രണ്ടു വര്‍ഷത്തിനിടെ 1000 ശതമാനത്തിലധികം നേട്ടം, പൊറിഞ്ചു ധനത്തില്‍ നിര്‍ദേശിച്ച ഈ ഓഹരി ഇനിയും കുതിക്കുമോ?

ഈ മള്‍ട്ടിബാഗര്‍ ടൈല്‍ കമ്പനിയില്‍ 4.89 ശതമാനം ഓഹരി പങ്കാളിത്തവും പൊറിഞ്ചു വെളിയത്തിനുണ്ട്

Update:2022-07-04 15:49 IST

Image : File

ഓഹരി വിപണിയില്‍ മിന്നും നേട്ടം സമ്മാനിച്ച മള്‍ട്ടിബാഗര്‍ ഓഹരികളുടെ പട്ടികയില്‍ ഇക്വിറ്റി ഇന്റലിജന്റ്‌സ് സ്ഥാപകനും ഓഹരി വിപണി വിദഗ്ധനുമായ പൊറിഞ്ചു വെളിയത്ത് ധനം ദീപാവലി പോര്‍ട്ട്‌ഫോളിയോയില്‍ നിര്‍ദേശിച്ച കമ്പനിയും. ഇന്ത്യയിലെ മുന്‍നിര ടൈല്‍ നിര്‍മാതാക്കളില്‍ ഒന്നായ ഓറിയന്റല്‍ ബെല്ലാണ് രണ്ട് വര്‍ഷത്തിനിടെ പതിന്മടങ്ങിലധികം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. രണ്ട് വര്‍ഷത്തിനിടെ ഓഹരി വിലയില്‍ ആയിരത്തിലധികം ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ ഓറിയന്റല്‍ ബെല്‍ ഇന്ന് 694.00 രൂപ എന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. 2020 ഏപ്രില്‍ ഒന്‍പതിന് 60 രൂപയുണ്ടായിരുന്ന ഓഹരി വിലയാണ് കുതിച്ചുപ്പാഞ്ഞ് നിക്ഷേപകര്‍ക്ക് അസാധാരണ നേട്ടം സമ്മാനിച്ചത്.

2020 ധനം ദീപാവലി പോര്‍ട്ട്‌ഫോൡയോയിലാണ് പൊറിഞ്ചു വെളിയത്ത് ഓറിയന്റല്‍ ബെല്ലിനെ നിര്‍ദേശിച്ചത്. അന്ന് 122 രൂപയായിരുന്നു ഓഹരി വില. ഇന്ത്യയിലെ മുന്‍നിര ടൈല്‍ നിര്‍മാണ കമ്പനിയില്‍ 4.89 ശതമാനം ഓഹരി പങ്കാളിത്തവും പൊറിഞ്ചു വെളിയത്ത് കൈവശപ്പെടുത്തിയിട്ടുണ്ട്.
വിപണി ചാഞ്ചാട്ടത്തിലേക്ക് വീണപ്പോള്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഓറിയന്റല്‍ ബെല്ലിന്റെ ഓഹരി വിലയില്‍ അഞ്ച് ദിവസത്തിനിടെ 20 ശതമാനം വളര്‍ച്ചയാണുണ്ടായത്. ആറ് മാസത്തിനിടെ 101 ശതമാനത്തിന്റെ വളര്‍ച്ച കണ്ട ഓഹരി ഒരു വര്‍ഷത്തിനിടെ 122 ശതമാനത്തിന്റെ നേട്ടവും നിക്ഷേപകര്‍ക്ക് നല്‍കി. കഴിഞ്ഞ ഒരു മാസത്തിനിടെ ഈ ഓഹരി 52 ആഴ്ചക്കിടയിലെ ഏറ്റവും ഉയര്‍ന്നനിലയായ 733 രൂപയും തൊട്ടു. ഓറിയന്റല്‍ ബെല്ലിന്റെ എക്കാലത്തെയും ഉയര്‍ന്ന നിലയും ഇതാണ്.
ഇന്ത്യയിലെ മുന്‍നിര ടൈല്‍ നിര്‍മാതാക്കളായ ഓറിയന്റല്‍ ബെല്‍, ബെല്‍ സെറാമിക് ഏറ്റെടുക്കലിന് ശേഷം മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് നേരത്തെ തന്നെ വിപണി വിദഗ്ധര്‍ വിലയിരുത്തിയിരുന്നു. ഇന്ന് ഇന്ത്യയിലുടനീളം പ്ലാന്റുകളും സൗകര്യങ്ങളുമുള്ള ഒരു പാന്‍ ഇന്ത്യ പ്ലേയറാണ് ഈ കമ്പനി. മികച്ച കാഷ് ഫ്‌ളോ പ്രയോജനപ്പെടുത്തി കടരഹിത കമ്പനിയായി മാറിയ ഓറിയന്റല്‍ ബെല്ലില്‍ പ്രമോട്ടര്‍മാര്‍ ഓഹരി പങ്കാളിത്തവും വര്‍ധിപ്പിച്ചിട്ടുണ്ട്.


Tags:    

Similar News