ലോകത്തെ ഏറ്റവും വലിയ ഓഫീസ് കെട്ടിടം നിര്‍മിക്കുന്ന കമ്പനി, 35 % ഓഹരി വില ഉയരാം
2022 -23 ല്‍ 2500 കോടി രൂപയുടെ ഓര്‍ഡറുകള്‍ പ്രതീക്ഷിക്കുന്നു, 14 പുതിയ പദ്ധതികള്‍ ലഭിച്ചു
പൊതുമേഖലയ്ക്കും, സ്വകാര്യ മേഖയ്ക്കും കെട്ടിടങ്ങള്‍ നിര്‍മിച്ചു കൊടുക്കുന്ന പ്രമുഖ നിര്‍മാണ കമ്പനിയാണ് പി എസ് പി പ്രോജക്റ്റ്‌സ് (PSP Projects Ltd). ഒരു സിവില്‍ എന്‍ജിനീയര്‍ 2008 ല്‍ സ്ഥാപിച്ച ഈ കമ്പനി നിര്‍മാണ മേഖലയില്‍ രൂപകല്‍പന, നിര്‍മാണം, മെക്കാനിക്കല്‍, പ്ലംബിംഗ് തുടങ്ങിയ സമഗ്രമായ സേവനങ്ങള്‍ നല്‍കി വരുന്നു.
ലോകത്തെ ഏറ്റവും വലിയ കെട്ടിടം ഗുജറാത്തിലെ സൂററ്റ് ഡയമണ്ട് എക്‌സ്‌ചേഞ്ചിന് വേണ്ടി നിര്‍മിക്കുകയാണ്. ഈ കെട്ടിടത്തിന്റെ വിസ്തീര്‍ണം 66 ലക്ഷം ചതുരശ്ര അടിയാണ്. നിര്‍മാണ ചെലവ് 1850 കോടി രൂപ. 2022 -23 ല്‍ 2500 മുതല്‍ 3500 കോടി രൂപയുടെ ഓര്‍ഡറുകള്‍ പ്രതീക്ഷിക്കുന്നു. ഈ പദ്ധതി നടപ്പാക്കുന്നത് കൊണ്ട് 2000 കോടിയില്‍ അധികം ചെലവുള്ള പദ്ധതികളുടെ ലേലത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയിട്ടുണ്ട്.
2022 -23 സെപ്റ്റംബര്‍ പാദത്തില്‍ 14 പുതിയ പദ്ധതികള്‍ ലഭിച്ചു. ഒരു ബഹുരാഷ്ട്ര കമ്പനിയുടെ കോര്പറേറ്റ് ഓഫിസ് പണിയാന്‍ 290 കോടി രൂപയുടെ കരാര്‍ കരസ്ഥമാക്കി. 10 പദ്ധതികളുടെ നിര്‍മാണം പൂര്‍ത്തിയാക്കി. നിലവില്‍ 5081 കോടി രൂപയുടെ ഓര്‍ഡറുകള്‍ കൈവശമുണ്ട്.
വരുമാനം 8.8 % കുറഞ്ഞ് 356 കോടി രൂപയായി. അറ്റാദായം 37 % കുറഞ്ഞു - 22.92 കോടി രൂപ. പ്രവര്‍ത്തന മാര്‍ജിന്‍ 15.20 ശതമാനത്തില്‍ നിന്ന് 13.16 ശതമാനമായി കുറഞ്ഞു. ഗുജറാത്ത് സര്‍ക്കാര്‍, രത്‌ന-ആഭരണ വ്യവസായത്തില്‍ നിന്ന് പുതിയ പദ്ധതികള്‍ പ്രതീക്ഷിക്കുന്നു. കൂടാതെ 400 കോടി രൂപയുടെ ചെന്നൈ ഐ ടി പാര്‍ക്ക്, 200 കോടി രൂപയുടെ ആശുപത്രി തുടങ്ങിയ പദ്ധതികള്‍ ലഭിക്കും. ഇതിലൂടെ 35 % വാര്‍ഷിക വരുമാന വളര്‍ച്ച നേടുമെന്ന് പ്രതീക്ഷിക്കുന്നു.
ഗുജറാത്തില്‍ സ്ഥിതി ചെയ്യുന്നത് കൊണ്ട് വലിയ മൂല്യമുള്ള പദ്ധതികള്‍ ലഭിക്കാന്‍ സഹായകരമായിട്ടുണ്ട്. കൂടാതെ 5 സംസ്ഥാനങ്ങളിലും പദ്ധതികള്‍ നടപ്പാക്കുന്നുണ്ട് - ഡല്‍ഹി, രാജസ്ഥാന്‍, യു പി, കര്‍ണാടകം, മഹാരാഷ്ട്ര.
പ്രീകാസ്റ്റ് (precast) കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ നിര്‍മാണത്തിന് വേണ്ട എല്ലാ ഘടകങ്ങളും നിര്‍മ്മിക്കുന്നുണ്ട് 60 ഏക്കറില്‍ ഒരു ദശലക്ഷം ചതുരശ്ര അടി പ്രീകാസ്റ്റ് ഘടകങ്ങള്‍ നിര്‍മിക്കാനുള്ള ശേഷി സ്ഥാപിച്ചിട്ടുണ്ട്. ഇത് 3 ദശലക്ഷമായി ഉയര്‍ത്തും. 236.43 കോടി രൂപയുടെ ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്.
പദ്ധതി നിര്‍വഹണത്തില്‍ ഉള്ള കാര്യക്ഷമത, കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കുന്നത്, കേന്ദ്ര സര്‍ക്കാര്‍ അടിസ്ഥാന സൗകര്യത്തിന് ഊന്നല്‍ നല്‍കുന്നത് തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് പി എസ് പി പ്രോജെക്ട്‌സ് കമ്പനി ഇനിയും ഉയരങ്ങള്‍ കീഴടക്കുമെന്ന് കരുതാം.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy)
ലക്ഷ്യ വില - 915 രൂപ
നിലവില്‍ - 677 രൂപ
( Stock Recommendation by IDBI Capital )