ഹള്‍ദീറാമിന്റെ നിയന്ത്രണം ടാറ്റ സ്വന്തമാക്കുമോ? ടാറ്റാ കണ്‍സ്യൂമര്‍ ഓഹരിയില്‍ ചാഞ്ചാട്ടം
ഇന്നലെ ടാറ്റാ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ഓഹരികള്‍ 4% കുതിച്ചു
സ്‌നാക്‌സ് (ചെറുഭക്ഷണങ്ങളും മധുര പലഹാരങ്ങളും) നിര്‍മ്മാണ, വിതരണരംഗത്തെ ശ്രദ്ധേയ ബ്രാന്‍ഡായ ഹള്‍ദീറാമിന്റെ (Haldiram) 51 ശതമാനം ഓഹരികള്‍ ടാറ്റാ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ഏറ്റെടുത്തേക്കുമെന്ന വാര്‍ത്തകള്‍ ഓഹരി നിക്ഷേപകര്‍ക്ക് ഇന്നലെ സമ്മാനിച്ചത് മികച്ച ആവേശം. ടാറ്റാ കണ്‍സ്യൂമര്‍ പ്രോഡ്ക്‌സ് ഓഹരി വില ഇന്നലെ 4 ശതമാനത്തിലേറെയാണ് മുന്നേറിയത്.
ഹള്‍ദീറാമിന് 1,000 കോടി ഡോളര്‍ (ഏകദേശം 82,000 കോടി രൂപ) മൂല്യം വിലയിരുത്തിയാകും ഏറ്റെടുക്കല്‍ എന്നായിരുന്നു വാര്‍ത്തകള്‍. ഏറ്റെടുക്കല്‍ യാഥാര്‍ത്ഥ്യമായാല്‍ പെപ്‌സികോ, റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ റിലയന്‍സ് റീട്ടെയില്‍ എന്നിവയോട് നേരിട്ട് മത്സരിക്കാന്‍ ടാറ്റയ്ക്ക് പുതിയ ബ്രാന്‍ഡ് സ്വന്തമാകുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
നിലവില്‍ ടാറ്റാ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സിന് കീഴില്‍ ബ്രിട്ടീഷ് തേയില ബ്രാന്‍ഡായ ടെറ്റ്‌ലി (Tetley) പ്രവര്‍ത്തിക്കുന്നുണ്ട്. മാത്രമല്ല, ആഗോള കോഫീ ശൃംഖലയായ സ്റ്റാര്‍ബക്‌സുമായി ടാറ്റ സഹകരിക്കുന്നുമുണ്ട്. അതേസമയം, ഹള്‍ദീറാമാണ് 1,000 കോടി ഡോളര്‍ മൂല്യം (Valuation) മുന്നോട്ടുവച്ചതെന്നും ഇതിനോട് ടാറ്റ യോജിച്ചിട്ടില്ലെന്നും സൂചനകളുണ്ട്.
നിഷേധിച്ച് ടാറ്റയും ഹള്‍ദീറാമും
അതേസമയം, ഓഹരി ഏറ്റെടുക്കല്‍ സംബന്ധിച്ച് ഹള്‍ദീറാമുമായി ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്ന് ടാറ്റാ കണ്‍സ്യൂമര്‍ പ്രോഡ്ക്ട്‌സ് ഇന്നലെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. വ്യാപാര സമയത്തിന് ശേഷമാണ് ഇക്കാര്യം അറിയിച്ചത്.
ടാറ്റയുമായി ചര്‍ച്ചകള്‍ നടക്കുന്നെന്ന വാര്‍ത്തകള്‍ ഹള്‍ദീറാമും നിഷേധിച്ചിട്ടുണ്ട്. അതേസമയം, അമേരിക്കന്‍ നിക്ഷേപക സ്ഥാപനമായ ബെയിന്‍ കാപ്പിറ്റലുമായി (Bain Capital) ഹള്‍ദീറാം 10 ശതമാനം ഓഹരി വില്‍ക്കുന്നതിനായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഹള്‍ദീറാം സ്‌നാക്‌സ്
പലഹാരങ്ങളും ചെറുഭക്ഷണങ്ങളും നിര്‍മ്മിക്കുന്നതും ഏറെ സ്വീകാര്യതയുള്ളതുമായ ബ്രാന്‍ഡായ ഹള്‍ദീറാമിന്റെ തുടക്കം 1937ലാണ്. 150 കോടി ഡോളര്‍ (12,500 കോടി രൂപ) വാര്‍ഷിക വിറ്റുവരവുള്ള കമ്പനിക്ക് ഇന്ത്യന്‍ സ്‌നാക്‌സ് വിപണിയില്‍ 13-15 ശതമാനം വിപണിവിഹിതമുണ്ട്. ഇന്ത്യക്ക് പുറമേ സിംഗപ്പൂര്‍, അമേരിക്ക എന്നിവയിലും വിപണിയുണ്ട്. ഇന്ത്യന്‍ ഭക്ഷണം, വിദേശ ഭക്ഷണം, മധുരപലഹാരങ്ങള്‍ എന്നിവ വിറ്റഴിക്കുന്ന 150 റെസ്റ്റോറന്റുകളും കമ്പനിക്കുണ്ട്.
ഓഹരി വിലയില്‍ ചാഞ്ചാട്ടം
ഇന്നലെ 4 ശതമാനത്തിലധികം നേട്ടമുണ്ടാക്കിയ ടാറ്റാ കണ്‍സ്യൂമര്‍ പ്രോഡക്‌സ്ട് ഓഹരികള്‍ ഇന്ന് നഷ്ടത്തിലാണുള്ളത്. ബി.എസ്.ഇയില്‍ 2.26 ശതമാനം താഴ്ന്ന് 860 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.