'അദൃശ്യ' എതിരാളിയെ കോണ്‍ഗ്രസ് ഗൗനിച്ചില്ല; ബി.ജെ.പി ചക്രവ്യൂഹത്തില്‍ ഹരിയാന ഞെട്ടിച്ചതെങ്ങനെ?

ബി.ജെ.പി തകര്‍ന്നു നിന്ന സമയത്താണ് പ്രചരണത്തിന്റെ കടിഞ്ഞാണ്‍ മാതൃസംഘടന ഏറ്റെടുക്കുന്നത്, ഹരിയാനയുടെ വിധി മാറ്റിയ ഘടകങ്ങള്‍ ഇതൊക്കെ

Update:2024-10-08 14:18 IST
കോണ്‍ഗ്രസ് നേതൃത്വം ഞെട്ടലിലാണ്. സ്വപ്‌നത്തില്‍ പോലും ഹരിയാനയിലൊരു തിരിച്ചടി ഹൈക്കമാന്‍ഡ് പ്രതീക്ഷിച്ചിരുന്നില്ല. കുമാരി ഷെല്‍ജയെന്ന ദളിത് നേതാവിനെ സൈഡിലേക്ക് മാറ്റിനിര്‍ത്താന്‍ ഭൂപീന്ദര്‍ ഹൂഡയെന്ന അതികായന്‍ തീരുമാനിച്ചപ്പോള്‍ ഹൈക്കമാന്‍ഡ് എതിര്‍ക്കാത്തതിന് കാരണവും മറ്റൊന്നല്ല. ഫലപ്രഖ്യാപനം അന്തിമഘട്ടത്തിലെത്തി നില്‍ക്കേ ബി.ജെ.പി ഹാട്രിക്കിലേക്ക് പടികയറുമ്പോള്‍ രാഷ്ട്രീയ നിരീക്ഷകര്‍ പോലും അമ്പരപ്പിലാണ്. എവിടെയാണ് കോണ്‍ഗ്രസിന് പിഴച്ചതും ബി.ജെ.പിയുടെ തന്ത്രങ്ങള്‍ ഫലംകണ്ടതും?

ആര്‍.എസ്.എസ് ഇടപെടല്‍

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കായി കാര്യമായി പണിയെടുക്കാന്‍ അടിത്തട്ടില്‍ ആര്‍.എസ്.എസ് തയാറായിരുന്നില്ല. സംഘടനയ്ക്ക് മുകളിലേക്ക് നരേന്ദ്ര മോദി വളരുന്നുവെന്ന തോന്നലും ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നഡ്ഡയുടെ പരാമര്‍ശങ്ങളുമാണ് ആര്‍.എസ്.എസിനെ പിന്നോട്ടു വലിച്ചത്. ബി.ജെ.പിക്ക് വളരാന്‍ ആര്‍.എസ്.എസ് പിന്തുണ വേണ്ടെന്ന നഡ്ഡയുടെ പ്രതികരണം കേഡര്‍മാരില്‍ വലിയ അമര്‍ഷം ഉടലെടുക്കുന്നതിന് കാരണമായി. ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഒതുക്കുന്നുവെന്ന ആരോപണം ഉയര്‍ന്നതും ആര്‍.എസ്.എസിന്റെ നിസഹകരണത്തിന് വഴിയൊരുക്കി.
മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ആര്‍.എസ്.എസുമായുള്ള ബന്ധം പഴയപടി ഊഷ്മളമാക്കുന്നതിനാണ് ബി.ജെ.പി നേതൃത്വം ശ്രമിച്ചത്. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആര്‍.എസ്.എസില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി പുനസ്ഥാപിച്ചതടക്കമുള്ള തീരുമാനങ്ങള്‍ ഇരുകൂട്ടരും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിന് സഹായിച്ചു.
ഹരിയാനയില്‍ തകര്‍ന്നു തരിപ്പണമാകുമെന്ന് തോന്നിച്ചിടത്തു നിന്നും ബി.ജെ.പിയെ തിരികെയെത്തിച്ചതില്‍ ആര്‍.എസ്.എസിന്റെ ഇടപെടല്‍ നിര്‍ണായകമായിരുന്നു. അടിത്തട്ടില്‍ കൃത്യമായി കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ സംഘടനയ്ക്ക് സാധിച്ചെന്ന് 'ദി പ്രിന്റില്‍' എഴുതിയ ലേഖനത്തില്‍ സന്യ ദിന്‍ഗ്ര പറഞ്ഞുവയ്ക്കുന്നു. പുറമെയുള്ള ഓളത്തിനപ്പുറം ഓരോ വോട്ടറെയും കൃത്യമായി വിലയിരുത്തി വോട്ട് ഉറപ്പിക്കുന്ന ആര്‍.എസ്.എസ് രീതി കോണ്‍ഗ്രസ് ശ്രദ്ധിച്ചതേയില്ല. ടിക്കറ്റ് വിതരണത്തില്‍ ഉള്‍പ്പെടെ ആര്‍.എസ്.എസിന്റെ കൃത്യമായ ഇടപെടലും ഉണ്ടായി. ഇതെല്ലാം അവസാനഘട്ടത്തില്‍ അതിനിര്‍ണായകമായി മാറുകയും ചെയ്തു.

കോണ്‍ഗ്രസിന്റെ ജാട്ട് പ്രേമം 

ജാട്ടുകളാണ് ഹരിയാനയിലെ ജാതിവിഭാഗങ്ങളില്‍ മുന്നിലുള്ളത്. കര്‍ഷക സമരത്തില്‍ ഉള്‍പ്പെടെ ജാട്ടുകള്‍ ബി.ജെ.പിക്ക് എതിരായിരുന്നു. ഈ വിഭാഗത്തിന് സീറ്റുകള്‍ വാരിക്കോരി അവരെ തൃപ്തിപ്പെടുത്താനായിരുന്നു കോണ്‍ഗ്രസ് ശ്രമിച്ചത്. മുഖ്യമന്ത്രിയാകുമെന്ന് കരുതിയിരുന്ന ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ ആധിപത്യമാണ് കോണ്‍ഗ്രസിലെന്ന ധ്വനി പുറത്തു പടരാന്‍ ഇതുവഴിയൊരുക്കി.
ഹൂഡ മുഖ്യമന്ത്രിയായാല്‍ തങ്ങള്‍ അവഗണിക്കപ്പെട്ടേക്കുമെന്ന പ്രതീതി പലപ്പോഴും ഇതര ജാതിവിഭാഗങ്ങളില്‍ ഇടലെടുത്തത് കോണ്‍ഗ്രസ് നേതൃത്വം അറിഞ്ഞില്ല. പാര്‍ട്ടിയിലെ ദളിത് മുഖമായ കുമാരി ഷെല്‍ജയെ ഒതുക്കാനുള്ള ഹൂഡ ക്യാംപിന്റെ നീക്കം പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്. മറ്റ് വിഭാഗങ്ങളിലേക്ക് കോണ്‍ഗ്രസ് അറിയാതെ അതൃപ്തി പടര്‍ന്നു കയറിയത് കൃത്യമായി മുതലാക്കാന്‍ ബി.ജെ.പിക്കായി.
മറുവശത്ത് ഒ.ബി.സി വിഭാഗക്കാരനായ നയാബ് സിംഗ് സൈനിയെ മുഖ്യമന്ത്രിയാക്കാന്‍ ബി.ജെ.പി കേന്ദ്രനേതൃത്വം തീരുമാനിച്ചത് പ്രവര്‍ത്തകരിലടക്കം ആവേശം നിറച്ചിരുന്നു. മനോഹര്‍ലാല്‍ ഖട്ടാറിന്റെ തണുപ്പന്‍ മട്ടായിരുന്നില്ല സൈനിയുടേത്. കൂടുതല്‍ ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിച്ച സൈനി മധ്യപ്രദേശില്‍ ശിവ്‌രാജ് സിംഗ് ചൗഹാന്‍ നടപ്പിലാക്കിയ ജനപ്രിയ പദ്ധതികള്‍ ജനങ്ങളിലേക്കെത്തിച്ചു. അവസാന ഘട്ടത്തില്‍ നിരവധി ജനക്ഷേമ പദ്ധതികള്‍ പ്രഖ്യാപിക്കാനും നടപ്പിലാക്കാനും സൈനിക്ക് സാധിച്ചിരുന്നു. ഇത് സാധാരണക്കാരായ വോട്ടര്‍മാരെ സ്വാധീനിച്ചു.

ഹൂഡയുടെ അമിത ആത്മവിശ്വാസം

ഭരണവിരുദ്ധ തരംഗം കൊണ്ട് മാത്രം അധികാരം പിടിക്കാമെന്നായിരുന്നു കോണ്‍ഗ്രസ് ക്യാംപ് കരുതിയിരുന്നത്. മാധ്യമങ്ങളിലടക്കം വലിയ വിജയം കോണ്‍ഗ്രസിന് പ്രവചിക്കപ്പെട്ടത് അണികളെയും ആലസ്യത്തിലാഴ്ത്തി. താഴേത്തട്ടില്‍ പാര്‍ട്ടിയുടെ കരുത്ത് കുറവാണെന്ന കാര്യം കോണ്‍ഗ്രസ് നേതൃത്വം കാര്യമായെടുത്തതുമില്ല. ഹൂഡയുടെ തീരുമാനങ്ങളെ പിന്തുണയ്ക്കുകയെന്ന മനോഭാവത്തിലേക്ക് ഹൈക്കമാന്‍ഡ് മാറുന്നുവെന്ന ഷെല്‍ജ ക്യാംപിന്റെ പരാതിക്ക് ചെവികൊടുക്കാന്‍ രാഹുല്‍ ഗാന്ധിയോ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോ തയാറായതുമില്ല. എളുപ്പത്തില്‍ ജയിച്ചു കയറുമെന്ന് തോന്നിച്ചിടത്തെ അപ്രതീക്ഷിത വീഴ്ച്ച മഹാരാഷ്ട്രയില്‍ അടക്കം നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് ഊര്‍ജ്ജവും കോണ്‍ഗ്രസിന് ക്ഷീണവും സമ്മാനിക്കും.
Tags:    

Similar News