വിമാനങ്ങളില്‍ ഇക്കണോമി ടിക്കറ്റ് ബുക്കിങ്ങിന് പല കെണികള്‍
ഉയര്‍ന്ന യാത്രാ നിരക്ക് നല്‍കാന്‍ യാത്രക്കാരനെ പ്രേരിപ്പിക്കുന്നു
കുറഞ്ഞ നിരക്കില്‍ നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്യാനുളള സൗകര്യം തേടി ഉപഭോക്താവ് വിമാന കമ്പനികളുടെ വെബ്സൈറ്റുകളില്‍ പ്രവേശിച്ചാല്‍ ഉയര്‍ന്ന നിരക്ക് നല്‍കേണ്ട കൂടുതല്‍ ഓഫറുകളുളള സീറ്റുകളിലേക്ക് കമ്പനികള്‍ യാത്രക്കാരനെ കൊണ്ടുപോകുന്ന പ്രവണത വര്‍ധിച്ചു വരികയാണ്. ഇക്കണോമി ക്ലാസ് ബുക്കിങ്ങിനായി ഒരു ഉപഭോക്താവ് ഓണ്‍ലൈനില്‍ പ്രവേശിക്കുമ്പോള്‍ ഒട്ടേറെ ചോദ്യങ്ങളാണ് നേരിടേണ്ടി വരുന്നത്. കാലുകള്‍ നീട്ടിവെച്ച് ഇരിക്കാന്‍ സാധിക്കുന്ന കൂടുതല്‍ സൗകര്യപ്രദമായ സീറ്റ് ആവശ്യമാണോ, കൂടുതല്‍ ബാഗുകള്‍ കൊണ്ടു പോകുന്നതിനുളള സൗകര്യങ്ങള്‍ ആവശ്യമാണോ തുടങ്ങിയ പല ചോദ്യങ്ങളാണ് ഉപഭോക്താവിനെ തേടിയെത്തുക.
ഉയര്‍ന്ന നിരക്കിലേക്ക് യാത്രക്കാരനെ മാറ്റുന്ന തന്ത്രങ്ങളുമായി കമ്പനികള്‍
മാത്രമല്ല, യാത്ര ചെയ്യേണ്ട തീയതി എത്തുന്നതോടെ കമ്പനികള്‍ കൂടുതല്‍ ഓഫറുകള്‍ ഉപഭോക്താവിനോട് ആരായുന്നു. യാത്രാ നിരക്ക് കൂടുതല്‍ നല്‍കാന്‍ ഉപഭോക്താവിനെ പ്രേരിപ്പിക്കുന്ന തരത്തിലാണ് വിമാന കമ്പനികളുടെ വിപണന തന്ത്രങ്ങള്‍. കൂടുതല്‍ സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്ത് യാത്രക്കാരില്‍ നിന്ന് കൂടുതല്‍ പണം നേടുന്ന തന്ത്രങ്ങളാണ് കമ്പനികള്‍ പയറ്റുന്നത്.
ആഭ്യന്തര യാത്രക്കാര്‍ കൂടുതലായും ആശ്രയിക്കുന്ന കമ്പനികളായ ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും ഒട്ടേറെ വ്യത്യസ്ത യാത്രാ നിരക്കുകളാണ് വാഗ്ദാനം ചെയ്യുന്നത്. അടിസ്ഥാന നിരക്കുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ടിക്കറ്റ് റദ്ദ് ചെയ്യുന്നതിനും യാത്രാ തീയതി മാറ്റുന്നതിനും ഉയര്‍ന്ന തുക ഈടാക്കുന്നതായും പരാതികളുണ്ട്. ഓഫറുകള്‍ അടക്കം ഉയര്‍ന്ന ടിക്കറ്റ് നിരക്കിലേക്ക് മാറാന്‍ ആളുകള്‍ നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യവും ഉണ്ടാകുന്നു.
ഇന്ത്യയിലെ വ്യോമ ഗതാഗതത്തിന്റെ 78 ശതമാനവും നോ-ഫ്രിൽസ് എയർലൈനുകൾ
കുറഞ്ഞ നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന എയർലൈനുകളെയാണ് നോ-ഫ്രിൽസ് എയർലൈനുകൾ എന്നു പറയുന്നിത്. കോംപ്ലിമെന്ററി ഭക്ഷണം, വിമാനത്തിനുള്ളിലെ വിനോദ സംവിധാനങ്ങൾ, മികച്ച ഇരിപ്പിടങ്ങൾ എന്നിവ പോലുള്ള എല്ലാ സേവനങ്ങളും ഒഴിവാക്കിയുളളതാണ് ഇത്തരം വിമാനങ്ങള്‍.
ഇന്ത്യയിലെ വ്യോമ ഗതാഗതത്തിന്റെ 78 ശതമാനവും കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്യുന്ന ആഭ്യന്തര വിമാന കമ്പനികളാണ് കൈയടക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ചൈന, അമേരിക്ക എന്നിവിടങ്ങളില്‍ 13 ശതമാനവും 36 ശതമാനവുമാണ് വ്യോമ ഗതാഗതത്തില്‍ നോ-ഫ്രിൽസ് എയർലൈനുകൾക്ക് പങ്കുളളത്. ചൈനയില്‍ 86 ശതമാനവും യു.എസില്‍ 63 ശതമാനവും മികച്ച സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്.