സ്വര്‍ണം എന്ത്‌കൊണ്ട് താഴേക്ക്? ഇനി കുറയുമോ?

ഡോളര്‍ സൂചിക താഴ്ന്നതു കൊണ്ട് മാത്രമാണോ സ്വര്‍ണം മുകളില്‍ തുടരുന്നത്?

Update: 2022-07-19 07:58 GMT

സ്വര്‍ണം തുടര്‍ച്ചയായി താഴേക്ക് പോകുകയാണ്. ഇന്ന് കൊമ്മോഡിറ്റി എക്‌സ്‌ചേഞ്ചിലെ സ്വര്‍ണത്തിന്റെ സ്ഥാനം ഉയര്‍ച്ചയ്ക്കുള്ള ശ്രമത്തില്‍ നിന്ന് വീണ്ടും പരാജയപ്പെട്ടു. ആഗോള വിപണിയില്‍ 1725 ഡോളര്‍ വരെ ഉയര്‍ന്നെങ്കിലും പിടിച്ചു നില്‍ക്കാനായില്ല. ഇന്നലെ സ്വര്‍ണം ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയായ 1707-1709 ഡോളറില്‍ ക്ലോസ് ചെയ്തു.

വ്യാവസായിക ലോഹങ്ങള്‍ ഇന്നലെ നല്ല നേട്ടമുണ്ടാക്കി. ചെമ്പ് നാലര ശതമാനം കുതിച്ച് ടണ്ണിന് 7319 ഡോളറായി. അലൂമിനിയം നാലു ശതമാനത്തോളം ഉയര്‍ന്ന് 2341 -ലെത്തി. ലെഡ്, നിക്കല്‍, സിങ്ക്, ടിന്‍, ഇരുമ്പയിര് തുടങ്ങിയവയും നല്ല നേട്ടം കുറിച്ചു.
ഇന്നു രാവിലെ 1705 ഡോളറില്‍ വ്യാപാരം തുടങ്ങിയിട്ട് 1706-1708 നിലവാരത്തിലേക്കു കയറി. ഡോളര്‍ സൂചിക താഴ്ന്നതു കൊണ്ടു മാത്രമാണു സ്വര്‍ണം 1700-നു മുകളില്‍ നില്‍ക്കുന്നത് എന്നാണു സാങ്കേതിക വിശകലനക്കാര്‍ പറയുന്നത്.
സ്വര്‍ണത്തിനു കൂടുതല്‍ താഴ്ചയാണു മിക്കവരും പ്രതീക്ഷിക്കുന്നത്. പലരും അതിന് ആഗോള വിപണിയിലെ വിവിധ കാരണങ്ങളും നിരത്തുന്നുണ്ട്. ഏതായാലും ഒന്നുകൂടി താഴ്ന്ന് വിലക്കുറവില്‍ വ്യാപാരം തുടര്‍ന്നേക്കുമെന്ന അനുമാനത്തിലാണ് വിപണി വിദഗ്ധര്‍.
കേരളത്തിലെ വില
കേരളത്തില്‍ കഴിഞ്ഞ 60 ദിവസത്തെ കുറഞ്ഞ വില നിലവാരത്തിലാണ് സ്വര്‍ണവില്‍പ്പന നടക്കുന്നത്. അതേസമയം കഴിഞ്ഞ രണ്ട് ദിവസം കുറവില്‍ തുടര്‍ന്ന സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ വര്‍ധന വന്നിട്ടുണ്ട്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,040 രൂപയായി.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ ഉയര്‍ന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4,630 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 10 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3,825 രൂപയാണ്.


Tags:    

Similar News