പൊറിഞ്ചു വെളിയത്ത് നിര്‍ദേശിച്ച ഈ സ്‌റ്റോക്ക് നവംബറില്‍ നിക്ഷേപകര്‍ക്ക് നല്‍കിയത് ഇരട്ടി നേട്ടം!
ഇക്വിറ്റി ഇന്റലിജന്‍സിന്റെ സ്ഥാപകനും ഓഹരി വിദഗ്ധനുമായ പൊറിഞ്ചു വെളിയത്ത് നിക്ഷേപം നടത്തിയ ഓഹരി വാര്‍ത്തകളില്‍ നിറയുന്നതെന്തുകൊണ്ട്?
ഇക്വിറ്റി ഇന്റലിജന്‍സിന്റെ സ്ഥാപകനും രാജ്യത്തെ പ്രമുഖനായ വാല്യു ഇന്‍വെസ്റ്ററുമായ പൊറിഞ്ചു വെളിയത്ത് നിര്‍ദേശിക്കുന്ന ഓഹരികള്‍ക്ക് വിപണിയില്‍ വന്‍ ഡിമാന്‍ഡാണ്. പൊറിഞ്ചു വെളിയത്ത് തെരഞ്ഞെടുക്കുന്ന കമ്പനികള്‍ വളരെ ശ്രദ്ധാപൂര്‍വമാണ് രാജ്യത്തെ നിക്ഷേപകര്‍ നോക്കിക്കാണുന്നതും. സ്‌മോള്‍ ക്യാപ്പുകളുടെ ചക്രവര്‍ത്തിയായ അദ്ദേഹത്തിന്റെ ഒരു ഓഹരി നിക്ഷേപമാണ് വിപണിയിലെ പുതിയ ചൂടന്‍ ചര്‍ച്ച.
നവംബറില്‍ ഇതുവരെ ഈ സ്റ്റോക്ക് നിക്ഷേപകരുടെ സമ്പത്ത് ഇരട്ടിയാക്കിയതാണ് ദേശീയ മാധ്യമങ്ങളിലെല്ലാം ഇത് വാര്‍ത്തയായതിന് പിന്നില്‍. മജെസ്‌കോ എന്നറിയപ്പെട്ടിരുന്ന ഐടി കണ്‍സള്‍ട്ടിംഗ്& സോഫ്റ്റ്വെയര്‍ കമ്പനി ഓറം പ്രോപ്ടെക് ആണ് ഈ 'ഹോട്ട് പിക്'.
ഒക്ടോബര്‍ 29 ലെ 83.15 രൂപയില്‍ നിന്ന് 97 ശതമാനത്തിലധികം നേട്ടം കൈവരിച്ച് ഔറം പ്രോപ്ടെക്കിന്റെ ഓഹരികള്‍ ചൊവ്വാഴ്ച 10 ശതമാനം ഉയര്‍ന്ന് 161 രൂപയിലെത്തി. 163.80 രൂപയ്ക്കാണ് ബുധനാഴ്ച ഈ ഓഹരി ട്രേഡിംഗ് നടത്തിയത്. 2020 നവംബര്‍ 18-ല്‍ ഓഹരി ഒന്നിന് 10.98 രൂപ മാത്രമായിരുന്നു ഉണ്ടായിരുന്നത്.