വീണ്ടും ഹിന്‍ഡെന്‍ബെര്‍ഗ്; അദാനിയുടെ 2,600 കോടി സ്വിസ് ബാങ്കുകാര്‍ മരവിപ്പിച്ചെന്ന് ആരോപണം, നിഷേധിച്ച് അദാനി

കള്ളപ്പണം വെളുപ്പിക്കല്‍, നിക്ഷേപങ്ങളിലെ തിരിമറി എന്നീ ആരോപണങ്ങളിലെ അന്വേഷണത്തിന്റെ ഭാഗമായി 2021ലാണ് പണം മരവിപ്പിച്ചത്

Update:2024-09-13 11:14 IST

image credit : canva facebook 

അദാനി ഗ്രൂപ്പും അമേരിക്കന്‍ ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡെന്‍ബെര്‍ഗും തമ്മിലുള്ള തര്‍ക്കം തുടരുന്നു. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി 310 മില്യന്‍ അമേരിക്കന്‍ ഡോളര്‍ (ഏകദേശം 2,600 കോടി രൂപ) സ്വിറ്റ്‌സര്‍ലാന്റ് സര്‍ക്കാര്‍ മരവിപ്പിച്ചതായി ഹിന്‍ഡെന്‍ബെര്‍ഗ് ആരോപിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍, നിക്ഷേപങ്ങളിലെ തിരിമറി എന്നീ ആരോപണങ്ങളിലെ അന്വേഷണത്തിന്റെ ഭാഗമായി 2021ലാണ് പണം മരവിപ്പിച്ചത്. സ്വിസ് ക്രിമിനല്‍ കോടതിയിലെ രേഖകളുടെ അടിസ്ഥാനത്തിലാണ് വെളിപ്പെടുത്തല്‍.
അതേസമയം, വിഷയത്തില്‍ രൂക്ഷമായ പ്രതികരണം നടത്തിയ അദാനി ഗ്രൂപ്പ് ഹിന്‍ഡെന്‍ബെര്‍ഗിന്റെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് കൂട്ടിച്ചേര്‍ത്തു. അദാനി ഗ്രൂപ്പിന് കീഴില്‍ വിദേശത്തുള്ള നിക്ഷേപങ്ങള്‍ മുഴുവനും വെളിപ്പെടുത്തിയിട്ടുള്ളതും സുതാര്യവും നിയമാനുസൃതവുമാണ്. ഗ്രൂപ്പിന് കീഴിലുള്ള ഏതെങ്കിലും കമ്പനി സ്വിറ്റ്‌സര്‍ലാന്റില്‍ നിയമനടപടി നേരിടുന്നില്ല. ഇക്കാര്യത്തില്‍ സ്വിസ് കോടതികളില്‍ നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും അദാനി ഗ്രൂപ്പ് കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ഹിന്‍ഡെന്‍ബെര്‍ഗ് പുറത്തുവിട്ട കോടതി രേഖകളില്‍ ഒരിടത്തും അദാനി ഗ്രൂപ്പിന്റെ ഏതെങ്കിലും കമ്പനിയുടെ പേര് പരാമര്‍ശിക്കുന്നില്ല. ആരോപണങ്ങള്‍ കമ്പനിയുടെ സല്‍പ്പേരിനെ കളങ്കപ്പെടുത്താനും വിപണിയില്‍ അനിശ്ചിതത്വങ്ങളുണ്ടാക്കാനാണെന്നും അദാനി ഗ്രൂപ്പ് പ്രതികരിച്ചു.

അദാനി-ഹിന്‍ഡെന്‍ബെര്‍ഗ് വീണ്ടും നേര്‍ക്കുനേര്‍

കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമമായ എക്‌സിലൂടെയാണ് അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങള്‍ ഹിന്‍ഡെന്‍ബെര്‍ഗ് പുറത്തുവിട്ടത്. മൗറീഷ്യസ്, ബെര്‍മുഡ തുടങ്ങിയ സ്ഥലങ്ങളിലെ പേപ്പര്‍ കമ്പനികളില്‍ ഗൗതം അദാനിയുടെ ബിനാമികള്‍ നിക്ഷേപം നടത്തിയത് എങ്ങനെയാണെന്ന് സ്വിസ് കോടതി രേഖകള്‍ വിശദീകരിക്കുന്നുണ്ട്. ഈ കമ്പനി ഉപയോഗിച്ചാണ് ഇന്ത്യയിലെ അദാനി ഓഹരികള്‍ വാങ്ങിക്കൂട്ടി വിപണിയില്‍ വ്യാജമായി ഡിമാന്‍ഡ് വര്‍ധിപ്പിച്ചത്. ഹിന്‍ഡെന്‍ബെര്‍ഗിന്റെ ആദ്യ ആരോപണം പുറത്തുവരുന്നതിന് മുമ്പ് തന്നെ ഇക്കാര്യത്തില്‍ അധികൃതര്‍ അന്വേഷണം തുടങ്ങിയെന്നും പോസ്റ്റില്‍ പറയുന്നു. ഗൗതം അദാനിയുടെ ഒരു ബിനാമിയുടെ പേരില്‍ അഞ്ച് സ്വിസ് ബാങ്കുകളിലുണ്ടായിരുന്ന 2,600 കോടി രൂപയുടെ നിക്ഷേപം അധികൃതര്‍ മരവിപ്പിച്ചതായും പോസ്റ്റ് തുടരുന്നു.

ആരോപണ മുനയില്‍ സെബിയും

അദാനി ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് നേരത്തെ ഓഹരി വിപണിയില്‍ ചലനങ്ങളുണ്ടാക്കിയ ഹിന്‍ഡെന്‍ബെര്‍ഗ് ഓഹരി നിയന്ത്രകരായ സെബിയ്‌ക്കെതിരെയും ആരോപണ മുന നീട്ടിയിരുന്നു. സെബി ചെയര്‍പേഴ്‌സണ്‍ മാധബി ബുച്ചും ഭര്‍ത്താവ് ധവാല്‍ ബുച്ചും അദാനി കമ്പനികള്‍ക്ക് വേണ്ടി അവിഹിത ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നും അദാനിക്കെതിരായ സെബി അന്വേഷണത്തില്‍ മാധബി ഇടപെട്ടുവെന്നും കഴിഞ്ഞ മാസം ഹിന്‍ഡെന്‍ബെര്‍ഗ് ആരോപിച്ചിരുന്നു. ഇരുവരുടെയും നിക്ഷേപങ്ങളും ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ സെബി അധ്യക്ഷയ്‌ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിരുന്നു.
Tags:    

Similar News