ഓഹരി വില ഒരു രൂപയില്‍നിന്ന് 205 രൂപയിലേക്ക്, ഒരു വര്‍ഷത്തിനിടെ 18,927 ശതമാനത്തോളം വളര്‍ച്ച നേടിയ കമ്പനിയിതാണ്

ആറ് മാസത്തിനിടെ 2,865 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഈ ലോജിസ്റ്റിക്‌സ് കമ്പനിയുടെ ഓഹരി വിലയിലുണ്ടായത്

Update:2021-10-29 12:00 IST

രണ്ട് ദിവസമായി ഓഹരി വിപണിയില്‍നിന്ന് ആശ്വാസകരമല്ലാത്ത വാര്‍ത്തയാണ് ലഭിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞവര്‍ഷം ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന് തുടര്‍ന്ന വലിയ ഇടിവിലേക്ക് വീണ വിപണി, തിരിച്ചുവരവിന് പിന്നാലെ വീണ്ടും ഒരു തിരുത്തലിലേക്ക് പോകുമോ എന്ന ആശങ്കയും ചിലര്‍ക്കുണ്ട്. എന്നിരുന്നാലും ചില കമ്പനികളുടെ ഓഹരി വിപണിയിലെ വളര്‍ച്ച തിരുത്തലുകളിലും നിക്ഷേപകര്‍ക്ക് പ്രചോദനമാണ്. അത്തരത്തില്‍ നിക്ഷേപകരെ കണ്ണഞ്ചിപ്പിക്കുന്നവിധം ഒരു വര്‍ഷം കൊണ്ട് ഓഹരി വിപണിയില്‍ 19,000 ശതമാനത്തോളം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചിരിക്കുകയാണ് ഫ്‌ളോമിക് ഗ്ലോബല്‍ ലോജിസ്റ്റിക്‌സ് ലിമിറ്റഡ് എന്ന കമ്പനി. ഒരു വര്‍ഷം മുമ്പ് 1.08 രൂപയുണ്ടായിരുന്ന ഓഹരി വിലയാണ് ഇന്ന് 205.50 രൂപയിലെത്തി നില്‍ക്കുന്നത്. ഓഹരി വിലയില്‍ 18,927 ശതമാനത്തിന്റെ വളര്‍ച്ച. അതായത്, ഒരു വര്‍ഷം മുമ്പ് ഒരു ലക്ഷം രൂപ ഈ കമ്പനിയില്‍ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്ന് ലഭിക്കുന്നത് 2.05 കോടി രൂപയായിരിക്കും.

ഇന്നലെ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 208 രൂപയിലെത്തിയ ഓഹരി വിലയാണ് ഇന്ന് 205 രൂപയിലെത്തി നില്‍ക്കുന്നത്. ഇന്നലെ സെന്‍സക്‌സ് രണ്ട് ശതമാനത്തോളം ഇടിഞ്ഞപ്പോഴും ഫ്‌ളോമിക് ഗ്ലോബല്‍ ലോജിസ്റ്റിക്‌സിന്റെ ഓഹരി വില മൂന്ന് ശതമാനത്തോളം ഉയര്‍ന്നിരുന്നു. ഒരു ഘട്ടത്തില്‍ 216 എന്ന 52 ആഴ്ചക്കിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയും തൊട്ടു. ആറ് മാസത്തിനിടെ മാത്രം 2,865 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഈ കമ്പനി ഓഹരി വിപണിയില്‍ നേടിയത്.
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്‌ളോമിക് ഗ്ലോബല്‍ ലോജിസ്റ്റിക്‌സ് ലിമിറ്റഡ് ലോജിസ്റ്റിക്‌സ് രംഗത്താണ് പ്രവര്‍ത്തിക്കുന്നത്. ഡോക്യുമെന്റേഷന്‍, ചരക്ക് മേല്‍നോട്ടം, ലോഡിംഗ്, കാര്‍ഗോ ട്രാക്കിംഗ് തുടങ്ങിയ സേവനങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 30 വര്‍ഷത്തിലധികമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഫ്‌ളോമിക് ഗ്ലോബല്‍ ലോജിസ്റ്റിക്‌സിന്റെ സേവനം 84 രാജ്യങ്ങളിലായും വ്യാപിച്ചുകിടക്കുന്നു.


Tags:    

Similar News