ഉയര്‍ന്ന നേട്ടവുമായി ഈ മള്‍ട്ടി ബാഗര്‍ ഓഹരികള്‍

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ വാ ടെക്ക് വാബാഗ്, രാമകൃഷ്ണ ഫോര്‍ജിംഗ്സ് എന്നിവ നിക്ഷേപകര്‍ക്ക് യഥാക്രമം 338%, 1027% നേട്ടം നല്‍കി

Update:2023-06-15 15:38 IST

ഈ മാസം ലഭിച്ച വലിയ ഓര്‍ഡറുകളുടെ പിന്‍ബലത്തില്‍ സ്മാള്‍ ക്യാപ് വിഭാഗത്തിലെ രണ്ട് ഓഹരികള്‍ 2023 -24 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച നേട്ടം ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. മള്‍ട്ടി ബാഗര്‍ വിശേഷണം ലഭിച്ച ഓഹരികളാണ് വാ ടെക്ക് വാബാഗും (Va Tech Wabag), രാംകൃഷ്ണ ഫോര്‍ജിംഗ്‌സും (Ramkrishna Forgings Ltd). നിക്ഷേപിച്ച തുകയുടെ പല മടങ്ങു ലാഭം തിരിച്ചു നല്‍കുന്ന ഓഹരികളെയാണ് മള്‍ട്ടിബാഗര്‍ ഓഹരിയെന്ന് വിശേഷിപ്പിക്കുന്നത്.

വാ ടെക്ക് വാബാഗ്
വാ ടെക്ക് വാബാഗ് ഓഹരി ജൂണ്‍ 12ന് 52 ആഴ്ച്ചത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 505.10 രൂപ വരെ ഉയര്‍ന്നു. മഹാരാഷ്ട്രയിലെ റായ്ഗഡില്‍ 420 കോടി രൂപയുടെ ജല ശുദ്ധീകരണ പദ്ധതി നടപ്പാക്കാനുള്ള ഓര്‍ഡറാണ് ജൂണ്‍ മാസം ലഭിച്ചത്. നവി മുംബൈയുടെ ഭാവി ജല ആവശ്യങ്ങള്‍ കണക്കിലെടുത്താണ് പ്രതിദിനം 270 ദശലക്ഷം ലിറ്റര്‍ വെള്ളം ശുദ്ധികരിക്കുന്ന പ്ലാന്റ് സ്ഥാപിക്കുന്നത്. വാ ടെക്ക് വാബാഗ് ജല വിതരണവും, മാനേജ്‌മെന്റ്റും നടപ്പാക്കുന്ന പ്രമുഖ സ്ഥാപനമാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഈ ഓഹരിയില്‍ 338% വര്‍ധന ഉണ്ടായിട്ടുണ്ട്.
രാം കൃഷ്ണ ഫോര്‍ജിംഗ്സ്
1981 ല്‍ സ്ഥാപിതമായ രാം കൃഷ്ണ ഫോര്‍ജിംഗ്സ് കമ്പനിക്ക് ഒരു യൂറോപ്യന്‍ റെയില്‍ കോച്ച് നിര്‍മാണ കമ്പനിയില്‍ നിന്ന് 4.5 ദശലക്ഷം യൂറോ യുടെ ഓര്‍ഡര്‍ ലഭിച്ചു. രണ്ടു വര്‍ഷം കൊണ്ട് തീവണ്ടിയുടെ അടി ഭാഗങ്ങള്‍ ഉത്പാദിപ്പിച്ച് നല്‍കാനാണ് കരാര്‍ ലഭിച്ചിരിക്കുന്നത്. യൂറോപ്യന്‍ റെയില്‍ വിപണിയില്‍ കാലുറപ്പിക്കാന്‍ ഇത് സഹായകരമാകുമെന്ന് കമ്പനി വിശ്വസിക്കുന്നു.
രാംകൃഷ്ണ ഫോര്‍ജിംഗ്സ് ഓഹരി കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഓഹരി നിക്ഷേപകര്‍ക്ക് 1027% ആദായം നല്‍കിയിട്ടുണ്ട്. ജൂണ്‍ 14 ന് 52 ആഴ്ച്ചത്തെ ഏറ്റവും ഉയര്‍ന്ന ഓഹരി വില 429 രൂപ വരെ എത്തി. കോല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് ജംഷദ് പൂരില്‍ അത്യാധുനിക ഉത്പാദന കേന്ദ്രമുണ്ട്. അമേരിക്ക, തുര്‍ക്കി, ബല്‍ജിയം തുടങ്ങിയ രാജ്യങ്ങളില്‍ ബിസിനസ് നടത്തുന്നുണ്ട്.
Tags:    

Similar News