നിക്ഷേപകര്‍ക്ക് നിരാശ, മൂന്ന് ശതമാനം നഷ്ടത്തില്‍ ലിസ്റ്റ് ചെയ്ത് തമിഴ്‌നാട് മെര്‍ക്കന്റൈല്‍ ബാങ്ക്

495 രൂപയിലാണ് ഓഹരികള്‍ എന്‍എസ്ഇിയില്‍ ലിസ്റ്റ് ചെയ്തത്

Update: 2022-09-15 06:22 GMT

രാജ്യത്തെ ഏറ്റവും പഴയ വായ്പാദാതാവായ തമിഴ്നാട് മെര്‍ക്കന്റൈല്‍ ബാങ്കിന്റെ ഓഹരി വിപണി പ്രവേശനം ഇടിവോടെ. 510 രൂപയില്‍ നിന്ന് 3 ശതമാനം നഷ്ടത്തില്‍ 495 രൂപയിലാണ് ഈ കമ്പനി എന്‍എസ്ഇിയില്‍ ലിസ്റ്റ് ചെയ്തത്. അതേസമയം ഓഹരികള്‍ ബിഎസ്ഇയില്‍ തുല്യമായി ലിസ്റ്റ് ചെയ്തു. 500-525 രൂപ പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരുന്ന തമിഴ്നാട് മെര്‍ക്കന്റൈല്‍ ബാങ്കിന്റെ ഐപിഒ 2.86 സബ്‌സ്‌ക്രിപ്ഷനായിരുന്നു നേടിയത്. 807.85 കോടി രൂപയാണ് കമ്പനി ഐപിഒയിലൂടെ സമാഹരിച്ചത്.

ജൂണിലാണ് 100 വര്‍ഷത്തെ പാരമ്പര്യമുള്ള ബാങ്കിന്റെ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അനുമതി നല്‍കിയത്. മെര്‍ക്കന്റൈല്‍ ബാങ്ക് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍, കാര്‍ഷിക, റീട്ടെയില്‍ ഉപഭോക്താക്കള്‍ക്ക് ബാങ്കിംഗ്, സാമ്പത്തിക സേവനങ്ങളാണ് പ്രധാനമായും നല്‍കുന്നത്.

പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ സമാഹരിക്കുന്ന തുക മൂലധന ആവശ്യങ്ങള്‍ക്കും ബിസിനസ് വിപുലീകരണത്തിനും വിനിയോഗിക്കാനാണ് തൂത്തുക്കുടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്കിന്റെ ലക്ഷ്യം. നിലവില്‍ 50.8 ലക്ഷം ഉപഭോക്താക്കളാണ് തമിഴ്‌നാട് മെര്‍ക്കന്റൈല്‍ ബാങ്കിനുള്ളത്. അതില്‍ 41.8 ലക്ഷം അഥവാ ഏകദേശം 85 ശതമാനവും തമിഴ്‌നാട്ടില്‍ നിന്നാണ്. എന്നിരുന്നാലും, ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രപ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളില്‍ ബാങ്കിന് സാന്നിധ്യമുണ്ട്.

2022 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് 509 ശാഖകളാണ് ബാങ്കിനുള്ളത്. ഗ്രാമപ്രദേശങ്ങളില്‍ 106, അര്‍ദ്ധ നഗരങ്ങളില്‍ 247, നഗരങ്ങളില്‍ 80, മെട്രോപൊളിറ്റന്‍ കേന്ദ്രങ്ങളില്‍ 76 എന്നിങ്ങനെയാണ് ശാഖകള്‍ പ്രവര്‍ത്തിക്കുന്നത്. 2022 മാര്‍ച്ച് 31 ന് അവസാനിച്ച വര്‍ഷത്തില്‍, കമ്പനിയുടെ മൊത്തം വരുമാനം 4,656.44 കോടി രൂപയും അറ്റാദായം 901.9 കോടി രൂപയുമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 654.04 കോടി രൂപ അറ്റാദായത്തോടെ 4,253.4 രൂപ വരുമാനം നേടിയിരുന്നു.


ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel


Tags:    

Similar News