പച്ച പുതച്ച് വിപണി; ആവേശ ട്രാക്കില്‍ ഐ.ആര്‍.എഫ്.സിയും ഐ.ആര്‍.സി.ടി.സിയും, കേരള ഓഹരികളിലും മുന്നേറ്റം

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് 6% കുതിച്ചു, മുന്നേറി മണപ്പുറം ഫിനാന്‍സ്; 44% ലിസ്റ്റിംഗ് നേട്ടവുമായി ഐനോക്‌സ്

Update: 2023-12-21 12:25 GMT

ലാഭമെടുപ്പിന്റെ കാഹളത്തിലകപ്പെട്ട് ബുധനാഴ്ച നഷ്ടത്തിലേക്ക് തകിടംമറിഞ്ഞ ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്ന് പച്ചപ്പണിഞ്ഞ് നേട്ടത്തിലേക്ക് ഉയിര്‍ത്തെണീറ്റു. ഇന്നലത്തെ വീഴ്ചയുടെ ആലസ്യം ഇന്ന് വ്യാപാരത്തിന്റെ ആദ്യ മണിക്കൂറുകളിലും നിറഞ്ഞെങ്കിലും വൈകാതെ ഓഹരികള്‍ സടകുടഞ്ഞ് നേട്ടത്തിലേക്ക് ചുവടുവച്ചു.

നഷ്ടത്തോടെയാണ് മുഖ്യ സൂചികകള്‍ ഇന്ന് വ്യാപാരം തുടങ്ങിയത്. 69,920ലായിരുന്നു സെന്‍സെക്‌സിന്റെ തുടക്കം. പിന്നീട് നഷ്ടം നിജപ്പെടുത്തിയെങ്കിലും ചാഞ്ചാട്ടം വിട്ടുമാറിയില്ല. ഉച്ചയ്ക്ക് ശേഷം പക്ഷേ, മികച്ച വാങ്ങല്‍ താത്പര്യങ്ങളുണ്ടായി. ഒരുവേള സെന്‍സെക്‌സ് 70,958 വരെ ഉയര്‍ന്നു. വ്യാപാരാന്ത്യത്തിലുള്ളത് 70,865ല്‍. ഇന്നത്തെ നേട്ടം 358 പോയിന്റ് (0.51%). 104 പോയിന്റ് (0.5%) നേട്ടവുമായി 21,255ലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. ഇന്നൊരുവേള നിഫ്റ്റി 20,976 വരെ ഇടിയുകയും 21,288 വരെ ഉയരുകയും ചെയ്തിരുന്നു.
വിപണിയുടെ ട്രെന്‍ഡ്
ഇന്നലെ ഏതാണ്ടെല്ല ഓഹരികളും ഓഹരി വിഭാഗങ്ങളും ചോരച്ചുവപ്പാണ് അണിഞ്ഞതെങ്കില്‍ ഇന്നാകെ കണ്ടത് പച്ചപ്പാണ്. വിശാല വിപണിയില്‍ എല്ലാ ഓഹരി വിഭാഗങ്ങളും പച്ചതൊട്ടു. ഇന്നലെ കനത്ത നഷ്ടത്തിലേക്ക് വീണ നിഫ്റ്റി പി.എസ്.യു ബാങ്ക്, മെറ്റല്‍, റിയല്‍റ്റി, മീഡിയ സൂചികകള്‍ ഇന്ന് വന്‍ തിരിച്ചുവരവ് നടത്തി.
വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം 

 

നിഫ്റ്റി പി.എസ്.യു ബാങ്ക് 1.64 ശതമാനം, റിയല്‍റ്റി 0.92 ശതമാനം, മെറ്റല്‍ 1.38 ശതമാനം, മീഡിയ 2.49 ശതമാനം എന്നിങ്ങനെ നേട്ടമെഴുതി. ക്രൂഡോയില്‍ വിലക്കുറവിന്റെയും വിന്‍ഡ്‌ഫോള്‍ നികുതിയിളവിന്റെയും പശ്ചാത്തലത്തില്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് ഓഹരികളും മുന്നേറി. നിഫ്റ്റി ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികയുടെ നേട്ടം 1.73 ശതമാനം.
നിഫ്റ്റി മിഡ്ക്യാപ്പ് 1.69 ശതമാനവും സ്‌മോള്‍ക്യാപ്പ് 1.94 ശതമാനവും ഉയര്‍ന്നു. ബാങ്ക് നിഫ്റ്റി 0.83 ശതമാനം നേട്ടവുമായി 47,840ലേക്ക് ഇരച്ചെത്തി.
ഇവരാണ് താരങ്ങള്‍
ഇന്നലെ ലാഭമെടുപ്പില്‍ മുങ്ങിയ റെയില്‍വേ ഓഹരികള്‍ ഇന്ന് ലാഭത്തിലേക്ക് കത്തിക്കയറി. ഇന്ത്യന്‍ റെയില്‍വേ വലിയ വികസന പദ്ധതികളിലേക്കും ചരക്കുനീക്കത്തില്‍ പുതിയ ലക്ഷ്യത്തിലേക്കും കടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് മുന്നേറ്റം.
ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (IRFC) 7.46 ശതമാനവും ബിസിനസ് വൈവിധ്യവത്കരണത്തിനൊരുങ്ങുന്ന ഐ.ആര്‍.സി.ടി.സി 6.61 ശതമാനവും മുന്നേറി. ഇരു കമ്പനികളും നിഫ്റ്റി 200ല്‍ ഇന്ന് നേട്ടത്തില്‍ മുന്നിലെത്തി.
ഡെല്‍ഹിവെറി (5.95%), സോന ബി.എല്‍.ഡബ്ല്യു (5.95%). ഓറോബിന്ദോ ഫാര്‍മ (5.64%) എന്നിവയാണ് ഇവയ്ക്ക് തൊട്ടുപിന്നാലെയുള്ളത്. പവര്‍ഗ്രിഡ്, ബി.പി.സി.എല്‍., ബ്രിട്ടാനിയ, അപ്പോളോ ഹോസ്പിറ്റല്‍സ്, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവയും ഇന്ന് നേട്ടം കൊയ്തു. കൊച്ചിയില്‍ 5,000 കോടിയുടെ പുതിയ പോളിപ്രൊപ്പിലീന്‍ ഉത്പാദന യൂണിറ്റ് ആരംഭിക്കുമെന്ന്  ബി.പി.സി.എല്‍ പ്രഖ്യാപിച്ചിരുന്നു (Read More). ഓഹരി വില ഇന്ന് 2.23 ശതമാനം ഉയർന്നു.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ 

 

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തില്‍ നിന്നുള്ള ഓര്‍ഡറുകളുടെ കരുത്തില്‍ കപ്പല്‍ശാലാ ഓഹരികളും ഇന്ന് നേട്ടത്തിന്റെ ഓളങ്ങളിലേറി. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരി 6.02 ശതമാനം ഉയര്‍ന്നു. വ്യാപാരാന്ത്യം ഓഹരി വില 1,297 രൂപയാണ്. ഒരുവേള വില 1,300 രൂപ തൊട്ടിരുന്നു. മാസഗോണ്‍ ഡോക്ക് ഓഹരി 3.65 ശതമാനം നേട്ടം കുറിച്ചു. ഇരു കമ്പനികളും മള്‍ട്ടിബാഗറുകളാണ്. കൊച്ചി കപ്പല്‍ശാലയ്ക്ക് 488.25 കോടി രൂപയുടെയും മാസഗോണിന് 1,600 കോടി രൂപയുടെയും ഓര്‍ഡറുകളാണ് ലഭിച്ചത്
(Read more)
.
പ്രൊമോട്ടര്‍മാര്‍ ബ്ലോക്ക് ഡീലിലൂടെ 12 ശതമാനം ഓഹരി വിറ്റഴിച്ച ആമി ഓര്‍ഗാനിക്‌സ് ഓഹരികള്‍ ആദ്യം 3 ശതമാനത്തിലേറെ ഇടിഞ്ഞെങ്കിലും പിന്നീട് 5 ശതമാനത്തിനുമേല്‍ ഉയര്‍ന്നു. ലയനത്തിന് ഒരുമാസം സാവകാശം നല്‍കാമെന്ന സോണിയുടെ അഭിപ്രായത്തെ തുടര്‍ന്ന് സീ എന്റര്‍ടെയ്ന്‍മെന്റ് ഓഹരി ഇന്ന് 4 ശതമാനം ഉയര്‍ന്നു.
ജനുവരി അവസാനം വരെയാണ് ലയനത്തിന് സമയം. 1,000 കോടി ഡോളറിന്റെ അഥവാ 83,300 കോടി രൂപ മൂല്യമുള്ള ബ്രഹ്‌മാണ്ഡ മീഡിയ കമ്പനിയാണ് ഇരുവരും ലയിച്ചുണ്ടാവുക. പുതിയ കമ്പനിയില്‍ 51 ശതമാനം ഓഹരികള്‍ സോണി പിക്‌ചേഴ്‌സിന്റെ കൈവശമായിരിക്കും. 3.99 ശതമാനം സീ സ്ഥാപകര്‍ കൈവശം വയ്ക്കും. ബാക്കി പൊതു ഓഹരി ഉടമകളുടെ കൈവശവുമായിരിക്കും.
ഉയിര്‍ത്തെണീല്‍പ്പിന് പിന്നില്‍
കഴിഞ്ഞ ദിവസങ്ങളിലെ റെക്കോഡ് കുതിപ്പ് മുതലെടുത്താണ് പ്രധാനമായും ഇന്നലെ നിക്ഷേപകര്‍ ലാഭമെടുപ്പിന് മുതിര്‍ന്നത്. വില വന്‍തോതില്‍ കുറഞ്ഞതോടെ നിരവധി ഓഹരികളില്‍ ഇന്ന് വാങ്ങള്‍ താത്പര്യമുണ്ടായി.
അമേരിക്കന്‍ സര്‍ക്കാരിന്റെ 10-വര്‍ഷ ബോണ്ടുകളുടെ യീല്‍ഡ് (കടപ്പത്രത്തില്‍ നിന്നുള്ള ആദായനിരക്ക്) 5-മാസത്തെ താഴ്ചയായ 3.85 ശതമാനത്തിലേക്ക് ഇടിഞ്ഞത് നിക്ഷേപകരെ ഓഹരികളിലേക്ക് നിക്ഷേപം മാറ്റാന്‍ പ്രേരിപ്പിച്ചു. അമേരിക്കന്‍ ഓഹരികള്‍ നേട്ടത്തിലേറിയതിന്റെ സ്വാധീനം ഇന്ത്യയിലും അലയടിച്ചു.
നിഫ്റ്റി 50ല്‍ ഇന്ന് 38 ഓഹരികള്‍ നേട്ടത്തിലും 12 എണ്ണം നഷ്ടത്തിലുമായിരുന്നു. ബി.എസ്.ഇയില്‍ 2,649 ഓഹരികള്‍ നേട്ടത്തിലേറിയപ്പോള്‍ 1,134 ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു. 113 ഓഹരികളുടെ വില മാറിയില്ല. 155 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരത്തിലും 36 ഓഹരികള്‍ താഴ്ചയിലുമായിരുന്നു. അപ്പര്‍-സര്‍കീട്ട് ഇന്നും ഒഴിഞ്ഞുകിടന്നു. ലോവര്‍-സര്‍കീട്ടില്‍ ഒരു കമ്പനിയുണ്ടായിരുന്നു.
ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ മൊത്ത നിക്ഷേപകമൂല്യം ഇന്ന് 4 ലക്ഷം കോടി രൂപയോളം ഉയര്‍ന്ന് 354.09 ലക്ഷം കോടി രൂപയിലെത്തി. ഇന്ന് 9 ലക്ഷം കോടി രൂപ കൊഴിഞ്ഞിരുന്നു.

നിരാശപ്പെടുത്തിയവര്‍

ഓഹരി സൂചികകളുടെ കരകയറ്റത്തിനിടയിലും നിരാശപ്പെടുത്തിയവര്‍ നിരവധി. ഇന്ത്യന്‍ ബാങ്ക്, പ്രസ്റ്റീജ് എസ്‌റ്റേറ്റ്‌സ്, ബജാജ് ഓട്ടോ, ബജാജ് ഫിനാന്‍സ്, ബജാജ് ഹോള്‍ഡിംഗ്‌സ് എന്നിവയാണ് നിഫ്റ്റി 200ല്‍ ഏറ്റവുമധികം നഷ്ടം നേരിട്ടത്. ആക്‌സിസ് ബാങ്ക്, എച്ച്.സി.എല്‍ ടെക്, സിപ്ല എന്നിവയും നിരാശപ്പെടുത്തി.

ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ 


 വായ്പാ കുടിശിക ഒഴിവാക്കാന്‍ ഓള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുകളുടെ (AIF) ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ (NBFCs) ആശ്രയിച്ചിരുന്നു. ഇത് കൃത്രിമമാര്‍ഗമാണെന്നും ഇനി വേണ്ടെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചത് എന്‍.ബി.എഫ്.സി ഓഹരികളെ വലയ്ക്കുകയായിരുന്നു.

തിളങ്ങി കേരള ഓഹരികളും
ഇന്നലെ നിലംതൊടാതിരുന്ന കേരള ഓഹരികളില്‍ ഒട്ടുമിക്കവയും തന്നെ ഇന്ന് മികച്ച നേട്ടത്തില്‍ കാലുറപ്പിച്ച് നിന്നു. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റേതായിരുന്നു മികച്ച പ്രകടനം. ഹാരിസണ്‍സ് മലയാളം 8.66 ശതമാനം ഉയര്‍ന്നു. കഴിഞ്ഞപാദത്തിലെ പ്രവര്‍ത്തനഫലം ഇന്നലെ കമ്പനി പുനഃപ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞ ജൂണ്‍പാദത്തേക്കാള്‍ നഷ്ടം കുറഞ്ഞതും വരുമാനം മെച്ചപ്പെട്ടതും കമ്പനിക്ക് നേട്ടമാണ്.
കേരള കമ്പനികളുടെ പ്രകടനം 

 

ഫാക്ട്, ധനലക്ഷ്മി ബാങ്ക്, കിംഗ്‌സ് ഇന്‍ഫ്ര, വണ്ടര്‍ല, സൗത്ത് ഇന്ത്യന്‍ ബാങ്ക്, കേരള ആയര്‍വേദ തുടങ്ങിയവ 3-4.6 ശതമാനം നേട്ടം രേഖപ്പെടുത്തി. മണപ്പുറം ഫിനാന്‍സ് 3.63 ശതമാനം നേട്ടത്തിലേറി. അപ്പോളോ ടയേഴ്‌സ്, സ്‌കൂബിഡേ, വെര്‍ട്ടെക്‌സ്, വി-ഗാര്‍ഡ്, നിറ്റ ജെലാറ്റിന്‍, സഫ സിസ്റ്റംസ്, പ്രൈമ അഗ്രോ, പ്രൈമ ഇന്‍ഡസ്ട്രീസ് എന്നിവ നഷ്ടത്തിലാണ്.
പുതിയ കമ്പനികളുടെ പ്രകടനം
ഓഹരി വിപണിയിലേക്ക് കന്നിച്ചുവടുവച്ച ഐനോക്‌സ് 44 ശതമാനം ലിസ്റ്റിംഗ് നേട്ടം കുറിച്ചു. 660 രൂപയായിരുന്നു ഐ.പി.ഒ ഇഷ്യൂ വില. 933 രൂപയിലായിരുന്നു ലിസ്റ്റിംഗ്. ഇതുപക്ഷേ, നിക്ഷേപകര്‍ പ്രതീക്ഷിച്ചതിലും കുറവാണ്. വ്യാപാരത്തിനിടെ ഒരുവേള 978 രൂപവരെ ഓഹരി വില ഉയര്‍ന്നു. വ്യാപാരാന്ത്യത്തിലുള്ളത് 939 രൂപയില്‍.
ഓഹരി വിപണിയിലെ മറ്റൊരു പുതുമുഖമായ ഡോംസ് 7 ശതമാനം വരെ താഴ്‌ന്നെങ്കിലും പിന്നീട് കരകയറി. വ്യാപാരാന്ത്യത്തിലുള്ളത് 2.59 ശതമാനം നേട്ടവുമായി 1,360 രൂപയിലാണ്.
Tags:    

Similar News