ഇന്ന് നിങ്ങളറിയേണ്ട ബിസിനസ് വാര്‍ത്തകള്‍; ഫെബ്രുവരി 17, 2021
ചെറുകിട, ഇടത്തരം കമ്പനികള്‍ക്ക് 75 മില്യണ്‍ ഡോളര്‍ ധനസഹായവുമായി ഗൂഗ്ള്‍. പ്രകൃതി വാതകവും ജിഎസ്ടിയുടെ കീഴിലേക്ക് കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി. ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം 10.2 ശതമാനമായി ഉയര്‍ത്തി ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ്. സാനിറ്റൈസര്‍ വില്‍പ്പന ഇടിഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍. 20 ഭക്ഷ്യ സംസ്‌കരണ പദ്ധതികള്‍ക്ക് കേന്ദ്രാനുമതി. ലാഭമെടുക്കാന്‍ തിരക്ക്, ഓഹരി വിപണിയില്‍ ഇടിവ്. ഇന്ന് നിങ്ങളറിയേണ്ട ബിസിനസ് വാര്‍ത്തകള്‍.
ചെറുകിട, ഇടത്തരം കമ്പനികള്‍ക്ക് 75 മില്യണ്‍ ഡോളര്‍ ധനസഹായവുമായി ഗൂഗ്ള്‍
കൊറോണ വൈറസിന്റെ ആഘാതം അനുഭവിക്കുന്ന ചെറുകിട, ഇടത്തരം കമ്പനികള്‍ക്ക് 75 മില്യണ്‍ ഡോളര്‍ ധനസഹായം നല്‍കാന്‍ ഗൂഗ്ള്‍ യൂറോപ്യന്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ടും (ഇഐഎഫ്) ലാറ്റിനമേരിക്കയിലെയും ഏഷ്യയിലെയും മറ്റ് രണ്ട് ഓര്‍ഗനൈസേഷനുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ പ്രഖ്യാപിച്ച 800 മില്യണ്‍ ഡോളര്‍ സംരംഭത്തിന്റെ ഭാഗമായാണ് ഫണ്ട്. ഇന്ത്യന്‍ കമ്പനികള്‍ക്ക് 15 മില്യണ്‍ ഡോളര്‍ ലഭിക്കും.
ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം 10.2 ശതമാനമായി ഉയര്‍ത്തി ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ്
ആഗോള പ്രവചന കമ്പനിയായ ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ പ്രവചനം നേരത്തെ 8.8 ശതമാനത്തില്‍ നിന്ന് 2021 മുതല്‍ 10.2 ശതമാനം വരെ പരിഷ്‌കരിച്ചു. കോവിഡ് -19 അപകടസാധ്യതകള്‍ കുറയുകയും ധനനയ കാഴ്ചപ്പാടിലെ മാറ്റവും ചൂണ്ടിക്കാട്ടിയാണ് ഈ പരിഷ്‌കരണം.
ഇന്ത്യയില്‍ സാനിറ്റൈസര്‍ വില്‍പ്പന ഇടിഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍
ഇന്ത്യയില്‍ സാനിറ്റൈസറുകളും ഹാന്‍ഡ്വാഷുകളും വില്‍പ്പന ഇടിവ് നേരിടുന്നതായി പുതിയ പഠനം. രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലും ഇവയുടെ വില്‍പ്പന ഇടിഞ്ഞത് വിപണി വിദഗ്ധരെ ആശ്ചര്യപ്പെടുത്തുകയാണ്. ''കഴിഞ്ഞ പാദത്തില്‍ സാനിറ്റൈസര്‍മാരുമായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ പോലും മികച്ച രീതിയില്‍ മുന്നേറിയിട്ടില്ല, ''ഡാബര്‍ ചീഫ് എക്സിക്യൂട്ടീവ് മോഹിത് മല്‍ഹോത്ര വിപണിയെ വിലയിരുത്തുന്നു. ഡിസംബര്‍ പാദത്തില്‍ ഉപഭോക്തൃവസ്തുക്കളുടെ ബിസിനസ്സ് കുതിച്ചുചാട്ടം കണ്ട ഐടിസി, ത്രൈമാസ വരുമാനത്തില്‍ ബ്രാന്‍ഡഡ് സാനിറ്റൈസറുകള്‍ വില്‍പ്പനയില്‍ ഗണ്യമായ ഇടിവ് രേഖപ്പെടുത്തി.
പ്രകൃതി വാതകവും ജിഎസ്ടിയുടെ കീഴിലേക്ക് കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി
ഇന്ധനവില ഉയരുന്ന സാഹചര്യത്തില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടിയ്ക്ക് കീഴില്‍ കൊണ്ടുവരണം എന്നത് ഉപഭോക്താക്കളുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നാണ്. പെട്രോളിനും ഡീസലിനും പാചക വാതകത്തിനും ഒന്നും ഇപ്പോള്‍ കൊടുക്കുന്ന വന്‍ വില കൊടുക്കേണ്ട സാഹചര്യം അങ്ങനെയെങ്കില്‍ മാറും. പ്രകൃതി വാതകത്തെ ജിഎസ്ടിയ്ക്ക് കീഴില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഇതുവഴി പ്രകൃതി വാതകത്തിന്റെ വില കുറയുകയും രാജ്യമെമ്പാടും ഒരേ വില നടപ്പിലാവുകയും ചെയ്യും. ഇന്ത്യയിലെ ഊര്‍ജ്ജ മേഖലയില്‍ നിക്ഷേപിക്കാന്‍ ലോകത്തോട് ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. തമിഴ്നാട്ടിലെ വിവിധ എണ്ണ പ്രകൃതിവാതക പദ്ധതികള്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി തറക്കല്ലിടുകയായിരുന്നു പ്രധാനമന്ത്രി.
20 ഭക്ഷ്യ സംസ്‌കരണ പദ്ധതികള്‍ക്ക് കേന്ദ്രാനുമതി
363.4 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന 20 ഭക്ഷ്യ സംസ്‌കരണ പദ്ധതികള്‍ക്കായി അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിന് ഇന്റര്‍ മിനിസ്റ്റീരിയല്‍ അപ്രൂവല്‍ കമ്മിറ്റി (ഐഎംഎസി)യുടെ അനുമതി. 103.81 കോടി രൂപ ഗ്രാന്റോടെയാണ് പ്രധാന്‍മന്ത്രി കിസാന്‍ കിസാന്‍ സമ്പാദന യോജനയിലൂടെ സിഇഎഫ്പിപിസിക്ക് (ഭക്ഷ്യ സംസ്‌കരണത്തിന്റെയും സംരക്ഷണ ശേഷിയുടെയും സൃഷ്ടിയും വിപുലീകരണവും) കീഴില്‍ പദ്ധതികള്‍ ഒരുക്കുന്നത്. ഇതിലൂടെ 11,960 പേര്‍ക്ക് തൊഴിലവസരങ്ങളും 42,800 കര്‍ഷകര്‍ക്ക് പ്രയോജനവും ലഭിക്കും.
ദുബായ് ഡ്യൂട്ടി ഫ്രീയില്‍ വീണ്ടും കോടികള്‍ നേടി മലയാളി
ദുബായ് ഡ്യൂട്ടി ഫ്രീയില്‍ വീണ്ടും മലയാളിക്ക് ബമ്പര്‍ സമ്മാനം. ശരത് കുന്നുമ്മലാണ് ഏഴു കോടിയിലേറെ രൂപ(10 ലക്ഷം യുഎസ് ഡോളര്‍) സമ്മാനം നേടിയത്. ഫെബ്രുവരി 2ന് ഓണ്‍ലൈന്‍ വഴിയാണ് ശരത് 351 സീരീസിലുള്ള 4275 എന്ന ടിക്കറ്റ് വാങ്ങിയത്.
ആഗോള ഓഹരി വിപണികളില്‍ ഇന്ന് കാളക്കൂറ്റന് പകരം കരടികള്‍ വന്നു. അതിന്റെ പ്രതിഫലനം ഇന്ത്യന്‍ ഓഹരി വിപണിയിലുമുണ്ടായപ്പോള്‍ സെന്‍സെക്സ് താഴ്ന്നത് 400 പോയ്ന്റ്. നിഫ്റ്റി 104 പോയ്ന്റും. ലോകത്തെ പ്രമുഖ ഓഹരി വിപണികളിലെല്ലാം ലാഭമെടുക്കാന്‍ നിക്ഷേപകര്‍ തിരക്കുകൂട്ടി. ജപ്പാന്‍, തെക്കന്‍ കൊറിയ എന്നിവിടങ്ങളിലെ ഓഹരി സൂചികകള്‍ ഇടിവാണ് രേഖപ്പെടുത്തിയത്.
ജപ്പാന്‍, തെക്കന്‍ കൊറിയ എന്നിവിടങ്ങളിലെ ഓഹരി സൂചികകള്‍ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്ത്യന്‍ വിപണിയില്‍ സെന്‍സെക്സ് 400 പോയ്ന്റ്, 0.77 ശതമാനം, ഇടിഞ്ഞ് 52,000 പോയ്ന്റിന് താഴെ, 51,704ല്‍ ക്ലോസ് ചെയ്തു. എച്ച് ഡി എഫ് സി ദ്വയങ്ങള്‍ക്ക് ഇന്ന് വലിയ ഇടിവാണുണ്ടായത്.
കേരള കമ്പനികളുടെ പ്രകടനം
ഇന്ന് 14 ഓളം കേരള കമ്പനികളുടെ ഓഹരി വില ഇടിവ് രേഖപ്പെടുത്തി. കേരള ബാങ്കുകളുടെ ഓഹരികളില്‍, ധനലക്ഷ്മി ബാങ്ക് ഓഹരി വില ഇന്ന് ഏഴ് ശതമാനത്തിലേറെയാണ് വര്‍ധിച്ചത്. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വില ആറു ശതമാനത്തിലേറെ വര്‍ധിച്ചു. സിഎസ്ബി ബാങ്ക്, ഫെഡറല്‍ ബാങ്ക് ഓഹരി വിലകള്‍ ഒരു ശതമാനത്തിലേറെ കൂടി.