ഫോം മെത്തയിൽ നമ്പർ 1, ഉൽപ്പാദന ശേഷി വർധിപ്പിക്കുന്നു, ഷീല ഫോം ഓഹരികൾ വാങ്ങാം
350 കോടി രൂപയുടെ വികസന പദ്ധതികൾ, വരുമാനത്തിൽ 11 % സംയുക്ത വാർഷിക വളർച്ച.
- 1971 ൽ ഉത്തർപ്രദേശിൽ സ്ഥാപിതമായ പോളിയൂറതീൻ (PU) ഉൽപ്പന്നങ്ങൾ നിർമിക്കുന്ന കമ്പനിയായ ഷീല ഫോം (Sheela Foam Ltd) സംഘടിത മെത്ത വിപണിയിൽ ആധിപത്യം ഉറപ്പിച്ച് മുന്നേറുന്നു. സ്ലീപ്‌വെൽ മെത്തകൾ (Sleepwell), PU ബ്രാൻഡായ ഫെതർ ഫോം, ലാമിനേഷന് ഉപയോഗിക്കുന്ന ലാമിഫ്ലെക്സ് പോളി ഈതർ ഫോം എന്നിവ ഏറ്റവും അധികം വിറ്റഴിക്ക പെടുന്ന ഫോം ബ്രാൻഡുകളാണ്.
- സംഘടിത വിപണിയിൽ 25 % വിഹിതം കമ്പനി കരസ്ഥമാക്കിയിട്ടുണ്ട്. 10,000 ത്തിൽ അധികം വിതരണക്കാർ ഉള്ള ശക്തമായ ശൃംഖല നിലവിലുണ്ട്. മൊത്തം വരുമാനത്തിൻറ്റെ 70 % ആഭ്യന്തര വിപണിയിൽ നിന്നും, 15 % വീതം ഓസ്ട്രേലിയ, സ്പെയിൻ എന്നി രാജ്യങ്ങളിൽ നിന്നാണ് ലഭിക്കുന്നത്.
- 350 കോടി രൂപയുടെ മൂലധന ചെലവിൽ ഉൽപ്പാദന ശേഷി അടുത്ത രണ്ടു വർഷത്തിൽ 23 % വർധിപ്പിക്കുകയാണ്.
- 2017 -18 മുതൽ 2021 -22 കാലയളവിൽ വരുമാനത്തിൽ 11 %, ആദായത്തിൽ 13 % സംയുക്ത വാർഷിക വളർച്ച നിരക്ക് കൈവരിച്ചു.നിലവിൽ 17,500 കോടി രൂപയുടെ ആധുനിക മെത്ത വിപണി 2021 -22 മുതൽ 2025 -26 കാലയളവിൽ 12 % വാർഷിക വളർച്ച കൈവരിക്കും. യു എസ് വിപണിയിൽ കയറ്റുമതി സാധ്യതകൾ കണ്ടെത്താൻ ശ്രമിക്കുന്നു.
- റെയിൽവേ യുടെ വന്ദേ ഭാരത് ട്രെയിനുകൾക്ക് ഫോം വിതരണം ചെയ്യാനുള്ള കരാർ ലഭിച്ചിട്ടുണ്ട്.
- ഷീല ഫോം കമ്പനിക്ക് രണ്ടു ബിസിനസ് വിഭാഗങ്ങൾ ഉണ്ട് - ഗാർഹിക വിഭാഗം, സാങ്കേതിക വിഭാഗം. ഗാർഹിക ബിസിനസിൽ മെത്തകൾ, ഫർണിച്ചർ കുഷ്യൻ, തലയണകൾ, കിടക്ക വിരി, ബ്ലാങ്കെറ്റുകൾ തുടങ്ങിയ നിർമിച്ചു നൽകുന്നു. സാങ്കേതിക വിഭാഗം ഓട്ടോമൊബൈൽ വ്യവസായത്തിന് വേണ്ട ഫോമുകൾ നിർമിക്കുന്നു.
- അസംഘടിത വിപണിയുടെ വിഹിതം പിടിച്ചെടുക്കാനായി കഴിഞ്ഞ സാമ്പത്തിക വർഷം പുതിയ സബ്സിഡിയറി കമ്പനി ആരംഭിച്ചു - ഇൻറ്റർനാഷണൽ കംഫർട്ട് ടെക്നൊളജിസ്. ഇതിനു വേണ്ടി ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ രണ്ടു ഉൽപ്പാദന കേന്ദ്രങ്ങൾ ആരംഭിച്ചു.
- കമ്പനിക്ക് മൊത്തം 11 ഫോം ഉൽപ്പാദന കേന്ദ്രങ്ങൾ ഇന്ത്യയിൽ ഉണ്ട്,ജബൽപൂരിൽ 12-മത്തെ കേന്ദ്രം സ്ഥാപിക്കുന്നു. 5 ഉൽപ്പാദന കേന്ദ്രങ്ങൾ ഓസ്‌ട്രേലിയയിൽ, സ്പെയിനിൽ ഒരു കേന്ദ്രവും ഉണ്ട്.
- കോവിഡിന് ശേഷം റിയൽ എസ്റ്റേറ്റ്, ടൂറിസം, ആരോഗ്യ മേഖലയിൽ ഉള്ള വളർച്ച ഫോം മെത്ത വിപണിക്ക് നേട്ടമാകും.2021 -22 ൽ ഇകോമേഴ്സിലൂടെ സ്ലീപ് വെൽ മെത്തകളുടെ വിൽപ്പന 64 % വർധിച്ച് 85 കോടി രൂപയായി.
- ശക്തമായ ബ്രാൻഡ്, അതിവേഗം വളരുന്ന വിപണി, ഉൽപ്പാദന ശേഷി വർധനവ്, കയറ്റുമതി സാധ്യതകൾ എന്നിവയുടെ പിൻബലത്തിൽ ഷീല ഫോം കമ്പനിയുടെ സാമ്പത്തിക വളർച്ച മെച്ചപ്പെടുമെന്ന് കരുതുന്നു.
നിക്ഷേപകർക്കുള്ള നിർദേശം: വാങ്ങുക (Buy)
ലക്ഷ്യ വില 3650 രൂപ
നിലവിൽ 2996 രൂപ
(Stock Recommendation by ICICI Direct)