ഉണര്‍വില്ലാതെ ഓഹരി വിപണി; പ്രവര്‍ത്തനഫലങ്ങളില്‍ ആശങ്ക
മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം നേട്ടത്തിലേറിയെങ്കിലും കുതിപ്പില്ലാതെ സൂചികകള്‍: അദാനി പവര്‍ ഓഹരികള്‍ 5% മുന്നേറി
അനുകൂല തരംഗങ്ങളുടെ അഭാവവും വന്‍കിട കമ്പനികളുടെ മാര്‍ച്ച്പാദ പ്രവര്‍ത്തനഫലങ്ങള്‍ സംബന്ധിച്ച ആശങ്കകളും മൂലം ഇന്ത്യന്‍ ഓഹരി സൂചികകളില്‍ ഇന്ന് ദൃശ്യമായത് നിര്‍ജീവ പ്രകടനം. സെന്‍സെക്‌സ് 64.55 പോയിന്റ് മാത്രം ഉയര്‍ന്ന് വ്യാപാരം അവസാനിപ്പിച്ചത് 59,632.35ല്‍. നിഫ്റ്റിയുള്ളത് 17,624.45ല്‍. ഇന്നത്തെ നേട്ടം വെറും 5.70 പോയിന്റ്.
ബാങ്കിംഗ് ഓഹരികളില്‍ വാങ്ങല്‍ താത്പര്യം കണ്ടെങ്കിലും ഐ.ടി., ധനകാര്യ ഓഹരികള്‍ നേരിടുന്ന വില്‍പന സമ്മര്‍ദ്ദമാണ് സൂചികകളെ വലിയ മുന്നേറ്റത്തില്‍ നിന്ന് അകറ്റിനിര്‍ത്തുന്നത്. ഏഷ്യന്‍ പെയിന്റ്‌സ്, എന്‍.ടി.പി.സി., ടാറ്റാ മോട്ടോഴ്‌സ്, എല്‍ ആന്‍ഡ് ടി., ഭാരതി എര്‍ടെല്‍, എസ്.ബി.ഐ., വിപ്രോ, മാരുതി സുസുക്കി എന്നിവയാണ് ഇന്ന് സെന്‍സെക്‌സില്‍ ഏറ്റവും മികച്ച നേട്ടം സ്വന്തമാക്കിയ മുന്‍നിര ഓഹരികള്‍. അദാനി പവര്‍, ജെ.എസ്.ഡബ്ല്യു എനര്‍ജി, കമ്മിന്‍സ് ഇന്ത്യ, പേജ് ഇന്‍ഡസ്ട്രീസ്, ഡെല്‍ഹിവെറി എന്നിവയും മികച്ച നേട്ടം കുറിച്ചു.
വൈദ്യുത വാഹനോത്പാദന മേഖലയില്‍ 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങുന്നുവെന്ന ഉപകമ്പനിയായ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ പ്രഖ്യാപനമാണ് ടാറ്റാ മോട്ടോഴ്‌സിന്റെ ഓഹരികളിലേക്ക് നിക്ഷേപകരെ ആകര്‍ഷിച്ചത്. എച്ച്.യു.എല്‍., സണ്‍ഫാര്‍മ, ഇന്‍ഫോസിസ്, അള്‍ട്രടെക് സിമന്റ്, ബജാജ് ഫിനാന്‍സ്, ഇന്ത്യന്‍ ബാങ്ക്, വരുണ്‍ ബീവറേജസ്, ഡിവീസ് ലാബ്, ടി.വി.എസ് മോട്ടോര്‍, ഗ്‌ളാന്‍ഡ് ഫാര്‍മ എന്നിവ നഷ്ടത്തിലേക്ക് വീണു.
ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസിന്റെ ഓഹരിവില 5 ശതമാനത്തോളം താഴ്ന്നു. ടാറ്റാ കമ്മ്യൂണിക്കേഷന്‍സ് മൂന്ന് ശതമാനം നേട്ടം കുറിച്ചു. മികച്ച പ്രവര്‍ത്തനഫലത്തിന്റെ പശ്ചാത്തലത്തില്‍ മാസ്‌ടെക് ഓഹരികള്‍ 11 ശതമാനം നേട്ടം രേഖപ്പെടുത്തി. മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം രൂപയും ഇന്ന് നേട്ടത്തിലാണുള്ളത്. ഡോളറിനെതിരെ 82.22ല്‍ വ്യാപാരം തുടങ്ങിയ രൂപ, വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തോടെ 82.14ല്‍.