ഈ വര്‍ഷം മസ്‌കിൻ്റേത്; ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍

കൊവിഡ് വാക്‌സിന്‍ വികസിപ്പിച്ച ഗവേഷകരാണ് ഹീറോസ് ഓഫ് ദി ഇയര്‍.

Update:2021-12-14 10:43 IST

ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ 2021 ആയി ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിനെ തെരഞ്ഞെടുത്തു. ഈ വര്‍ഷം ഏറ്റവും അധികം തവണ വാര്‍ത്തകളില്‍ നിറഞ്ഞ പേരുകളിലൊന്നാണ് ഇലോണ്‍ മസ്‌കിൻ്റേത്. അദ്ദേഹത്തിൻ്റെ ഉടമസ്ഥതയിലുള്ള സ്‌പെയ്‌സ് എക്‌സ് സാധാരണക്കാരെ മാത്രം ഉള്‍ക്കൊള്ളിച്ച് ബഹിരാകാശ യാത്ര നടത്തിയതും ലോകത്തെ ഏറ്റവും മൂല്യമുള്ള കാര്‍ കമ്പനിയായി ടെസ്‌ല മാറിയതും എല്ലാം 2021ല്‍ ആണ്.

ബ്രെയ്ന്‍ ചിപ്പ് സ്റ്റാര്‍ട്ടപ്പ് ആയ ന്യൂറാലിങ്ക്, ദി ബോറിംഗ് കമ്പനി എന്നിവയും മസ്‌കിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളാണ്. ചൊവ്വയെക്കുറിച്ച് സ്വപ്‌നം കണ്ട് ഭൂമിയില്‍ ജീവിക്കുന്നയാള്‍ എന്നാണ് ടൈം മസ്‌കിനെ വിശേഷിപ്പിച്ചത്. ഭൂമിയിലെ പോലെ ഭൂമിക്ക് പുറത്തും ഇത്രയേറെ സ്വാധീനം ചെലുത്തിയ വ്യക്തികള്‍ ചുരുക്കമാണെന്ന് ടൈം എഡിറ്റര്‍ ഇന്‍-ചീഫ് എഡ്വാര്‍ഡ് ഫെല്‍സെന്താല്‍ പറഞ്ഞു. വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന അല്ലെങ്കില്‍ മനുഷ്യ ജീവിതത്തെ നല്ലതോ മോശമോ ആയ രീതിയില്‍ ഏറ്റവും അധികം സ്വാധീനിച്ച വ്യക്തിയെ ആണ് ടൈം പേഴ്‌സണ്‍ ഓഫ് ദി ഇയറായി തെരഞ്ഞെടുക്കുന്നത്.
പോപ് ഗായിക ഒലിവിയ റോഡ്രിഗസ് ആണ് 2021ലെ എൻ്റെര്‍ടെയ്‌നര്‍ ഓഫ് ദി ഇയര്‍. അമേരിക്കന്‍ ജിംമ്‌നാസ്റ്റ് സിമോണ ബൈല്‍സിനെ അത്‌ലറ്റ് ഓഫ് ദി ഇയറായും തെരഞ്ഞെടുത്തു. കൊവിഡ് വാക്‌സിന്‍ വികസിപ്പിച്ച ഗവേഷകരാണ് ഹീറോസ് ഓഫ് ദി ഇയര്‍. 1927 മുതലാണ് ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നല്‍കാന്‍ ആരംഭിച്ചത്.


Tags:    

Similar News