വിപണി വീണ്ടും നേട്ടത്തില്‍; മുന്നേറി ഐ.ടി കമ്പനികൾ

ആറു മാസം കൊണ്ട് 70 ശതമാനം നേട്ടമുണ്ടാക്കി ഐ.ആര്‍.ബി ഇന്‍ഫ്രാ

Update:2024-01-09 10:56 IST

Image Courtesy: iStock

വിപണി ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങി. കൂടുതല്‍ ഉയര്‍ന്നു. പിന്നീട് അല്‍പം താണ് വ്യാപാരം തുടരുന്നു. സെന്‍സെക്‌സ് 71,872 വരെയും നിഫ്റ്റി 21,674 വരെയും ഉയര്‍ന്നിട്ടാണ് താണത്.

ഐ.ടി കമ്പനികള്‍ ഇന്നു നല്ല നേട്ടത്തിലായി. നിഫ്റ്റി ഐ.ടി ഒന്നര ശതമാനം കയറി. യു.എസ് കുതിപ്പിന്റെ പാത പിന്തുടര്‍ന്നാണത്. ഐ.ടി കമ്പനികളുടെ മൂന്നാം പാദ റിസല്‍ട്ടുകളും നാലാം പാദ വരുമാന സൂചനയും മോശമാകും എന്ന നിഗമനം ബ്രോക്കറേജുകള്‍ മാറ്റിയിട്ടില്ല.

സോണിയുമായുള്ള ലയനം നടക്കാനിടയില്ല എന്ന മാധ്യമ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സീ എന്റര്‍ടെയ്ന്‍മെന്റ് ഓഹരി പത്തു ശതമാനത്തോളം താണു. ഓഹരി തിരിച്ചു വാങ്ങലിന്റെ വിശദാംശങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ബജാജ് ഓട്ടോ ഓഹരി മൂന്നു ശതമാനത്തോളം ഉയര്‍ന്നു.

കോട്ടണ്‍ യാണ്‍ നിര്‍മാതാക്കളായ ട്രൈഡന്റ് ഉല്‍പാദന ശേഷി ഉയര്‍ത്തിയതിനെ തുടര്‍ന്നുള്ള ഓഹരി വിലക്കയറ്റം ഇന്നും തുടര്‍ന്നു. ഇന്ന് എട്ടു ശതമാനമാണ് കയറ്റം. രണ്ടാഴ്ച കൊണ്ട് ഓഹരി 35 ശതമാനം ഉയര്‍ന്ന് 52 രൂപയായി.

ടോള്‍ പിരിവ് കമ്പനിയായ ഐ.ആര്‍.ബി ഇന്‍ഫ്രായുടെ ഡിസംബറിലെ ടോള്‍ പിരിവ് ഗണ്യമായി വര്‍ധിച്ചതിനെ തുടര്‍ന്ന് ഓഹരി വില 10 ശതമാനം കയറി. ആറു മാസം കൊണ്ട് ഓഹരി 70 ശതമാനം നേട്ടമുണ്ടാക്കി.

രൂപ, സ്വര്‍ണം, ക്രൂഡ്

രൂപ ഇന്നു തുടക്കത്തില്‍ നേട്ടത്തിലായി. ഡോളര്‍ ഏഴു പൈസ കുറഞ്ഞ് 83.06 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 83.04 രൂപയിലേക്കു താണ ശേഷം 83.10 രൂപയിലേക്കു കയറി. സ്വര്‍ണം ലോകവിപണിയില്‍ 2033 ഡോളറിലാണ്. കേരളത്തില്‍ പവന് 80 രൂപ കുറഞ്ഞ് 46,160 രൂപയായി. ക്രൂഡ് ഓയില്‍ വില അല്‍പം കയറി. ബ്രെന്റ് ഇനം കാല്‍ ശതമാനം ഉയര്‍ന്ന് 76.24 ഡോളറിലാണ്.


Tags:    

Similar News