2024-10-03 04:18 GMT
പാക്കറ്റുകളില്‍ ഇനി ഇക്കോമാര്‍ക്ക്
പരിസ്ഥിതിക്ക് ഇണങ്ങുന്ന ഉല്‍പന്നങ്ങള്‍ പ്രോത്‌സാഹിപ്പിക്കാന്‍ വിവിധ ഉല്‍പന്നങ്ങളില്‍ ഇക്കോമാര്‍ക്ക് ലേബല്‍ പതിപ്പിക്കുന്ന രീതി കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ വിശദമായ ചട്ടങ്ങള്‍ പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കി. ഭക്ഷണ സാധനങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, സോപ്പ്, അലക്കുപൊടി, പെയിന്റ് തുടങ്ങിയവയില്‍ ഇക്കോമാര്‍ക്ക് വരും.
2024-10-03 04:10 GMT
കൊല്ലം-കോട്ടയം-എറണാകുളം മെമു 7 മുതല്‍
കൊല്ലം-എറണാകുളം പാതയില്‍ കോട്ടയം വഴി പുതിയ മെമു ട്രെയിന്‍ സര്‍വീസ് ഒക്‌ടോബര്‍ ഏഴു മുതല്‍. തിങ്കള്‍ മുതല്‍ വെള്ളി വരെയാണ് സര്‍വീസ്. രാവിലെ 6.15ന് കൊല്ലത്തു നിന്ന് പുറപ്പെട്ട് 9.35ന് എറണാകുളം സൗത്ത് സ്‌റ്റേഷനില്‍. 9.50ന് കൊല്ലത്തേക്ക് തിരിക്കും.
2024-10-01 12:14 GMT
ഓഹരി വിപണിക്ക് നാളെ അവധി
ഗാന്ധി ജയന്തി പ്രമാണിച്ച് ഇന്ത്യന്‍ ഓഹരി വിപണികളായ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിനും (ബി.എസ്.ഇ) നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിനും (എന്‍.എസ്.ഇ) ബുധനാഴ്ച അവധി. കമോഡിറ്റി, ഡെറിവേറ്റീവ്‌സ് വ്യാപാരങ്ങള്‍ക്കും അവധി ബാധകമാണ്.
2024-10-01 11:35 GMT
പ്രമുഖ വ്യവസായിയെ കബളിപ്പിച്ച് സൈബര്‍ കുറ്റവാളികള്‍ ഏഴു കോടി തട്ടി
പദ്മഭൂഷണ്‍ നേടിയ പ്രമുഖ വ്യവസായിയും വര്‍ധമാന്‍ ഗ്രൂപ്പ് ചെയര്‍മാനുമായ എസ്.പി ഓസ്‌വാളിനെ കബളിപ്പിച്ച് സൈബര്‍ കുറ്റവാളികള്‍ ഏഴു കോടി രൂപ തട്ടി. 'കള്ളപ്പണ കേസി'ല്‍ സുപ്രീംകോടതിയുടെ വ്യാജമായ വാദംകേള്‍ക്കല്‍ തന്നെ ഓണ്‍ലൈനില്‍ സംഘടിപ്പിച്ചും 'ഡിജിറ്റല്‍ അറസ്റ്റ്' നടത്തിയുമാണ് 82-കാരനില്‍ നിന്ന് തുക തട്ടിയത്. തികച്ചും നാടകീയമായ സംഭവവികാസങ്ങള്‍ക്കൊടുവില്‍ അഞ്ചു കോടി രൂപ ചണ്ഡീഗഡ് പൊലീസ് വീണ്ടെടുത്തു.
2024-10-01 10:16 GMT
ഡെലിവറി ഏജന്റിനെ കൊന്ന് ഒന്നര ലക്ഷത്തിന്റെ ഫോണ്‍ കൈക്കലാക്കി
ഡെലിവറി ഏജന്റുമാര്‍ ജാഗ്രത പാലിക്കാന്‍ ഒരു വാര്‍ത്തയുണ്ട് ഉത്തര്‍പ്രദേശിലെ ലഖ്‌നോവില്‍ നിന്ന്. ഒന്നര ലക്ഷം രൂപ വില വരുന്ന ഐ-ഫോണ്‍ ഒരാള്‍ കാഷ് ഓണ്‍ ഡെലിവറിയായി ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നു. അതുമായി ഫ്‌ളിപ് കാര്‍ട്ട് ഡലിവറി ഏജന്റ് എത്തിയപ്പോള്‍ അയാളെ കൊലപ്പെടുത്തി ഫോണ്‍ കൈക്കലാക്കുന്നു. മൃതദേഹം കനാലില്‍ എറിഞ്ഞു. ഡലിവറി ഏജന്റിനെ രണ്ടു ദിവസമായി കാണാതെ വന്നതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് വിവരം പുറം ലോകം അറിഞ്ഞത്.
2024-10-01 09:54 GMT
സ്വര്‍ണ പണയക്കാരുടെ ചെവിക്കു പിടിച്ച് റിസര്‍വ് ബാങ്ക്
സ്വര്‍ണ പണയ വായ്പ നല്‍കുന്ന ബാങ്കുകളും ഇതര ധനകാര്യ സ്ഥാപനങ്ങളും മാര്‍ഗനിര്‍ദേശം വേണ്ടവിധം പാലിക്കുന്നില്ലെന്ന് റിസര്‍വ് ബാങ്ക്. മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും നടപടിക്രമങ്ങളിലെ പൊരുത്തക്കേട് പരിശോധിച്ച് തിരുത്തണമെന്നും നിര്‍ദേശിച്ചിരിക്കുകയാണ് റിസര്‍വ് ബാങ്ക്. പണയത്തിന് എടുക്കുന്ന സ്വര്‍ണത്തിന്റെ മൂല്യ നിര്‍ണയം, വായ്പ തുക, സര്‍ണപണയ ലേലം തുടങ്ങിയ വിഷയങ്ങളിലാണ് റിസര്‍വ് ബാങ്കിന്റെ അതൃപ്തി. ഇത് ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ എത്രത്തോളം ബാധിക്കുമെന്ന ആശങ്ക ഓഹരി വിപണിയില്‍ പ്രതിഫലിച്ചു. മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിനാന്‍സ് തുടങ്ങിയവയുടെ ഓഹരി വില ഇടിഞ്ഞു.
2024-10-01 09:19 GMT
ഐ.ടി വിദ്യാര്‍ഥികള്‍ക്ക് നല്ല കാലം
ഐ.ടി വിദ്യാര്‍ഥികള്‍ക്ക് സന്തോഷ വാര്‍ത്ത. ഇന്ത്യയിലെ പ്രമുഖ ഐ.ടി കമ്പനികളുടെ നടപ്പു സാമ്പത്തിക വര്‍ഷത്തെ റിക്രൂട്ട്‌മെന്റ് ഇരട്ടിയാകുമെന്ന് സൂചന. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് ഭിന്നമായി ടി.സി.എസ്, ഇന്‍ഫോസിസ്, വിപ്രോ തുടങ്ങിയവ കാമ്പസ് റിക്രൂട്ട്‌മെന്റ് ഊര്‍ജിതമായി നടത്തുന്നുണ്ട്. അടുത്ത മാര്‍ച്ചിനു മുമ്പ് ഒന്നര ലക്ഷത്തിലേറെ പേര്‍ക്ക് എന്‍ട്രി ലെവല്‍ കടക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാങ്കിങ്, ഇന്‍ഷുറന്‍സ്, ധനകാര്യ സേവന മേലഖയിലെ ഉണര്‍വ് ഇതിന് സഹായകമാവും.
2024-10-01 07:23 GMT
നിര്‍മാണ മേഖല ഇടിവില്‍
ഇന്ത്യയില്‍ നിര്‍മാണ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ എട്ടു മാസത്തെ താഴ്ന്ന നിരക്കില്‍. സെപ്തംബറിലെ കണക്കു പ്രകാരമാണിത്. കയറ്റുമതി ഓര്‍ഡറുകളില്‍ നേരിയ വര്‍ധനവുണ്ട്.
2024-10-01 07:08 GMT
പ്രതിദിന യു.പി.ഐ ഇടപാട് ₹ 68,800 കോടി
നാഷണല്‍ പേമെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ മേല്‍നോട്ടത്തിലുള്ള യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ് (യു.പി.ഐ) സംവിധാനത്തില്‍ പ്രതിദിന ഇടപാടുകള്‍ 50 കോടി കവിഞ്ഞു. സെപ്തംബറിലെ കണക്കു പ്രകാരമാണിത്. തുടര്‍ച്ചയായ അഞ്ചാം മാസവും യു.പി.ഐ ഇടപാടുകള്‍ 20 ലക്ഷം കോടിയുടേതാണ്. പ്രതിദിനം 68,800 കോടിയുടെ ഇടപാട്. ഇതില്‍ ഫാസ്ടാഗ് ഇടപാടുകള്‍ 187 കോടി രൂപയുടേതാണ്.
2024-10-01 06:20 GMT
വില്‍പ്പന സമ്മര്‍ദ്ദത്തിലും സൂചികകള്‍ക്ക് ഉയര്‍ച്ച, റിലയന്‍സ് പവറും സീയും കുതിക്കുന്നു
വിപണി ഇന്നു ചെറിയ ഉയര്‍ച്ചയോടെ വ്യാപാരം തുടങ്ങിയിട്ട് കുറേക്കൂടി ഉയര്‍ന്നു. പിന്നീട് വില്‍പന സമ്മര്‍ദത്തില്‍ അല്‍പം താഴ്ന്നു. നിഫ്റ്റി 25,907.60 വരെയും സെന്‍സെക്‌സ് 84,648.40 വരെയും കയറിയിട്ടാണു താഴ്ന്നത്.