സ്വകാര്യ ടെലികോം കമ്പനികളേക്കാള്‍ ലാഭം; കേരളത്തില്‍ ബി.എസ്.എന്‍.എല്ലിലേക്ക് കൂടു മാറുന്നവര്‍ വര്‍ധിക്കുന്നു
മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പോര്‍ട്ട് ചെയ്തത്
സ്വകാര്യ ടെലികോം കമ്പനികള്‍ നിരക്ക് ക്രമാതീതമായി വര്‍ധിപ്പിച്ചതോടെ സാമ്പത്തിക ഭാരം സാധാരണക്കാരന് മേല്‍ കടുത്തിരിക്കുകയാണ്. ഇതോടെ സ്വകാര്യ കമ്പനികളെ വിട്ട് പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്ലിലേക്ക് പോര്‍ട്ട് ചെയ്യുന്നവര്‍ വന്‍തോതില്‍ വര്‍ധിക്കുകയാണ്. കേരളത്തിലാണ് ഈ പ്രവണത ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. ജൂലൈ 1 മുതല്‍ 17 വരെയുളള കാലയളവില്‍ ബി.എസ്.എന്‍.എല്ലിലേക്ക് മാറിയ ഉപഭോക്താക്കള്‍ 35,497 പേരാണ്.
17 ദിവസം കൊണ്ട് ബി.എസ്.എന്‍.എല്‍ വരിക്കാരുടെ എണ്ണത്തില്‍ 90 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ജൂണില്‍ ബി.എസ്.എന്‍.എല്ലിലേക്ക് പോര്‍ട്ട് ചെയ്തവരുടെ എണ്ണം 34,637 ആണ്. ജൂലൈ മാസം വെറും 17 ദിവസങ്ങള്‍ കൊണ്ടാണ് 35,000 ഓളം ആളുകള്‍ ബി.എസ്.എന്‍.എല്ലില്‍ എത്തിയത് എന്നത് ഉപഭോക്താക്കള്‍ സ്വകാര്യ ടെലികോം കമ്പനികളെ ആശ്രയിക്കുന്ന രീതിക്ക് മാറ്റം വരുന്നു എന്നതിന് തെളിവാണ്. സ്വകാര്യ ടെലികോം കമ്പനികള്‍ റീചാർജ് നിരക്കുകള്‍ 22 ശതമാനം വരെ കൂട്ടിയത് സാധാരണക്കാരന് ഇരുട്ടടിയായിരിക്കുകയാണ്.
ഒരു ലക്ഷം ടവറുകള്‍ സ്ഥാപിക്കാനൊരുങ്ങുന്നു
ഈ തരംഗം ക്രിയാത്മകമായി ഉപയോഗപ്പെടുത്താനുളള ഒരുക്കത്തിലാണ് സർക്കാർ ഉടമസ്ഥതയിലുള്ള ഏക ടെലികോം കമ്പനിയായ ബി.എസ്.എൻ.എൽ. ഡിസംബറിനകം ഒരു ലക്ഷം ടവറുകളാണ് ഇന്ത്യയില്‍ കമ്പനി സ്ഥാപിക്കാനൊരുങ്ങുന്നത്. 4ജി നല്‍കുന്ന ടവര്‍ ഉപയോഗിച്ചു തന്നെ 5ജിയിലേക്ക് മാറാം എന്നതുകൊണ്ട് അതിവേഗ ഇന്റര്‍നെറ്റ് ലഭിക്കുന്നില്ല പരാതികള്‍ മറികടക്കാന്‍ കഴിയുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. കൂടുതല്‍ ടവറുകള്‍ സ്ഥാപിക്കുന്നതോടെ കമ്പനിക്ക് കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാന്‍ സാധിക്കും.
ഏറ്റവും കുറഞ്ഞ പ്ലാനിന് 108 രൂപ
സംസ്ഥാനത്ത് മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ബി.എസ്.എന്‍.എല്ലിലേക്ക് പോര്‍ട്ട് ചെയ്തത്. രണ്ടാമത് കോഴിക്കോടാണ്. 2 ജിബി പ്രതിദിന ഇന്റര്‍നെറ്റ് വാഗ്ദാനം ചെയ്യുന്ന എയര്‍ടെല്‍, ജിയോ കമ്പനികളുടെ വാര്‍ഷിക പ്ലാന്‍ 3,599 രൂപയാണ്. അതേസമയം 395 ദിവസത്തേക്കുളള ബി.എസ്.എന്‍.എല്‍ പ്ലാനിന് 2,395 രൂപ മാത്രമാണ് ഉളളത്. ഒരു വര്‍ഷം ഉപഭോക്താവ് ചെലവഴിക്കുന്ന തുകയില്‍ ഏകദേശം 1,200 രൂപയുടെ ലാഭമാണ് ലഭിക്കുന്നത്. 28 ദിവസം കാലാവധിയുളള ഏറ്റവും കുറഞ്ഞ പ്ലാന്‍ എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ എന്നിവര്‍ വാഗ്ദാനം ചെയ്യുന്നത് 199 രൂപയ്ക്കും ജിയോ 189 രൂപയ്ക്കുമാണ്. ബി.എസ്.എന്‍.എല്ലിന്റെ ഏറ്റവും കുറഞ്ഞ പ്ലാന്‍ തുടങ്ങുന്നത് 108 രൂപയ്ക്കാണ് എന്നതും ശ്രദ്ധേയമാണ്.
സമ്മാന പദ്ധതികളും ലഭ്യമാക്കുന്നു
26,316 കോടി രൂപ മുടക്കി 24,680 ഗ്രാമങ്ങളില്‍ 4ജി സേവനം എത്തിക്കുന്ന പ്രത്യേക പദ്ധതിക്കും കമ്പനി തുടക്കമിട്ടുകഴിഞ്ഞു. ഗ്രാമപ്രദേശങ്ങളില്‍ 1000 4ജി സൈറ്റുകളാണ് ബി.എസ്.എന്‍.എല്‍ ഇതിനകം സ്ഥാപിച്ചത്. കൂടാതെ തിരഞ്ഞെടുത്ത റീചാര്‍ജ് പ്ലാനുകളില്‍ ബി.എസ്.എൻ.എല്‍ വരിക്കാരില്‍ ഭാഗ്യശാലികളായിട്ടുള്ളവർക്ക് പ്രതിമാസം ഒരു ലക്ഷം രൂപയുടെ വരെ സമ്മാനം ലഭ്യമാക്കുന്ന പദ്ധതിയും ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.