സെബിയുടെ വരുമാനത്തില്‍ വര്‍ധനവ്: കഴിഞ്ഞ സാമ്പത്തിക വര്‍ഷം 826 കോടിരൂപ

ഓഹരി നിക്ഷേപത്തിലേക്ക് ഒഴുകിയത് വന്‍ തുകകള്‍, ചെലവും വര്‍ധിച്ചു.

Update:2022-06-22 10:11 IST

2020-21 സാമ്പത്തിക വര്‍ഷത്തില്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (Stock Exchange Board of India) വരുമാനം ഉയര്‍ന്നു. 826 കോടി രൂപയാണ് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയ വരുമാനം. ഓഹരി നിക്ഷേപത്തില്‍ നിന്നും അതില്‍ നിന്നുള്ള ഫീസില്‍ നിന്നുമാണ് മാര്‍ക്കറ്റ് റെഗുലേറ്ററായ സെബിയുടെ വരുമാനം വര്‍ധിച്ചത്. സെബിയുടെ ഫീസ് വരുമാനം മാത്രം 608.26 കോടി രൂപയില്‍ നിന്ന് 610.10 കോടി രൂപയായി ഉയര്‍ന്നു.

വരുമാനത്തില്‍ മാത്രമല്ല, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ചെലവുകളിലും വര്‍ധനവുണ്ടായി. 2021 മാര്‍ച്ച് 31 വരെ 667.2 കോടി രൂപയാണ് ബോര്‍ഡിന്റെ ചെലവ്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 588.14 കോടി രൂപയായിരുന്നു ആകെ ചെലവ്. സെബി ഇക്കഴിഞ്ഞ ദിവസം പുറത്തുവിട്ട വാര്‍ഷിക കണക്കുകളിലാണ് ഇക്കാര്യം ഉള്ളത്.

2020-21 സാമ്പത്തിക വര്‍ഷത്തില്‍ സെബിയുടെ നിക്ഷേപത്തില്‍ നിന്നുള്ള വരുമാനം 170.35 കോടി രൂപയായിരുന്നത് 182.21 കോടി രൂപയായി. മറ്റ് വരുമാനങ്ങള്‍ 18.15 കോടി രൂപയില്‍ നിന്ന് 21.5 കോടി രൂപയായും വര്‍ധിച്ചു. 2020 മാര്‍ച്ച് 31 വരെയുള്ള കണക്കുകളെ അപേക്ഷിച്ച് 2021 മാര്‍ച്ചിലെ കണക്കാണിത്.

2019-20 സാമ്പത്തിക വര്‍ഷത്തില്‍ 813.04 കോടി രൂപയായിരുന്നു ബോര്‍ഡിന്റെ വരുമാനം. ഇത് 825.67 കോടി രൂപയായാണ് ഉയര്‍ന്നത്. വളര്‍ച്ചാ ശതമാനം 1.55 ശതമാനം മാത്രമാണ്.

Tags:    

Similar News