ഇ വി ഘടകങ്ങളുടെ ബിസിനസിലും മുന്നേറ്റം, വാങ്ങാം ഈ ഓട്ടോ ടെക്‌നോളജി കമ്പനിയുടെ ഓഹരികൾ
2022 -23 സെപ്റ്റംബർ പാദത്തിൽ അറ്റ വിറ്റുവരവിൽ 12.2 % വർധനവ്, അടുത്ത 3 വർഷത്തിൽ 1000 കോടി രൂപയുടെ മൂലധന ചെലവ്
ഓട്ടോമൊബൈൽ ഘടകങ്ങൾ നിർമിക്കാൻ 1995 ൽ മിറ്റ്സുബുഷി മെറ്റീരിയൽസ് എന്ന ജപ്പാൻ കമ്പനിയുമായി സംയുക്ത സംരംഭമായി ഹരിയാനയിൽ സ്ഥാപിച്ച കമ്പനിയാണ് സോണ ഒകെഗാവ പ്രെസിഷൻ ഫോർജിങ്‌സ്. 2008 ൽ ഒരു ജർമൻ കമ്പനി ഏറ്റെടുത്തതോടെ 2013 ൽ സോണ ബി എൽ ഡബ്ല്യൂ പ്രെസിഷൻ ഫോർജിങ്‌സ് (Sona BLW Precision Forgings Ltd) എന്ന് പുനർനാമകരണം ചെയ്തു. ഇന്ത്യ, ചൈന, അമേരിക്ക, മെക്‌സിക്കോ എന്നി 4 രാജ്യങ്ങളിലായി 9 ഉൽപ്പാദന കേന്ദ്രങ്ങൾ ഉണ്ട്.
വൈദ്യുത വാഹനങ്ങളുടെ (EV) ഘടകങ്ങൾ നിര്മിച്ചു നൽകുന്ന ബിസിനസിൽ നിന്നാണ് 25 % വിറ്റുവരവ് നേടുന്നത്. 2022 -23 സെപ്റ്റംബർ പാദത്തിൽ വരുമാനം 12.2 % വർധിച്ച് 657.4 കോടി രൂപയായി. നികുതിക്കും പലിശക്കും മുൻപുള്ള വരുമാനം (EBITDA) 7.3 % വർധിച്ച് 165.7 കോടി രൂപയായി. EBITDA മാർജിൻ 26.4 ശതമാനത്തിൽ നിന്ന് 25.2 ശതമാനമായി കുറഞ്ഞു. അറ്റാദായം 4.9 % വർധിച്ച് 92.5 കോടി രൂപയായി.
ട്രാക്ഷൻ മോട്ടോറുകൾ,കൺട്രോളറുകളുടെ ബിസിനസ് ശക്തമായി തുടരുന്നു. 20500 കോടി രൂപയുടെ നിലവിലുള്ള ഓർഡറുകളിൽ 68 % വൈദ്യുത വാഹനങ്ങളുടെ ഘടകങ്ങൾ നിർമ്മിക്കുന്നതിനാണ്. സെപ്റ്റംബർ പാദത്തിൽ 400 കോടി രൂപയുടെ പുതിയ ഓർഡറുകൾ ലഭിച്ചു.
കമ്പനിയുടെ സ്വന്തം ഗവേഷണത്തിലൂടെ നിരവധി പുതിയ ഉൽപ്പന്നങ്ങൾ വികസിപ്പിച്ചു -ഡി സി -ഡി കൺവെർട്ടർ, ഇ വി റോട്ടർ ഷാഫ്റ്റ് , വിവിധ തരം ഗിയറുകൾ തുടങ്ങിയവ അതിൽ പെടും.
ആഭ്യന്തര ഡിമാൻഡും, വടക്കേ അമേരിക്കൻ ഡിമാൻഡും ശക്തമായി തുടരുന്നു. യൂറോപ് ഡിമാൻഡിൽ ഇടിവുണ്ടായിട്ടുണ്ട്. 2022 -23 ആദ്യ പകുതിയിൽ വരുമാനത്തിൻറ്റെ 18 % യൂറോപ്, 42 % വടക്കേ അമേരിക്ക, 32 % ഇന്ത്യ എന്നിങ്ങനെ യാണ് ലഭിച്ചത്.
കാന്തമില്ലാത്ത മോട്ടോറുകൾ നിർമ്മിക്കാനായി കാനഡ, ഇസ്രായേൽ, അമേരിക്കൻ കമ്പനികളുമായി ധാരണയിൽ എത്തിയിട്ടുണ്ട്. ഇസ്രയേലുമായി ഉള്ള സഹകരണത്തിൽ 2024 ൽ ഉൽപ്പാദനം തുടങ്ങാൻ സാധിക്കും.
അടുത്ത മൂന്ന് വർഷത്തിൽ വികസനത്തിൻറ്റെ ഭാഗമായി 1000 കോടി രൂപയുടെ മൂലധന ചെലവ് പ്രതീക്ഷിക്കുന്നു.
ഓട്ടോമൊബൈൽ ഘടകങ്ങളുടെ നിർമാണത്തിൽ മികവ്, ഇ വി മേഖലയിൽ മുന്നേറ്റം, ഗവേഷണത്തിലൂടെ വികസിപ്പിച്ച പുതിയ ഉൽപ്പന്നങ്ങൾ എന്നിവയുടെ പിൻബലത്തിൽ സോണയുടെ സാമ്പത്തിക വളർച്ച മെച്ചപ്പെടുമെന്ന് കരുതുന്നു.
നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)
ലക്ഷ്യ വില - 725 രൂപ
നിലവിൽ - 465 രൂപ.
(Stock Recommendation by Systematix Institutional Equities)