സൊമാറ്റൊ, നൈക നിക്ഷേപകര്‍ക്ക് തിരിച്ചടി: ഓഹരി വിപണിയിലെ 12 'പുത്തന്‍ കമ്പനികള്‍' ഏറ്റവും താഴ്ന്ന നിലയില്‍
ഒരു മാസത്തിനിടെ പേടിഎമ്മിന്റെ ഓഹരി വിലയില്‍ 22 ശതമാനത്തിന്റെ ഇടിവാണുണ്ടായത്
ഇന്ന് ഓഹരി വിപണിയില്‍ സെന്‍സെക്‌സ് മൂന്ന് ശതമാനത്തോളം ഇടിഞ്ഞപ്പോള്‍ സമീപകാലത്തായി ലിസ്റ്റ് ചെയ്യപ്പെട്ട പുത്തന്‍ കമ്പനികളില്‍ പലതും നേരിടേണ്ടി വന്നത് റെക്കോര്‍ഡ് നഷ്ടം. ഓഹരി വിപണി വ്യാപാരം അവസാനിച്ചപ്പോള്‍ അടുത്തിടെ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളില്‍ 12 എണ്ണത്തിന്റെ ഓഹരി വില എല്ലാകാലത്തേയും താഴ്ന്ന നിലയിലെത്തി. വില്‍പ്പന സമ്മര്‍ദം വര്‍ധിച്ചതോടെയാണ് സൊമാറ്റൊ, നൈക, പേടിഎം, ദേവയാനി ഇന്റര്‍നാഷണല്‍ തുടങ്ങിയ 12 ഓളം കമ്പനികളുടെ ഓഹരി വില കുത്തനെ ഇടിഞ്ഞത്. സൊമാറ്റൊ 8.2 ശതമാനവും, നൈക 6.6 ശതമാനവും പേടിഎം 4.74 ശതമാനവുമാണ് ഇടിവ് നേരിട്ടത്. ഡാറ്റാ പാറ്റേണ്‍സ്, സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനി, വിജയ ഡയഗ്നോസ്റ്റിക് സെന്റര്‍, കാര്‍ട്രേഡ് ടെക്, ഡോഡ്ല ഡയറി, ഗ്ലെന്‍മാര്‍ക്ക് ലൈഫ് സയന്‍സസ്, നുവോകോ വിസ്റ്റാസ് കോര്‍പ്പറേഷന്‍, റെയില്‍ടെല്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവയുടെ ഓഹരി വിലകളില്‍ 6 ശതമാനം വരെ ഇടിവുണ്ടായി.