട്ടത്തിലാണ്. എല്ലാ ഓഹരി വിഭാഗങ്ങളും ഇന്ന് നേട്ടം രേഖപ്പെടുത്തിയിട്ടുണ്ട്. നിഫ്റ്റി എഫ്.എം.സി.ജി., മെറ്റല്‍, റിയാല്‍റ്റി, ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നിവ ഒരു ശതമാനത്തിലധികം ഉയര്‍ന്നു.
നെസ്‌ലെ, ടാറ്റാ സ്റ്റീല്‍, ടാറ്റാ മോട്ടോഴ്‌സ്, പവര്‍ ഗ്രിഡ്, ഭാരതി എയര്‍ടെല്‍, ടി.സി.എസ്., എന്‍.ടി.പി.സി., എല്‍ ആന്‍ഡ് ടി എന്നിവയിലുണ്ടായ മികച്ച വാങ്ങല്‍ താത്പര്യവും ഇന്ന് ഓഹരി സൂചികകളെ നേട്ടത്തില്‍ നിലനിറുത്തി. ആക്‌സിസ് ബാങ്ക് ഓഹരികള്‍ ഇന്ന് 52-ആഴ്ചത്തെ ഉയരത്തിലെത്തുകയും മൊത്തം വിപണിമൂല്യം മൂന്ന് ലക്ഷം കോടി രൂപയെന്ന നാഴികക്കല്ല് താണ്ടുകയും ചെയ്തു.
നഷ്ടത്തിലേക്ക് വീണവര്‍
ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ടവർ 

 

കോട്ടക് ബാങ്ക്, മാരുതി സുസുക്കി, ബജാജ് ഫിനാന്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയില്‍ ഇന്ന് വില്‍പന സമ്മര്‍ദ്ദമുണ്ടായി. വരുണ്‍ ബീവറേജസ്, പോളിക്യാബ് ഇന്ത്യ, എന്‍.എച്ച്.പി.സി., സി.ജി പവര്‍ എന്നിവയാണ് ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ട ഓഹരികള്‍.
ആസ്റ്റര്‍ കുതിച്ചു; കപ്പല്‍ശാല കിതച്ചു
കേരളം ആസ്ഥാനമായ ഓഹരികളില്‍ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ഇന്ന് 5.48 ശതമാനം മുന്നേറി. ഈസ്‌റ്റേണ്‍ ട്രെഡ്‌സ് 2.04 ശതമാനം, വെര്‍ട്ടെക്‌സ് 2.27 ശതമാനം, മണപ്പുറം ഫിനാന്‍സ് 2.73 ശതമാനം എന്നിങ്ങനെയും നേട്ടമുണ്ടാക്കി.
കേരള കമ്പനികളുടെ ഇന്നത്തെ പ്രകടനം 

 

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികള്‍ക്ക് കഴിഞ്ഞ ദിവസങ്ങളിലെ നേട്ടം നിലനിറുത്താനായില്ല, ഇന്ന് 3.47 ശതമാനം താഴേക്കിറങ്ങി. പാറ്റ്‌സ്പിന്‍ 3.34 ശതമാനവും നിറ്റ ജെലാറ്റിന്‍ 2.10 ശതമാനവും നഷ്ടം നേരിട്ടു. കല്യാണ്‍ ജുവലേഴ്‌സ്, കിംഗ്‌സ് ഇന്‍ഫ്ര, മുത്തൂറ്റ് കാപ്പിറ്റല്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക്, വി-ഗാര്‍ഡ് എന്നിവയും നഷ്ടത്തിലാണ്.
രൂപയ്ക്ക് ഉണര്‍വ്; ചാഞ്ചാട്ടി ക്രൂഡോയില്‍
ഓഹരിവിപണികളിലെ ആവേശം ഇന്ന് രൂപയ്ക്കും ഊര്‍ജമായി. ഡോളറിനെതിരെ 82.54ലാണ് വ്യാപാരാന്ത്യം രൂപ. ഇന്നലെ മൂല്യം 82.60 ആയിരുന്നു. ഓഹരികളിലേക്ക് വന്‍തോതില്‍ വിദേശ നിക്ഷേപമെത്തുന്നത് രൂപയ്ക്ക് കരുത്താകുന്നുണ്ട്. റിസര്‍വ് ബാങ്കിന്റെ പണനയം അനുകൂലമാകുമെന്ന വിലയിരുത്തലുകളും ഗുണം ചെയ്യുന്നു.
ക്രൂഡോയില്‍ വിലയില്‍ ഇന്ന് വലിയ ചാഞ്ചാട്ടമുണ്ടായി. ഒരുവേള ബാരലിന് 75 ഡോളറിലേക്ക് ഇടിഞ്ഞ ബ്രെന്റ് ക്രൂഡ് പിന്നീട് 77 ഡോളറിലേക്ക് കയറി. 71 ഡോളറില്‍ നിന്ന് ഡബ്ല്യു.ടി.ഐ ക്രൂഡ് 72.65 ഡോളറിലുമെത്തി.
Tags:    

Similar News