ലോക്ക് ഡൗണിലും മികച്ച നേട്ടവുമായി 20 ഓഹരികള്‍!

Update: 2020-07-09 12:22 GMT

രാജ്യം അടച്ചിരുന്ന നാളുകളിലും ചില കമ്പനികള്‍ വളര്‍ച്ചാ വേഗം കൈവിട്ടില്ല. മാത്രമല്ല കഴിഞ്ഞ മൂന്നര മാസം കൊണ്ട് ഓഹരി വിലയിലും മൂല്യത്തിലും പ്രതീക്ഷിച്ച വര്‍ധന നേടുകയും ചെയ്തു. 80 ശതമാനം മുതല്‍ 200 ശതമാനത്തിലധികം വരെ നേട്ടമാണ് ബിഎസ്ഇ 200 സൂചികയിലെ പല ഓഹരികളും നിക്ഷേപകര്‍ക്ക് നല്‍കിയത്. അടിസ്ഥാനപരമായി മികച്ച അടിത്തറയും ശക്തമായ മാനേജ്‌മെന്റുമുള്ള കമ്പനികളുടെ ഓഹരികള്‍ തെരഞ്ഞെടുത്ത് നിക്ഷേപിക്കുന്ന നിക്ഷേപകര്‍ക്ക് ഏതു പ്രതിസന്ധിയിലും നേട്ടമുണ്ടാക്കാമെന്ന് തെളിയിക്കുകയാണ് ഈ ഓഹരികള്‍.

നൂറു ശതമാനത്തിലധികം വളര്‍ച്ചയുമായി 12 കമ്പനികള്‍

12 കമ്പനികളുടെ ഓഹരി വിലകള്‍ 100 ശതമാനത്തിനു മുകളില്‍ വര്‍ധന നേടിയിട്ടുണ്ട്. അദാനി ഗ്രീന്‍ എനര്‍ജിയാണ് നിക്ഷേപകര്‍ക്ക് ഏറ്റവും നേട്ടം നല്‍കിയ ഓഹരി. മാര്‍ച്ച് 24 മുതല്‍ ജൂലൈ ഏഴു വരെയുള്ള കാലയളവില്‍ കമ്പനിയുടെ ഓഹരി വില 207 ശതമാനം വര്‍ധിച്ചു. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 43,5889 കോടി രൂപയില്‍ നിന്ന് 64,695 കോടി രൂപയായി.

വോഡഫോണ്‍ ഐഡിയയാണ് രണ്ടാം സ്ഥാനത്ത്. 204 ശതമാനം വര്‍ധനയാണ് കമ്പനിയുടെ ഓഹരികള്‍ നേടിയത്. വിപണി മൂല്യം 188,471 കോടി രൂപയില്‍ നിന്ന് 27,529 കോടി രൂപയായി. ലോക്ക് ഡൗണ്‍ ആയതോടെ ഡേറ്റ ഉപഭോഗം വര്‍ധിച്ചതും താരതമ്യേനേ മറ്റു കമ്പനികളില്‍ നിന്ന് നേരിടേണ്ടി വന്ന കുറഞ്ഞ മത്സരവും എജിആര്‍ പേമെന്റുകള്‍ അടയ്ക്കാനുള്ള കാലയളവ് ദീര്‍ഘിപ്പിച്ചതുമൊക്കെ കമ്പനിക്ക് തുണയായി.

ജൂബിലന്റ് ലൈഫ് സയന്‍സസ് ഓഹരി വിലയില്‍ 167 ശതമാനം വര്‍ധന നേടി. കമ്പനിയുടെ വിപണി മൂല്യം 6,713 കോടി രൂപയില്‍ നിന്ന് 10,737 കോടി രൂപയായി. അര്‍ബിന്ദോ ഫാര്‍മ (164 ശതമാനം), ഐഡിബിഐ ബാങ്ക്(161 ശതമാനം) ബന്ദന്‍ ബാങ്ക്(126 ശതമാനം), ഗ്ലെന്‍മാര്‍ക്ക് ഫാര്‍മ(122 ശതമാനം), പിരമല്‍ എന്റര്‍ പ്രൈസ്(121 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ്(118 ശതമാനം), ഭാരത് ഹെവി ഇലക്ട്രിക്കല്‍സ്(11 ശതമാനം), റിലയന്‍സ് ഇന്‍ഡസ്ട്രീസ്(108 ശതമാനം) എന്നിവരാണ് നൂറ ശതമാനത്തിലധികം നേട്ടം നല്‍കിയ ഓഹരികള്‍.

മുത്തൂറ്റ് ഫിനാന്‍സിന്റെ നേട്ടം 118 ശതമാനം!

ബിഎസ്ഇ 200 സൂചികകളിലെ നേട്ടമുണ്ടാക്കിയ 20 ഓഹരികളുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് മുത്തൂറ്റ് ഫിനാന്‍സ് മാത്രമാണുള്ളത്. നേട്ടത്തില്‍ പത്താം സ്ഥാനത്ത് നില്‍ക്കുന്ന മുത്തൂറ്റ് ഓഹരി വില 118 ശതമാനമാണ് ഇക്കാലയളവില്‍ വര്‍ധിച്ചത്. കമ്പനിയുടെ വിപണി മൂല്യം 23,930 കോടി രൂപയില്‍ നിന്ന് 44,287 കോടു രൂപയായി. സ്വര്‍ണ വായ്പകള്‍ക്കുള്ള ഉയര്‍ന്ന ഡിമാന്‍ഡ്, സ്വര്‍ണത്തിന്റെ ഉയര്‍ന്ന വില മൂലമുണ്ടായ നേട്ടം, ഉയര്‍ന്ന സുരക്ഷിതത്വംമുള്ള സ്വര്‍ണം വായ്പകള്‍ക്ക് ഈടായി ലഭിക്കുന്നത് ഒക്കൊണ് കമ്പനിയുടെ ഓഹരി വില വളര്‍ച്ചയ്ക്ക് പിന്നില്‍.

സിന്‍ജെന്‍ ഇന്റര്‍നാഷണല്‍(97 ശതമാനം), മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്(95 ശതമാനം), ബെയര്‍ ക്രോപ് സയന്‍സ്(94 ശതമാനം), മഹീന്ദ്ര & മഹീന്ദ്(91 ശതമാനം), ബാല്‍കൃഷ്ണ ഇന്‍ഡസ്ട്രീസ്(87 ശതമാനം), മതേഴ്‌സണ്‍ സുമി(85 ശതമാനം), ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്(82 ശതമാനം), അമര രാജാ ബാറ്ററീസ്(82 ശതമാനം) എന്നീ ഓഹരികളും ലോക്ക് ഡൗണില്‍ മികച്ച നേട്ടം നല്‍കിയ ആദ്യ 20 ഓഹരികളില്‍ ഉള്‍പ്പെടുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News