ശ്വാസകോശ രോഗവിദഗ്ദ്ധരുടെ ദേശീയ സമ്മേളനം വെള്ളിയാഴ്ച കൊച്ചിയില്‍
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ 25ന് വൈകുന്നേരം ആറിന് ഉദ്ഘാടനം നിര്‍വഹിക്കും
ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ബ്രോങ്കോളജി സംഘടിപ്പിക്കുന്ന ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജിയുടെ 26ാമത് ദേശീയ സമ്മേളനം 'ബ്രോങ്കോകോണ്‍ കൊച്ചി-2024' ഈ മാസം 24 മുതല്‍ 26 വരെ കൊച്ചി ലേ മെറിഡിയന്‍ ഹോട്ടലില്‍ നടക്കും. അക്കാഡമി ഓഫ് പള്‍മണറി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ (എ.പി.സി.സി.എം), കൊച്ചിന്‍ തൊറാസിക് സൊസൈറ്റി (സി.ടി.എസ്) എന്നിവയുടെ പങ്കാളിത്തവും സമ്മേളനത്തിലുണ്ടാവും.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ 25ന് വൈകുന്നേരം ആറിന് ഉദ്ഘാടനം നിര്‍വഹിക്കും. കെ.യു.എച്ച്.എസ് വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ മുഖ്യപ്രഭാഷണം നടത്തും. കൊവിഡ് ദീര്‍ഘകാല ശ്വാസകോശ സംബന്ധമായ സങ്കീര്‍ണതകള്‍ സൃഷ്ടിച്ച സാഹചര്യത്തില്‍ പുതിയ ചികിത്സാ രീതികളും സാങ്കേതിക വിദ്യകളുമായി പള്‍മനോളജി ഏറെ വികസിച്ചു. ഇതുമായി ബന്ധപ്പെട്ട നൂതന സംവിധാനങ്ങളെക്കുറിച്ചുള്ള സെഷനുകള്‍ സമ്മേളനത്തിലുണ്ടാകുമെന്ന് ഓര്‍ഗനൈസിംഗ് ചെയര്‍മാന്‍ ഡോ. നാസര്‍ യൂസഫ് പറഞ്ഞു.
ആയിരത്തിലധികം പ്രതിനിധികള്‍
ഇന്ത്യയിലും വിദേശത്തുനിന്നുമായി പള്‍മണോളജിസ്റ്റുകള്‍, ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജിസ്റ്റുകള്‍, തോറാസിക് സര്‍ജന്‍മാര്‍ എന്നിവരടങ്ങുന്ന ആയിരത്തിലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. പത്ത് അന്താരാഷ്ട്ര ഫാക്കല്‍റ്റികളും 250 ദേശീയ ഫാക്കല്‍റ്റികളും വിവിധ സെഷനുകളില്‍ സംസാരിക്കും.
ബ്രോങ്കോസ്‌കോപ്പി, തൊറാക്കോസ്‌കോപ്പി, എയര്‍വേ ഡിസോര്‍ഡേഴ്‌സ്, ട്യൂമര്‍ അബ്ലേഷന്‍, നാവിഗേഷണല്‍ ബ്രോങ്കോസ്‌കോപ്പി, എയര്‍വേ സ്റ്റെന്റുകള്‍, എന്‍ഡോബ്രോങ്കിയല്‍ അള്‍ട്രാസൗണ്ട്, ശ്വാസകോശം മാറ്റിവയ്ക്കല്‍ തുടങ്ങിയ ചികിത്സാ രീതികളില്‍ ശില്‍പശാലകളും ശാസ്ത്രീയ സെഷനുകളും ഉണ്ടാകുമെന്ന് ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. കെ. അഖിലേഷ് കൂട്ടിച്ചേര്‍ത്തു.
ഓര്‍ഗനൈസിംഗ് ചെയര്‍മാന്‍ ഡോ. നാസര്‍ യൂസഫ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ. അഖിലേഷ്, ഡോ. എ.ആര്‍. പരമേശ്, സയന്റിഫിക് കമ്മിറ്റി ചെയര്‍മാന്‍ ഡോ. റെന്നിസ് ഡേവിസ്, വര്‍ക്ക്‌ഷോപ്പ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. പ്രവീണ്‍ വത്സലന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.