ഇപ്പോള്‍ നിക്ഷേപിക്കാം എംജിഎല്ലില്‍

ഈയാഴ്ചയില്‍ നിക്ഷേപത്തിന് അനുയോജ്യമായ ഓഹരി നിര്‍ദേശിക്കുന്നത് ജിയോജിത് റിസര്‍ച്ച് ടീം

Update: 2021-08-18 12:18 GMT

രാജ്യത്തെ പ്രമുഖ പ്രകൃതി വാതക വിതരണ കമ്പനിയെയാണ് ഈയാഴ്ച നിക്ഷേപകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. മഹാരാഷ്ട്രയിലെ മുംബൈ, താന, റായ്ഗഡ് ജില്ലകളില്‍ സിഎന്‍ജി (കംമ്പ്രസ്ഡ് നാച്വറല്‍ ഗ്യാസ്) പിഎന്‍ജി (പൈപ്പ്ഡ് നാച്വറല്‍ ഗ്യാസ്) എന്നിവയുടെ ഏക അംഗീകൃത ഡിസ്ട്രിബ്യൂട്ടറായ മഹാനഗര്‍ ഗ്യാസ് ലിമിറ്റഡ് (എംജിഎല്‍) ആണ് ആ കമ്പനി. മോട്ടോര്‍ വാഹനങ്ങള്‍ക്കായി സിഎന്‍ജിയും ഗാര്‍ഹിക, വ്യാവസായിക, വാണിജ്യ ആവശ്യങ്ങള്‍ക്കായി പിഎന്‍ജിയും എംജിഎല്‍ വിതരണം ചെയ്യുന്നു.

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ കമ്പനിയുടെ വരുമാനം തൊട്ടുമുന്‍വര്‍ഷം ഇതേകാലയളവിലുണ്ടായതിനെ അപേക്ഷിച്ച് 140.3 ശതമാനമാണ് വര്‍ധിച്ചത്. എന്നിരുന്നാലും കമ്പനിയുടെ ബിസിനസിനെ കോവിഡ് പ്രതികൂലമായി സ്വാധീനിച്ചിട്ടുണ്ട്.

നിലവില്‍ എംജിഎല്ലിന് 274 സിഎന്‍ജി സ്‌റ്റേഷനുകളാണ് ഉള്ളത്. നാലായിരത്തിലേറെ വ്യാവസായിക - വാണിജ്യ ഉപഭോക്താക്കളുണ്ട്. 1.63 ദശലക്ഷം ഗാര്‍ഹിക ഉപഭോക്താക്കളും.

ഈ വര്‍ഷം കമ്പനി പുതിയ 20 സിഎന്‍ജി സ്റ്റേഷന്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം 15 എണ്ണമാണ് പുതുതായി തുറന്നത്. അതൊടൊപ്പം നിലവിലുള്ള 25-30 സ്റ്റേഷനുകളുടെ നവീകരണവും ലക്ഷ്യമിടുന്നുണ്ട്. വിവിധ മേഖലകളില്‍ വിവിധയിനം പൈപ്പ്‌ലൈന്‍ സ്ഥാപനം, സിഎന്‍ജി നവീകരണം, ഐടി & സിആര്‍എം അനുബന്ധകാര്യങ്ങള്‍ തുടങ്ങിയ ഇനങ്ങളിലായി 800 കോടി രൂപയുടെ പദ്ധതികള്‍ ഈ വര്‍ഷം കമ്പനി ആസൂത്രണം ചെയ്തിട്ടുണ്ട്. 2021 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 350-400 കോടി രൂപയുടെ മൂലധന നിക്ഷേപമാണ് നടത്തിയത്.

മൊബീല്‍ റീഫ്യൂവലിംഗ് യൂണിറ്റുകളിലും സവിശേഷ ശ്രദ്ധയാണ് കമ്പനി നല്‍കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള നയങ്ങളും കംമ്പ്രസ്ഡ് ബയോഗ്യാസ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയത്തിന്റെ നയം തുടങ്ങിയവ വാതക ഉപഭോഗം ഭാവിയില്‍ കൂട്ടാനിടയുണ്ട്. പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞ വേഗത്തിലാണ് കമ്പനിയുടെ ബിസിനസ് വോള്യത്തിന്റെ തിരിച്ചുവരവെങ്കിലും ഈ ഓഹരി നിക്ഷേപകര്‍ക്ക് ഇപ്പോള്‍ വാങ്ങാവുന്നതാണ്.


Tags:    

Similar News