16% കുതിച്ച് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, വിപണിമൂല്യത്തിലും നാഴികക്കല്ല്, റെക്കോഡ് തകര്‍ത്ത് സൂചികകള്‍, ഇത് അദാനിയുടെയും ദിനം
ഓഹരികള്‍ക്ക് ആവേശമായി റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപനം; നിക്ഷേപക സമ്പത്തില്‍ ഇന്ന് ₹4.28 ലക്ഷം കോടി കുതിപ്പ്
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലമെന്താകുമെന്നത് സംബന്ധിച്ച ആശങ്കകള്‍ക്കിടയിലും റെക്കോഡ് തകർത്ത് പുത്തന്‍ ഉയരം കുറിച്ച് ഇന്ത്യന്‍ ഓഹരി സൂചികകള്‍. സെന്‍സെക്‌സും നിഫ്റ്റിയും ഇന്ന് എക്കാലത്തെയും ഉയരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
സെന്‍സെക്‌സ് 1,196 പോയിന്റ് (+1.61%) മുന്നേറി 75,418.04ലും നിഫ്റ്റി 369.85 പോയിന്റ് (+1.64%) നേട്ടവുമായി 22,967.65ലുമാണുള്ളത്. നിഫ്റ്റി ഇന്നൊരുവേള 22,993 വരെ എത്തിയിരുന്നു. 14 സെഷനുകളുടെ ഇടവേളയ്ക്ക് ശേഷമാണ് നിഫ്റ്റി റെക്കോഡ് തിരുത്തിയത്. സെന്‍സെക്‌സ് ഇന്നൊരുവേള 75,499 എന്ന സര്‍വകാല ഉയരം തൊട്ടിരുന്നു.
കുതിപ്പിന്റെ കാരണങ്ങള്‍
കേന്ദ്രസര്‍ക്കാരിന് സാമ്പത്തികമായി 'വമ്പന്‍ ലോട്ടറി' തന്നെ സമ്മാനിച്ച് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച 2.1 ലക്ഷം കോടി രൂപയുടെ ലാഭവിഹിതമാണ് ഇന്ന് ഇന്ത്യന്‍ ഓഹരികളെ ഉയരങ്ങളിലേക്ക് നയിച്ചൊരു പ്രധാന ഘടകം.
റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപനം ഊര്‍ജമാക്കി ഇന്ന് ബാങ്കിംഗ്, ധനകാര്യസ്ഥാപനങ്ങളുടെ ഓഹരികള്‍ വന്‍ മുന്നേറ്റം നടത്തി. കേന്ദ്രസര്‍ക്കാരിന്റെ പക്കല്‍ കൂടുതല്‍ പണമെത്തുമ്പോള്‍, ബാങ്കുകളില്‍ നിന്ന് സര്‍ക്കാര്‍ കടപ്പത്രമിറക്കി വായ്പയെടുക്കുന്നത് കുറയും. ഇത് ബാങ്കുകള്‍ക്ക് നേട്ടമാകും. കാരണം, പണം സര്‍ക്കാരിന് കുറഞ്ഞ പലിശനിരക്കില്‍ നല്‍കുന്നതിന് പകരം മറ്റ് ഉപയോക്താക്കള്‍ക്ക് ഉയര്‍ന്ന പലിശയ്ക്ക് വായ്പ കൊടുത്ത് വരുമാന നേട്ടമുണ്ടാക്കാം.
ഓഹരികള്‍ക്ക് ഉണര്‍വേകിയ മറ്റൊരു അനുകൂലഘടകം രാജ്യത്ത് ഫാക്ടറി പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുന്നുവെന്ന് വ്യക്തമാക്കി പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡെക്‌സ് (PMI) ഈമാസം 61.7ല്‍ എത്തിയെന്നതാണ്. ഏപ്രിലില്‍ ഇത് 61.5 ആയിരുന്നു. ഇന്ത്യയുടെ കയറ്റുമതി വളര്‍ച്ചയുടെ ആക്കംകൂടുന്നുവെന്ന റിപ്പോര്‍ട്ടുകളും ഓഹരികള്‍ക്ക് കരുത്തായി.
വിദേശ ധനകാര്യസ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിയുന്ന ട്രെന്‍ഡ് മയപ്പെട്ടിട്ടുണ്ട്. കേന്ദ്രത്തില്‍ ബി.ജെ.പി 300 സീറ്റെങ്കിലും നേടി അധികാരത്തില്‍ തുടര്‍ന്നാല്‍ നിഫ്റ്റി 23,000 ഭേദിക്കുമെന്ന വിലയിരുത്തലുകളും ഓഹരി വിപണികള്‍ക്ക് ഇന്ന് നേട്ടമായി.
റെക്കോഡുകളുടെ വിശാല വിപണി
വിശാലവിപണിയില്‍ ഇന്ന് നിഫ്റ്റി ഫാര്‍മയും (-0.52%) ഹെല്‍ത്ത്‌കെയറും (-0.79%) ഒഴികെയുള്ളവയെല്ലാം മിന്നിത്തിളങ്ങി. നിഫ്റ്റി ബാങ്കും നിഫ്റ്റി ഓട്ടോയും പുതിയ ഉയരവും കുറിച്ചു.
നിഫ്റ്റി ഓട്ടോ 2.25 ശതമാനം, നിഫ്റ്റി സ്വകാര്യബാങ്ക് രണ്ട് ശതമാനം, നിഫ്റ്റി പി.എസ്.യു ബാങ്ക് 1.72 ശതമാനം, ധനകാര്യസേവനം 1.9 ശതമാനം റിയല്‍റ്റി 1.13 ശതമാനം എന്നിങ്ങനെ ഉയര്‍ന്നു. നിഫ്റ്റി ഐ.ടിയും 1.28 ശതമാനം മുന്നേറി.
ബാങ്ക് നിഫ്റ്റി 2.06 ശതമാനം നേട്ടവുമായി റെക്കോഡ് 48,768ലെത്തി. ക്രൂഡോയില്‍ വിലക്കുറവ് മുതലെടുത്ത് ഓയില്‍ ആന്‍ഡ് ഗ്യാസ് ശ്രേണിയും ഉയര്‍ന്നു; സൂചിക 1.20 ശതമാനം മെച്ചപ്പെട്ടു. നിഫ്റ്റി മിഡ്ക്യാപ്പ് 0.48 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.19 ശതമാനവും നേട്ടത്തിലാണുള്ളത്.
സമ്പത്ത് ഉയര്‍ത്തി നിക്ഷേപകര്‍
നിഫ്റ്റിയില്‍ ഇന്നും കാളകള്‍ അഴിഞ്ഞാടി. നിഫ്റ്റി 50ല്‍ 44 ഓഹരികള്‍ നേട്ടത്തിലേറിയപ്പോള്‍ നഷ്ടം കുറിച്ചത് 6 എണ്ണം. 8.19 ശതമാനം കുതിച്ച് അദാനി ഗ്രൂപ്പിലെ മുഖ്യ കമ്പനിയായ അദാനി എന്റര്‍പ്രൈസസ് നിഫ്റ്റി50ലെ നേട്ടത്തില്‍ ഒന്നാമതെത്തി. അദാനി പോര്‍ട്‌സാണ് 4.8 ശതമാനം ഉയര്‍ന്ന് രണ്ടാമത്.
അദാനി ഗ്രൂപ്പ് ഓഹരികളുടെയും ദിനമായിരുന്നു ഇന്ന്. സെന്‍സെക്‌സില്‍ വിപ്രോയെ പുറത്താക്കി അദാനി എന്റര്‍പ്രൈസസ് ഇടംനേടുമെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് ഓഹരി 8 ശതമാനത്തിലധികം കുതിച്ചത് (Click here).
അദാനിയുടെ ദിനം
നിലവാരം കുറഞ്ഞ കല്‍ക്കരി നിലവാരം കൂടുതലാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിറ്റ് വരുമാനമുണ്ടാക്കിയെന്ന് അദാനി ഗ്രൂപ്പിനെതിരെ ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലും പക്ഷേ, അദാനി ഗ്രൂപ്പ് ഓഹരികള്‍ ഇന്ന് കത്തിക്കയറി. ഗ്രൂപ്പ് കമ്പനികളുടെ സംയോജിത വിപണിമൂല്യം 200 ബില്യണ്‍ ഡോളറും (16.7 ലക്ഷം കോടി രൂപ) ഭേദിച്ചു.
അദാനി ഗ്രൂപ്പിലെ എല്ലാ കമ്പനികളും ഇന്ന് നേട്ടത്തിലേറി. എന്‍.ഡി.ടിവി 8 ശതമാനം മുന്നേറിയിട്ടുണ്ട്. അദാനി പോര്‍ട്‌സും 2.84 ശതമാനം ഉയര്‍ന്ന അദാനി പവറും പുതിയ ഉയരത്തിലുമെത്തി.
സണ്‍ഫാര്‍മയാണ് ഇന്ന് നിഫ്റ്റി50ല്‍ 2.7 ശതമാനം താഴ്ന്ന് നഷ്ടത്തില്‍ മുന്നിലുള്ളത്. മാര്‍ച്ചുപാദത്തില്‍ കമ്പനിയുടെ ലാഭം 34 ശതമാനം ഉയര്‍ന്നെങ്കിലും വരുംപാദങ്ങളില്‍ വരുമാന വളര്‍ച്ച കുറവായിരിക്കുമെന്ന വിലയിരുത്തല്‍ തിരിച്ചടിയായി.
നിക്ഷേപകര്‍ക്ക് 4.28 ലക്ഷം കോടി നേട്ടം
ബി.എസ്.ഇയില്‍ ഇന്ന് 3,945 ഓഹരികള്‍ വ്യാപാരം ചെയ്യപ്പെട്ടതില്‍ 1,762 എണ്ണമേ നേട്ടം കുറിച്ചുള്ളൂ. 2,071 ഓഹരികള്‍ നഷ്ടത്തിലാണ്. 112 ഓഹരികളുടെ വില മാറിയില്ല.
222 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരവും 28 എണ്ണം താഴ്ചയും കണ്ടു. 261 ഓഹരികള്‍ ഇന്ന് അപ്പര്‍-സര്‍ക്യൂട്ടിലുണ്ടായിരുന്നു. 238 ഓഹരികള്‍ ലോവര്‍-സര്‍ക്യൂട്ടിലും വ്യാപാരം ചെയ്യപ്പെട്ടു. ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണിമൂല്യം ഇന്ന് 4.28 ലക്ഷം കോടി രൂപ ഉയര്‍ന്ന് റെക്കോഡ് 420.22 ലക്ഷം കോടി രൂപയിലെത്തി.
ഇന്ന് കൂടുതല്‍ തിളങ്ങിയവര്‍
സെന്‍സെക്‌സില്‍ ഇന്ന് എല്‍ ആന്‍ഡ് ടി., മാരുതി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ആക്‌സിസ് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ബജാജ് ഫിന്‍സെര്‍വ്, എശ്.ബി.ഐ., റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിങ്ങനെ വെയിറ്റേജ് കൂടുതലുള്ള വന്‍കിട ഓഹരികളില്‍ വലിയ വാങ്ങല്‍ താത്പര്യമുണ്ടായത് സൂചികകളെ വലിയ നേട്ടത്തിന് സഹായിച്ചു.
റെയില്‍ വികാസ് നിഗം (RVNL) ഇന്ന് 9.11 ശതമാനം ഉയര്‍ന്ന് നിഫ്റ്റി 200ല്‍ നേട്ടത്തില്‍ ഒന്നാമതെത്തി (Click here).
കപ്പല്‍ നിര്‍മ്മാണക്കമ്പനികളുടെ ഓഹരികളും ഇന്ന് വന്‍ മുന്നേറ്റമുണ്ടാക്കി (Click here). മാസഗോണ്‍ ഡോക്ക് 8.53 ശതമാനം ഉയര്‍ന്ന് നിഫ്റ്റി 200ലെ നേട്ടത്തില്‍ രണ്ടാമതുണ്ട്.
അദാനി എന്റര്‍പ്രൈസസ്, ഭാരത് ഡൈനാമിക്‌സ്, ഐ.ആര്‍.എഫ്.സി എന്നിവയാണ് 6.4 മുതല്‍ 8.2 ശതമാനം വരെ മുന്നേറി തൊട്ടുപിന്നാലെയുള്ളത്.
പ്രതിരോധ ഓഹരികള്‍ പൊതുവേ കാഴ്ചവയ്ക്കുന്ന മുന്നേറ്റവും 10 രൂപ മുഖവിലയുള്ള ഓഹരി 5 രൂപവീതമുള്ള രണ്ട് ഓഹരികളായി വിഭജിക്കാനുമുള്ള തീരുമാനത്തിന്റെയും പശ്ചാത്തലത്തിലാണ് ഭാരത് ഡൈനാമിക്‌സ് കമ്പനിയുടെ മുന്നേറ്റം.
നിരാശപ്പെടുത്തിയവര്‍
സൂചികകള്‍ ഇന്ന് വന്‍ മുന്നേറ്റം കൈവരിച്ചപ്പോഴും നേട്ടത്തിന്റെ വണ്ടി മിസ്സാക്കിയ നിരവധി പ്രമുഖരുണ്ട്. പവര്‍ഗ്രിഡ്, സണ്‍ഫാര്‍മ, എന്‍.ടി.പി.സി, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍ എന്നിവയാണ് സെന്‍സെക്‌സില്‍ കൂടുതല്‍ നഷ്ടം നേരിട്ടവര്‍.
പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്ത മാര്‍ച്ചുപാദ പ്രവര്‍ത്തനഫലത്തിന്റെ പശ്ചാത്തലത്തില്‍ ദീപക് നൈട്രൈറ്റ് 5.26 ശതമാനം താഴ്ന്ന് നിഫ്റ്റി 200ല്‍ നഷ്ടത്തില്‍ മുന്നിലെത്തി.
മുഖ്യ വിപണിയായ അമേരിക്കയില്‍ മത്സരം കടുക്കുന്നുവെന്ന വിലയിരുത്തലിനെ തുടര്‍ന്ന് ഫാര്‍മ കമ്പനിയായ ല്യൂപിന്റെ ഓഹരി 5.06 ശതമാനം താഴ്ന്നു. മാക്‌സ് ഹെല്‍ത്ത്‌കെയര്‍, നൈക, പോളിസിബസാര്‍ എന്നിവയാണ് നഷ്ടത്തില്‍ ടോപ് 5ലുള്ള മറ്റ് നിഫ്റ്റി 200 ഓഹരികള്‍.
പുതിയ നാഴികക്കല്ല് പിന്നിട്ട് കൊച്ചി കപ്പല്‍ശാല
കേരളത്തില്‍ നിന്നുള്ള ലിസ്റ്റഡ് കമ്പനികളില്‍ ഇന്ന് സൂപ്പര്‍താരമായത് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡാണ് (Click here). കമ്പനിയുടെ ഓഹരി 16.07 ശതമാനം കുതിച്ച് എക്കാലത്തെയും ഉയരമായ 1,894 രൂപയിലെത്തി.
ഇന്ന് വ്യാപാരത്തിനിടെ ഒരുവേള കമ്പനിയുടെ വിപണിമൂല്യം ചരിത്രത്തില്‍ ആദ്യമായി 50,000 കോടി രൂപയെന്ന നാഴികക്കല്ലും പിന്നിട്ടു. ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മാത്രം കേരള കമ്പനിയാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്.
മുത്തൂറ്റ് ഫിനാന്‍സും ഫാക്ടുമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. അതേസമയം, നിലിവില്‍ കേരള കമ്പനികളുടെ വിപണിമൂല്യത്തില്‍ രണ്ടാംസ്ഥാനത്താണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്.
സെല്ല സ്‌പേസ്, പ്രൈമ അഗ്രോ, ജി.ടി.എന്‍ ടെക്‌സ്‌റ്റൈല്‍സ്, സ്‌കൂബിഡേ എന്നിവയാണ് 2.3 മുതല്‍ 4.8 വരെ ശതമാനം നേട്ടവുമായി ഇന്ന് മികച്ച പ്രകടനം നടത്തിയ മറ്റ് കേരള ഓഹരികള്‍.
സ്‌റ്റെല്‍ ഹോള്‍ഡിംഗ്‌സ് 4.65 ശതമാനം ഇടിഞ്ഞ് നഷ്ടത്തില്‍ ഒന്നാമതെത്തി. പ്രൈമ ഇന്‍ഡസ്ട്രീസ് 4.35 ശതമാനം താഴ്ന്നു. മാര്‍ച്ചുപാദ പ്രവര്‍ത്തനഫലം മോശമായതിനെ തുടര്‍ന്ന് ധനലക്ഷ്മി ബാങ്കോഹരി 4.10 ശതമാനം താഴേക്കുപോയി (Click here).
മുത്തൂറ്റ് കാപ്പിറ്റല്‍ 3.87 ശതമാനവും കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് 3.56 ശതമാനവും നഷ്ടത്തിലായിരുന്നു. ആസ്റ്റര്‍ 2.14 ശതമാനം നേട്ടത്തിലേറി.