യു.പി.ഐ വഴി ഇനി ഓഹരിയും വാങ്ങാം; നേട്ടം ഇങ്ങനെ
പരീക്ഷണ അടിസ്ഥാനത്തില്‍ പരിമിതമായ ഇടപാടുകാര്‍ക്ക് മാത്രമായാണ് ജനുവരി ഒന്നു മുതല്‍ സേവനം;
യു.പി.ഐ (Unified Payments Interface /UPI) വഴി ജനുവരി ഒന്നു മുതല്‍ ഓഹരി വിപണിയിലും ഇടപാടുകള്‍ നടത്താന്‍ സൗകര്യവുമായി നാഷണല്‍ പേയമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (National Payments Corporation of India /NPCI). ഇക്വിറ്റി ക്യാഷ് സെഗ്മെന്റില്‍ അടുത്തയാഴ്ച മുതല്‍ ട്രയല്‍ വേര്‍ഷന്‍ ലഭ്യമായിത്തുടങ്ങുമെന്ന് എന്‍.പി.സി.ഐ അറിയിച്ചു.
ഓഹരി വിപണിയില്‍ മള്‍ട്ടിപ്പിള്‍ ഡെബിറ്റ് ഇടപാടുകള്‍ നടത്തുന്നതിന് നിശ്ചിത തുക അക്കൗണ്ടില്‍ ബ്ലോക്ക് ചെയ്തു കൊണ്ടാണ് ഡിജിറ്റല്‍ പേയ്‌മെന്റ് സൗകര്യം നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തില്‍ കുറച്ച് ഇടപാടുകാര്‍ക്ക് മാത്രമായിരിക്കും സേവനം ലഭ്യമാകുക.
രാജ്യത്ത് ഏറ്റവും പ്രചാരത്തിലുള്ള ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനമാണ് യു.പി.ഐ. പ്രാരംഭ ഓഹരി വില്‍പ്പനയില്‍ പങ്കെടുക്കുന്ന മൂന്നിലൊരു ഭാഗം നിക്ഷേപകരും യു.പി.ഐ വഴിയാണ് പണമടയ്ക്കുന്നത്. കൂടുതല്‍ ആളുകള്‍ക്ക് സൗകര്യപ്രദമാകുന്നതിനായാണ് യു.പി.ഐ ഓഹരി വ്യാപാരത്തിലും അവതരിപ്പിക്കുന്നത്.
പണം അക്കൗണ്ടില്‍ ബ്ലോക്ക് ചെയ്യാം
ആപ്ലിക്കേഷന്‍ സപ്പോര്‍ട്ടഡ് ബൈ ബ്ലോക്ക്ഡ് എമൗണ്ട് (ASBA) എന്ന നിലവിലുള്ള സംവിധാനത്തിന് സമാനമാണ് പുതിയ പദ്ധതിയും. ക്ലിയറിംഗ് കോര്‍പറേഷന്‍, സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍, ഡിപ്പോസിറ്ററീസ്, സ്‌റ്റോക്ക് ബ്രോക്കര്‍മാര്‍, യു.പി.ഐ ആപ്പ് പ്രൊവൈഡര്‍മാര്‍ എന്നിവയുടെ പിന്തുണയോടെയാണ് സംവിധാനം നടപ്പാക്കുക.
പരീക്ഷണ ഘട്ടത്തില്‍ നിക്ഷേപകര്‍ക്ക് അവരുടെ ബാക്ക് അക്കൗണ്ടില്‍ പണം ലോക്ക് ചെയ്ത് വയ്ക്കാം. ക്ലിയറിംഗ് കോര്‍പറേഷനില്‍ നിന്ന് സെറ്റില്‍മെന്റ് സമയത്ത് ട്രേഡ് കണ്‍ഫര്‍മേഷന്‍ ലഭിച്ചശേഷമാകും പണം ഡെബിറ്റ് ചെയ്യുക. ടി+1 രീതിയിലായിരിക്കും (ഇടപാട് നടന്ന് ഒരു ദിവസത്തിനു ശേഷം) ക്ലിയറിംഗ് കോര്‍പറേഷന്‍ പണം ഇടപാടുകാര്‍ക്ക് നല്‍കുക. അതേ സമയം മറ്റെല്ലാ ഇടപാടുകള്‍ക്കും ആ ദിവസം തന്നെ ട്രേഡ് സെറ്റില്‍മെന്റ് നടക്കും. 5 ലക്ഷം രൂപ വരെ ഒറ്റ ബ്ലോക്ക് ആയി സൂക്ഷിക്കാം. സെറ്റില്‍മെന്റ് ക്ലിയറിംഗ് കോര്‍പറേഷന്‍ നേരിട്ട് നടത്തുന്നതിനാല്‍ നിക്ഷേപകരുടെ സമ്പത്ത് ബ്രോക്കര്‍മാര്‍ ദുരുപയോഗം ചെയ്യുന്നത് തടയാനാകും.
ബ്രോക്കിംഗ് അപ്പായ ഗ്രോയിലും എന്‍.പി.സി.ഐയുടെ ഭീം ആപ്പ്, യെസ് പേ നെക്സ്റ്റ് എന്നീ ആപ്പുകളിലുമായിരിക്കും ആദ്യ ഘട്ടത്തില്‍ ഇവ ലഭ്യമാകുക. കൂടാതെ എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയുടെ ആപ്പുകളിലും ലഭിക്കും. തുടര്‍ന്ന് മറ്റ് ആപ്പുകളിലും ലഭ്യമാക്കാനുള്ള നടപടികളെടുക്കും.