താഴ്ച തുടരുന്നു; ഐടി, ബാങ്കിംഗ് ഇടിവിൽ

ബാങ്ക് നിഫ്റ്റി താഴ്ചയ്ക്കു മുന്നിൽ നിന്നു

Update: 2022-10-13 05:32 GMT

Representational image 

ആഗോള സൂചനകളുടെ ചുവടുപിടിച്ച് ഇന്ത്യൻ വിപണി താഴ്ചയോടെ തുടങ്ങി. പിന്നീടു കൂടുതൽ താണു. വ്യാപാരം ഒരു മണിക്കൂർ പിന്നിടുമ്പോൾ മുഖ്യ സൂചികകൾ 0.65 ശതമാനം ഇടിവിലാണ്.

ബാങ്ക് നിഫ്റ്റി താഴ്ചയ്ക്കു മുന്നിൽ നിന്നു. ഇന്നലെ ഉയർന്ന പല ബാങ്ക് ഓഹരികളും ഇന്നു നഷ്ടത്തിലായി.
കഴിഞ്ഞ ദിവസങ്ങളിൽ താഴ്ന്ന ഫാർമ, ഹെൽത്ത് കെയർ, മീഡിയ, മെറ്റൽ കമ്പനികൾ ഇന്നു നേട്ടത്തിലാണ്. മറ്റു മിക്ക മേഖലകളും ഇടിഞ്ഞു.
വിപ്രോയുടെ റിസൽട്ട് മോശമായതിനെ തുടർന്ന് ഓഹരി ആറു ശതമാനത്താേളം ഇടിഞ്ഞു. എന്നാൽ എച്ച്സിഎൽ ടെക്നോളജീസിൻ്റ ഓഹരി നാലു ശതമാനത്തോളം ഉയർന്നു. പൊതുവേ ഐടി ഓഹരികൾ താഴ്ചയിലാണ്.
വിറ്റുവരവ് കുറയുകയും നഷ്ടം വർധിക്കുകയും ചെയ്ത സ്‌റ്റെർലിംഗ് ആൻഡ് വിൽസൺ ഓഹരി നാലു ശതമാനം താഴ്ചയിലായി. പിന്നീടു നഷ്ടം കുറച്ചു.
ജെ. കെ. ഷാ എഡ്യുക്കേഷനെ ഏറ്റെടുത്ത വെരാന്ദ ലേണിംഗിൻ്റെ ഓഹരിവില നാലു ശതമാനം ഉയർന്നു. നല്ല ലാഭവും മിച്ച ധനവും ഉള്ള കമ്പനിയാണ് ജെ. കെ. ഷാ.
ഇന്ത്യ സിമൻ്റ്സ് ഓഹരി ഇന്ന് അഞ്ചു ശതമാനം ഇടിഞ്ഞു. പൊതുവേ സിമൻ്റ് കമ്പനികൾ ഇന്നു താഴുകയാണ്.
ബോണസ് ഇഷ്യു നൽകാൻ ഉദ്ദേശിക്കുന്നു എന്ന അറിയിപ്പിനെ തുടർന്നു മഹാരാഷ്ട്ര സീംലെസ് ഓഹരി മൂന്നു ശതമാനം നേട്ടത്തിലായി.
പുതിയ സീസണിലെ പഞ്ചസാര നയം പ്രഖ്യാപിക്കാത്തതടക്കമുള്ള പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ പഞ്ചസാര കമ്പനികളുടെ ഓഹരി വില ഇന്ന് ഇടിവിലായി.
രൂപ ഇന്നു നേട്ടത്തോടെ തുടങ്ങി. ഡോളർ മൂന്നു പൈസ കുറഞ്ഞ് 82.29 രൂപയിൽ വ്യാപാരം ആരംഭിച്ചു. പിന്നീട് 82.34 രൂപയിലേക്ക് ഉയർന്നു.
ലോക വിപണിയിൽ സ്വർണം 1670 ഡോളറിലേക്കു കയറി. കേരളത്തിൽ സ്വർണം പവന് 80 രൂപ ഉയർന്നു 37,400 രൂപയായി.


Tags:    

Similar News