വിദേശത്ത് നിന്ന് ആശങ്കയുടെ കാറ്റ്; ചാഞ്ചാട്ടത്തില്‍ ഇന്ത്യന്‍ വിപണി
യു.എസ് ബാങ്കുകളുടെ റേറ്റിംഗ് താഴ്ത്തി മൂഡീസ്; ചൈനയുടെ കയറ്റുമതി ഇടിഞ്ഞു
ആഗോളതലത്തില്‍ നിന്നുള്ള ആശങ്കകളെ തുടര്‍ന്ന് ചാഞ്ചാട്ടത്തിലാണ് ഇന്ന് ഓഹരി വിപണി. അമേരിക്കയിലെ 10 ബാങ്കുകളുടെ റേറ്റിംഗ് പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് വെട്ടിക്കുറച്ചതും ചൈന കയറ്റുമതിയില്‍ വലിയ ഇടിവ് കുറിച്ചതുമാണ് പ്രധാന തിരിച്ചടി.
തുടക്കത്തില്‍ അല്‍പം ഉയര്‍ന്ന ഇന്ത്യന്‍ സൂചികകള്‍ പിന്നീട് താഴ്ന്നു. ഒരു മണിക്കൂറിനു ശേഷവും മുഖ്യ സൂചികകള്‍ ചാഞ്ചാട്ടത്തിലാണ്.
തിരിച്ചടി നേരിടാന്‍ വെറെയും ബാങ്കുകള്‍
വേറെ 18 ബാങ്കുകളുടെ റേറ്റിംഗ് സംബന്ധിച്ച് പുനഃപരിശോധിക്കുകയാണെന്ന് മൂഡീസ് വ്യക്തമാക്കിയിട്ടുമുണ്ട്. ഇടത്തരം, പ്രാദേശിക ബാങ്കുകളുടെ റേറ്റിംഗാണ് താഴ്ത്തിയത്. താഴ്ത്തും എന്ന മുന്നറിയിപ്പ് ലഭിച്ചവയില്‍ ബി.എന്‍.വൈ മെലണ്‍, യു.എസ് ബാങ്ക് കോര്‍പ്, സ്റ്റേറ്റ് സ്ട്രീറ്റ്, ട്രീയിസ്റ്റ് ഫിനാന്‍ഷ്യല്‍ തുടങ്ങിയ വലിയ ബാങ്കുകളുമുണ്ട്.
ലാഭക്ഷമത കുറയുന്നതും വാണിജ്യ റിയല്‍റ്റിക്ക് നല്‍കിയ വായ്പകള്‍ പ്രശ്‌നത്തിലായതും അടക്കമുള്ള പ്രതിസന്ധികള്‍ ഉന്നയിച്ചാണ് നടപടി. ഇതിന്റെ പ്രത്യാഘാതം ഇന്ന് രാത്രിയിലെ യു.എസ് വ്യാപാരത്തിലേ അറിവാകുകയുള്ളൂ. എങ്കിലും വിപണിയുടെ ആവേശം കെടുത്താന്‍ ഇത് കാരണമായി.
ചൈനയ്ക്ക് വന്‍ ക്ഷീണം
ചൈനയുടെ കഴിഞ്ഞ മാസത്തെ കയറ്റുമതി 14.5 ശതമാനം ഇടിഞ്ഞു. ഇത് പ്രതീക്ഷിച്ചതിലും അധികമാണ്. ചൈനയിലടക്കം ഏഷ്യന്‍ വിപണികള്‍ ഇതൊടെ ദുര്‍ബലമായി. ഇതും ഇന്ത്യന്‍ വിപണിയെ സ്വാധീനിച്ചു.
വിദേശത്തെ വില്‍പന ഗണ്യമായി വര്‍ധിച്ചതിനെ തുടര്‍ന്ന് ഗ്ലാന്‍ഡ് ഫാര്‍മയുടെ ഓഹരിവില 17 ശതമാനത്തോളം ഉയര്‍ന്നു. വരുമാനം 41 ശതമാനം വര്‍ധിച്ച് 1,209 കോടി രൂപയായി. ഈയിടെ ഫ്രഞ്ച് കമ്പനി സെനക്‌സിയെ ഏറ്റെടുത്ത ഗ്ലാന്‍ഡിന് യുറോപ്പിലെ വില്‍പന അഞ്ചിരട്ടിയായി. ചൈനീസ് കമ്പനി ഫോസുന്‍ ഭൂരിപക്ഷം കൈയാളുന്ന ഗ്ലാന്‍ഡിന്റെ ഒന്നാംപാദ ലാഭം 15.3 ശതമാനം കുറഞ്ഞു.
വരുമാനം 257 ശതമാനവും അറ്റാദായം ആറിരട്ടിയും വര്‍ധിപ്പിച്ച സെന്‍ ടെക്നോളജീസ് ഓഹരി ഇന്നും കുതിപ്പിലാണ്. തിങ്കളാഴ്ച 10 ശതമാനം ഉയര്‍ന്ന ഓഹരി ഇന്ന് ഒന്‍പത് ശതമാനം കയറി. പെനിന്‍സുല ലാന്‍ഡ് ലിമിറ്റഡ് ഒന്നാംപാദ വരുമാനം കുറഞ്ഞെങ്കിലും ലാഭം നാലിരട്ടിയായി. ഓഹരി എട്ട് ശതമാനം ഉയര്‍ന്ന് 35.90 രൂപയായി.
വരുമാനവും ലാഭമാര്‍ജിനും പ്രതീക്ഷയേക്കാള്‍ മെച്ചമായതിനെ തുടര്‍ന്ന് റേറ്റ് ഗെയിന്‍ ട്രാവല്‍ ടെക്‌നോളജീസിന്റെ ഓഹരി വില 14 ശതമാനം കുതിച്ചു. ഹോട്ടല്‍, ട്രാവല്‍ ബിസിനസുകള്‍ക്ക് നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായ സോഫ്റ്റ്വെയര്‍ സൊലൂഷന്‍സ് നല്‍കുന്ന കമ്പനിയാണ് റേറ്റ് ഗെയിന്‍.
രൂപ ദുര്‍ബലം
രൂപ ഇന്നു ദുര്‍ബലമായി. ഡോളര്‍ അഞ്ച് പൈസ കയറി 82.79 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 82.82 രൂപയിലേക്ക് കയറി. സ്വര്‍ണം (Click here) ലോകവിപണിയില്‍ 1934 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് 80 രൂപ കുറഞ്ഞ് 44,040 രൂപയായി.