ധനകാര്യ ഹോൾസെയിൽ രംഗത്ത് നിന്ന് റീറ്റെയ്ലിലേക്ക്, ഈ ഓഹരിയിൽ മുന്നേറ്റ സാധ്യത
ലക്ഷ്യ 2026 ലക്ഷ്യങ്ങൾ നിറവേറ്റുന്നു, ഭവന വായ്‌പ, എസ് എം ഇ ഫിനാൻസ്, വ്യക്തിഗത വായ്‌പകൾക്ക് ഊന്നൽ
പ്രമുഖ എൻ.ബി.എഫ്.സിയായ എൽ&ടി ഫിനാൻസ് ഹോൾഡിങ്‌സ് (L&T Finance Holdings) ഹോൾസെയിൽ രംഗത്ത് നിന്ന് അതിവേഗം റീറ്റെയ്ൽ ധനകാര്യ സ്ഥാപനമായി മാറുകയാണ്. ലക്ഷ്യ 2026 എന്ന പേരിൽ 2022 ഏപ്രിലിൽ ആരംഭിച്ച തന്ത്രപരമായ നീക്കത്തിലൂടെ 2026 ഓടെ 80% റീറ്റെയ്ൽ കമ്പനിയാകാനാണ് ലക്ഷ്യമിട്ടത്. എന്നാൽ നടപ്പ് സാമ്പത്തിക വർഷം തന്നെ 90 ശതമാനത്തിലധികം കൈവരിക്കാൻ സാധിക്കും. 2023-24 സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ ലാഭം 49% വർധിച്ച് 595 കോടി രൂപയായി. ഈ പശ്ചാത്തലത്തിൽ ഓഹരിയിൽ മുന്നേറ്റം പ്രതീക്ഷിക്കാം.
1 .ഉദ്ദേശിച്ചതിലും മുൻപേ 'ലക്ഷ്യ 2026' ലക്ഷ്യങ്ങൾ കൈവരിക്കാൻ സാധിക്കും. ജനുവരി 2024ൽ കമ്പനിയുടെ എം.ഡിയും സി.ഇ.ഒയുമായി എത്തുന്ന സുധിപ്താ റോയ്ക്ക് നഗരങ്ങളിൽ ധനകാര്യ മേഖലയിൽ പ്രവർത്തിച്ചുള്ള പരിചയസമ്പത്ത് ഉണ്ട്. നിലവിൽ കമ്പനിക്ക് ഗ്രാമീണ മേഖലയിൽ ശക്തമായ സാന്നിധ്യമുണ്ട്. രണ്ടുലക്ഷം ഗ്രാമങ്ങളിൽ പ്രവർത്തിക്കുന്നു, 1700 ഗ്രാമീണ ബ്രാഞ്ചുകളുണ്ട് .
2. ധനകാര്യ റീറ്റെയ്ൽ രംഗത്ത് സെപ്റ്റംബർ പാദത്തിൽ പ്രതീക്ഷിച്ച വളർച്ച 25%, കൈവരിച്ചത് 33%. റീറ്റെയ്ൽ രംഗത്ത് കൈകാര്യം ചെയ്യുന്ന ആസ്തികളിൽ 25% സംയുക്‌ത വാർഷിക വളർച്ച നിരക്ക് 2023 -24 മുതൽ 2025-26 വസരെയുള്ള കാലയളവിൽ നേടാൻ സാധിക്കും.
3. ഗ്രാമീണ മേഖലയിൽ കൂടുതൽ വായ്‌പകൾ നൽകാനായി ഏഷ്യൻ വികസന ബാങ്കുമായി (എ ഡി.ബി) ധാരണയായി. ഇത് പ്രകാരം 12.5 ലക്ഷം ഡോളർ സഹായം ലഭിക്കും. കൂടാതെ മറ്റ് വികസന പങ്കാളിത്ത സ്ഥാപനങ്ങളിൽ നിന്ന് 12.5 ലക്ഷം ഡോളർ ലഭിക്കും. ഇതിൽ 40% തുക കടം ആവശ്യമുള്ള വനിതകൾക്ക് മാറ്റിവെക്കും.ബാക്കി തുക സൂക്ഷമ ചെറുകിട ഇടത്തരം കമ്പനികൾക്കും ഇരുചക്ര വാഹന വായ്‌പകൾ നൽകാനും ഉപയോഗപ്പെടുത്തും.
4. 2022-23 കാലയളവിൽ അറ്റാദായത്തിൽ 25% സംയുക്‌ത വാർഷിക വളർച്ച നിരക്ക് കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
5. കടം വാങ്ങുന്നതിനുള്ള ചെലവുകളിൽ ഹ്രസ്വ കാലയളവിൽ നേരിയ വർധനവ് ഉണ്ടാകും. ഭവന വായ്‌പ, വ്യക്തിഗത വായ്‌പ, വസ്തു ഈട് വെച്ചുള്ള വായ്‌പകൾ, ചെറുകിട ഇടത്തരം വ്യവസായങ്ങൾക്കുള്ള വായ്‌പ എന്നിവയിലാണ് കമ്പനി ഊന്നൽ നൽകുന്നത്. ഫീ വരുമാനം മെച്ചപ്പെടുമെന്ന് കരുതുന്നു. ഇതിലൂടെ പ്രീ പ്രൊവിഷനിങ് പ്രവർത്തന ലാഭം വർധിക്കും. ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നത് കൊണ്ട് ചെലവ് വരുമാന അനുപാതം വർധിക്കും
നിക്ഷേപകർക്കുള്ള നിർദേശം - വാങ്ങുക (Buy)
ലക്ഷ്യ വില - 170 രൂപ
നിലവിൽ - 154.55 രൂപ
Stock Recommendation by Sharekhan by BNP Paribas.
(Equity investing is subject to market risk. Always do your own research or consult a financial expert before investing)