ഡിമാന്‍ഡ് ഉയരുമെന്ന് പ്രതീക്ഷ, ഈ സിമന്റ് ഓഹരിയില്‍ മുന്നേറ്റത്തിന് സാധ്യത
സിമന്റ് വിലയില്‍ താത്കാലിക ഇടിവ്, 2024-25ല്‍ 1,200 കോടി രൂപയുടെ മൂലധന ചെലവ്
പൊതുവെ സിമന്റ് ഡിമാന്‍ഡ് കുറഞ്ഞെങ്കിലും ജെ.കെ ലക്ഷ്മി സിമന്റ് കമ്പനിയുടെ ഡിമാന്‍ഡ് വര്‍ധിച്ചു. എന്നാൽ വില്‍പ്പനയില്‍ 0.9 ശതമാനം വര്‍ധന നേടാനേ സാധിച്ചുള്ളു. സിമന്റ് ഔട്ട്സോഴ്‌സ് ചെയ്ത് നിര്‍മിക്കുന്ന യൂണിറ്റില്‍ വില്‍പ്പന കുറഞ്ഞതാണ് വില്‍പ്പനയില്‍ മിതമായ വളര്‍ച്ചയ്ക്കിടയാക്കിയത്. ഈ ഓഹരി വാങ്ങാനുള്ള നിര്‍ദേശം 2023 മെയ് 27ന് ധനം ഓണ്‍ലൈനില്‍ നല്‍കിയിരുന്നു (Stock Recommendation by Sharekhan by BNP Paribas). അന്നത്തെ ലക്ഷ്യ വിലയായ 850 രൂപ ഭേദിച്ച് 2024 ഫെബ്രുവരി 9ന് 52 ആഴ്ച്ചത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 998.40 രൂപയില്‍ ഓഹരി എത്തി. തുടര്‍ന്ന് ലാഭമെടുപ്പില്‍ വില കുറഞ്ഞു.
1. 2023-24 മാര്‍ച്ച് പാദത്തില്‍ വരുമാന വളര്‍ച്ച 4.4 ശതമാനം കുറഞ്ഞ് 1780.9 കോടി രൂപയായി. നികുതിക്കും പലിശക്കും മറ്റും മുന്‍പുള്ള ലാഭം (EBITDA) 44.6 ശതമാനം വര്‍ധിച്ച് 336.5 കോടി രൂപയായി.
2. വന്‍ വികസന പദ്ധതി നടപ്പാക്കാനുള്ള ആസൂത്രണം നടത്തുകയാണ്. 2024-25ല്‍ 1,200 കോടി രൂപ, 2025-26ല്‍ 1,000 കോടി രൂപ, 2026-27ല്‍ 1,200 കോടി രൂപയുടെ മൂലധന ചെലവ് നടത്താന്‍ തയ്യാറെടുക്കുന്നു.
3. നിലവില്‍ 2,000 കോടി രൂപ കടമുണ്ട്. മൂലധന ചെലവ് വര്‍ധിക്കുമെന്നത് കൊണ്ട് അടുത്ത മൂന്ന് വര്‍ഷം കൊണ്ട് കടം 4,000 കോടി രൂപയാകും. ഉപകമ്പനിയായ ഉദൈപൂര്‍ സിമന്റ് വര്‍ക്സിലും വികസനത്തിന് മൂലധന ചെലവ് വരും. ഈ കമ്പനിയില്‍ 2023 ഒക്ടോബറില്‍ ക്ലിങ്കര്‍ ശേഷി വര്‍ധിപ്പിക്കുകയും, 25 ലക്ഷം ടണ്‍ ശേഷിയുള്ള സിമന്റ് പൊടിക്കുന്ന കേന്ദ്രവും സ്ഥാപിച്ചു.
4. 2024-25 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ പൊതു തിരഞ്ഞെടുപ്പ് മൂലം അടിസ്ഥാന സൗകര്യ, നിര്‍മാണ പദ്ധതികള്‍ നടപ്പാക്കുന്നത് വൈകുന്നതിനാല്‍ സിമന്റ് ഡിമാന്‍ഡ് കുറഞ്ഞു. ഏപ്രില്‍ മാസം സിമന്റ് വില വര്‍ധിച്ചെങ്കിലും മെയ് മാസം 2.5 ശതമാനം ഇടിഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം സിമന്റ് ഡിമാന്‍ഡ് തിരികെ കയറും. കമ്പനിയുടെ ഉത്പാദന ശേഷി വിനിയോഗം ശരാശരി 70 ശതമാനം, വില്‍പ്പന വളര്‍ച്ച 10 ശതമാനം എന്നിങ്ങനെ പ്രതീക്ഷിക്കുന്നു.
5. വടക്ക് കിഴക്കന്‍ മേഖലയില്‍ വികസിപ്പിക്കാനായി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സൂറത്തില്‍ ഉത്പാദന ശേഷി വര്‍ധിപ്പിക്കുകയാണ്.
6. ഹരിത ഊര്‍ജം കൂടുതല്‍ ഉപയോഗപ്പെടുത്തി ചെലവ് കുറയ്ക്കാന്‍ സാധിക്കും. സിമന്റ് ഇതര ബിസിനസില്‍ 5 ശതമാനം വളര്‍ച്ച കൈവരിച്ചു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം- വാങ്ങുക (Buy)
ലക്ഷ്യ വില- 1,070 രൂപ
നിലവില്‍ വില- 801 രൂപ
Stock Recommendation by Nirmal Bang Research
(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക)